കയ്യാങ്കളിയില്‍ ബാ‍ഴ്സയ്ക്കും റയലിനും സമനില; മെസിക്ക് മഞ്ഞക്കാര്‍ഡ്; റൊണാല്‍ഡോയ്ക്ക് പരുക്ക്

സ്പാനിഷ് ലാലിഗയില്‍ ബാ‍ഴ്സലോണയുടെ അപരാജിത കുതിപ്പ് തടയാന്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിന് ക‍ഴിഞ്ഞില്ല. സൂപ്പര്‍ താരം ലയണല്‍ മെസിയുള്‍പ്പെടെയുള്ളവര്‍ മഞ്ഞക്കാര്‍ഡ് കണ്ട മത്സരം സമനിലയില്‍ പിരിഞ്ഞു. ബാ‍ഴ്സ താരം ആന്ദ്രെ ഇനിയേസ്റ്റയുടെ അവസാന എല്‍ ക്ലാസിക്കോ.

മത്സരത്തില്‍ ഇരു ടീമുകളും ഈരണ്ട് ഗോളുകള്‍ വീതം നേടി.

ലയണൽ മെസ്സി മറിച്ചു നൽകിയ പാസിൽനിന്ന് ലൂയി സ്വാരെസ് പത്താം മിനിറ്റിൽത്തന്നെ ബാ‍ഴ്സലോണയെ മുന്നിലെത്തിച്ചു. ആറു മിനുറ്റിനകം കരിം ബെൻസേമയുടെ സുന്ദരമായ ഹെഡർ പാസ് ബാർസ വലയിലേക്കു തട്ടിയിട്ട് ക്രിസ്റ്റ്യാനോ റയലിനെ ഒപ്പമെത്തിച്ചു.

ആദ്യ പകുതിയുടെ അവസാനം പരസ്പരം കൊമ്പുകോർത്തതിന് സ്വാരെസിനും റാമോസിനും റഫറി മഞ്ഞക്കാർഡ് നൽകിയതോടെ കളി കയ്യാങ്കളിയായി.

തൊട്ടടുത്ത മിനുറ്റിൽ റാമോസിനെ അപകടമായ രീതിയിൽ ടാക്കിൾ ചെയ്തതിന് മെസ്സിക്കും കിട്ടി മഞ്ഞക്കാർഡ്. ഒടുവിൽ മാര്‍സലോയുടെ മുഖത്ത് ഇടിച്ചതിന് സെർജി റോബർട്ടോയ്ക്ക്
ചുവപ്പു കാർഡ് കിട്ടിയതോടെ ബാ‍ഴ്സ പത്തു പേരായി ചുരുങ്ങി.

ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന റയല്‍ രണ്ടാം പകുതിയില്‍ കണങ്കാലിന് പുരക്കേറ്റ ക്രിസ്റ്റ്യാനോയെ പിന്‍വലിച്ച് മാര്‍ക്കോ അസന്‍സിയെ കളത്തിലിറക്കി.

പത്തുപേരുമായി കളംനിറഞ്ഞ് കളിച്ച ബാ‍ഴ്സയ്ക്കുവേണ്ടി രണ്ടാം പകുതിയുടെ ആറാം മിനിട്ടില്‍ മെസി ഗോള്‍ നേടി. കാസിമിറോയെയും റാമോസിനെയും സമർഥമായി ഡ്രിബിൾ ചെയ്ത മെസി തൊടുത്ത ഷോട്ട് കെയ്‌ലർ നവാസിനെ നിസ്സഹായനാക്കി ഗോള്‍ വല കടന്നതോടെ ബാ‍ഴ്സ 2-1 ന് മുന്നിലെത്തി.

വിജയമുറപ്പിച്ച ബാ‍ഴ്സയെ ഞെട്ടിച്ചുകൊണ്ട് എ‍ഴുപത്തിമൂന്നാ മിനിട്ടില്‍ ബെയ്ല്‍ റയലിനുവേണ്ടി സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.

സീസണില്‍ ഇനിയുള്ള നാല് മത്സരങ്ങള്‍ കൂടി തോല്‍ക്കാതിരുന്നാല്‍ ലാ ലിഗ ചരിത്രത്തില്‍ പരാജയമറിയാതെ ചാമ്പ്യന്മാരാകുന്ന ആദ്യ ക്ലബ്ബാകും ബാ‍ഴ്സലോണ. റയലാകട്ടെ ഇപ്പോ‍ള്‍ മൂന്നാം സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News