ഇതര സംസ്ഥാനങ്ങളില്‍ നിന്നും മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതുന്നതിന് കൊച്ചിയിലെത്തിയ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മടങ്ങി.

അവിചാരിതമായി കേരളത്തിലെത്തി പരീക്ഷയെഴുതേണ്ടി വന്നതിനാല്‍ തിടുക്കപ്പെട്ട് യാത്ര പുറപ്പെടേണ്ടി വന്ന പരീക്ഷാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കിയ മുഖ്യമന്ത്രിക്കും ജില്ല കളക്‌ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള നിരവധി സന്ദേശങ്ങളാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ വാട്ട്‌‌‌‌സ് അപ്പ് നമ്പറിലേക്കെത്തുന്നത്.

കേരള സര്‍ക്കാര്‍ ചെയ്‌‌ത സഹായങ്ങള്‍ക്ക് തമിഴ്‌നാട്ടിലെ എല്ലാ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും കടപ്പെട്ടിരിക്കും. ഞങ്ങളുടെ ഹൃദയംനിറഞ്ഞ നന്ദി മുഖ്യമന്ത്രിയെ അറിയിക്കണം. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ഭരണമാണ് കേരളത്തിലേതെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സന്ദേശങ്ങളിലൂടെ അറിയിച്ചു.

 

ശനിയാഴ്‌ച രാവിലെ വിദ്യാര്‍ഥികള്‍ വന്നിറങ്ങിയതു മുതല്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്‌കുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സജീവമായിരുന്നു. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി വന്നിറങ്ങിയവര്‍ക്ക് താമസ സൗകര്യം, പരീക്ഷ കേന്ദ്രങ്ങളിലെത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായിരുന്നു.

 

ഉച്ചയ്‌‌‌ക്ക് ഒരു മണിയോടെ പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തിരികെ തമിഴ്‌നാട്ടിലേക്ക് പോകുന്നതിനുള്ള യാത്രാ സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ എല്ലാ ബസുകളും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് സര്‍വീസ് നടത്തിയത്.

രാവിലെ പോകേണ്ട ബസുകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് സര്‍വീസ് നടത്തിയത്. ഉച്ച കഴിഞ്ഞ് രണ്ടു മണി മുതല്‍ കോയമ്പത്തൂര്‍, കുമിളി, തൊടുപുഴ എന്നിവിടങ്ങളിലേക്ക് ഓരോ 30 മിനിറ്റിലും കെഎസ്ആര്‍ടിസി ബസുകള്‍ ലഭ്യമായിരുന്നു.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പുറമേ വൈറ്റില ഹബ്ബ്, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസുകളുണ്ടായിരുന്നു. കൂടാതെ ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ വൈറ്റില ഹബ്ബില്‍ നിന്ന് അധിക സര്‍വീസും നടത്തിയിരുന്നു.

തിരുനെല്‍വേലി, തൂത്തുക്കുടി, മധുര എന്നിവിടങ്ങളിലേക്കും എസ്ഇടിസി സര്‍വീസുണ്ടായിരുന്നു. കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വീസുകളും പരീക്ഷാര്‍ഥികള്‍ക്കായി റോഡിലിറങ്ങി.

 

 

എറണാകുളം സൗത്തില്‍ നിന്നാരംഭിക്കുന്ന ചെന്നൈയിലേക്കുള്ള സുവിധ സ്പെഷ്യല്‍ ട്രെയിന്‍ സമയം പുനക്രമീകരിച്ചാണ് സര്‍വീസ് നടത്തിയത്. കൂടാതെ രാത്രി 7 നു പുറപ്പെടുന്ന എറണാകുളം ചെന്നൈ ട്രെയിനില്‍ തിരക്ക് കണക്കിലെടുത്ത് രണ്ട് അധിക കംപാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുത്തിയിരുന്നു

പരീക്ഷക്കെത്തിയ തമിഴ്‌നാട് സ്വദേശിയായ കുട്ടിയുടെ പിതാവ് ഹൃദയാഘാതംമൂലം മരണപ്പെട്ടിരുന്നു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാണ് (46) മരിച്ചത്. മകന്‍ കസ്തൂരി മഹാലിംഗത്തോടൊപ്പം ശനിയാഴ്ചയാണ് ഇദ്ദേഹം കൊച്ചിയിലെത്തിയത്.

ഞായറാഴ്‌ച രാവിലെ കൃഷ്ണസ്വാമിക്ക് നെഞ്ചു വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം താമസിച്ചിരുന്ന ലോഡ്‌ജിന്റെ മാനേജരാണ് മഹാലിംഗത്തെ പരീക്ഷാ കേന്ദ്രത്തിലെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവമറിഞ്ഞ് ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സിറ്റി ആശുപത്രിയിലെത്തി തുടര്‍ നടപടികള്‍ക്ക് നിര്‍ദേശം നല്‍കി.

തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് അയയ്ക്കുന്നതു വരെ അദ്ദേഹം സംഭവ സ്ഥലത്തുണ്ടായിരുന്നു. സംസ്ഥാന അതിര്‍ത്തി വരെ പോലീസ് പൈലറ്റോടെയാണ് മൃതദേഹം കൊണ്ടുപോയത്.

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച കലക്ടര്‍മാരെയും ജില്ലാ പോലീസ് മേധാവികളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.