വിവാഹദിവസം സദ്യയൊരുക്കാതെ പാചകക്കാരന്‍ മുങ്ങി; വധുവിന്റെ വീട്ടുകാര്‍ ബോധംകെട്ടു വീണു; കൊച്ചിയിലെ വിവാഹഹാളില്‍ സംഭവിച്ചത്

കൊച്ചി: സദ്യയൊരുക്കാതെ കല്യാണ വീട്ടില്‍ നിന്നും മുങ്ങിയ പാചകക്കാരനെതിരെ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടിയുടെ വീട്ടുകാര്‍. കൊച്ചി പനങ്ങാടാണ് വധുവിന്റെ വീട്ടുകാര്‍ക്ക് ആവോളം മാനഹാനി സമ്മാനിച്ച സംഭവം നടന്നത്.

900 പേര്‍ക്കുള്ള സദ്യയാണ് വധുവിന്റെ കുടുംബം ഏര്‍പ്പാടാക്കിയത്. അതിഥികള്‍ക്ക് സദ്യവട്ടമൊരുക്കാന്‍ പാചകക്കാരന് അമ്പതിനായിരം രൂപ അഡ്വാന്‍സും നല്‍കി. കടവന്ത്രയിലെ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. തുടര്‍ന്ന് പനങ്ങാട്ടെ ഹാളില്‍ സല്‍ക്കാരം. കെട്ട് കഴിഞ്ഞ് വധൂവരന്‍മാര്‍ ഉള്‍പ്പടെ ഹാളിലെത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്.

കലവറക്കാരുടെ പൊടിപോലുമില്ല. സദ്യക്കായി പച്ചക്കറികളെല്ലാം അരിഞ്ഞു വെച്ചിരിക്കുന്നു എന്നല്ലാതെ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഹാളിലെ ജീവനക്കാരെ വിളിച്ചന്വേഷിച്ചപ്പോള്‍ ഉടമസ്ഥനില്‍ നിന്നു നിര്‍ദേശം കിട്ടാത്തതിനാല്‍ ഒന്നും ചെയ്തില്ല എന്ന് മറുപടി.

പാചകക്കാരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതോടെ വധുവിന്റെ വീട്ടുകാര്‍ ബോധം കെട്ടു. പിന്നൊന്നും നോക്കിയില്ല. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

ഒരു നിമിഷം പോലും പാഴാക്കാതെ പ്രദേശത്തെ കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞ് ഉച്ചഭക്ഷണമെത്തിച്ചു. സദ്യ പ്രതീക്ഷിച്ചെത്തിയവര്‍ക്ക് കിട്ടിയത് ചിക്കന്‍ ബിരിയാണി.

വരന്റെ വീട്ടുകാര്‍ യാഥാര്‍ഥ്യം മനസ്സിലാക്കിയിരുന്നതിനാല്‍ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ച് ചടങ്ങ് മംഗളകരമാക്കി. പക്ഷേ തങ്ങള്‍ക്കുണ്ടായ മാനഹാനിക്കും ധനനഷ്ടത്തിനും നടപടിയുണ്ടാകണമെന്ന ഉറച്ച നിലപാടിലാണ് വധൂഗൃഹക്കാര്‍.

പാചകക്കാരനില്‍ നിന്ന് 10 ലക്ഷം രൂപ നഷ്ട പരിഹാരമാവശ്യപ്പെട്ട് പനങ്ങാട് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് വീട്ടുകാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News