കത്വ കേസ് വിചാരണ പഞ്ചാബിലേക്ക് മാറ്റി; ജമ്മു കശ്മീര്‍ സര്‍ക്കാരിന് തിരിച്ചടി; ഇരയുടെ കുടുംബത്തിന് ആശ്വാസം

കത്വയില്‍ എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലേക്ക് മാറ്റി. കേസില്‍ നീതിയുക്തമായ വിചാരണയ്ക്ക് ജമ്മു കശ്മീരിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്ന ഇരയുടെ പിതാവിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന പ്രതികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ കത്വാ പീഡനക്കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പഞ്ചാബില്‍ പത്താന്‍കോട്ട് കോടതിയിലാണ് ഇനി കേസിന്റെ വിചാരണ നടക്കുക. കേസില്‍ രാഷ്ട്രീയമായ ഇടപെടലുകളുള്ളത് കൊണ്ട് തന്നെ കേസ് ഛണ്ഡിഗഡിലേക്ക് മാറ്റണമെന്നായിരുന്നു ഇരയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ സാക്ഷികളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് കേസ് പത്താന്‍കോട്ടിലേക്ക് മാറ്റിയിരിക്കുന്നത്. ഇരയുടെ മാതാപിതാക്കള്‍ക്കും അഭിഭാഷകര്‍ക്കും സുരക്ഷയൊരുക്കാന്‍ കോടതി നര്‍ദേശം നല്‍കി.നടപടി ക്രമങ്ങള്‍ സുപ്രീംകോടതിയുടെ മോല്‍നോട്ടത്തിലായിരിക്കും.

അതേസമയം കേസിന്റെ വിചാരണ ജമ്മുകാശ്മീരില്‍ തന്നെ നടത്തണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലല്ലാത്തതുകൊണ്ട് സിബിഐ അന്വേഷണം വേണമെന്നുവാശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാല്‍ കേസ് ജമ്മുകാശ്മീരിന് പുറത്തേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.

പൊലീസ് കൃത്യമായ രീതിയിലാണ് അന്വേഷണം നടത്തിയതെന്ന് ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം നീതി ലഭിച്ചില്ലെങ്കില്‍ തങ്ങളെ വെടിവെച്ചുകൊല്ലണമെന്ന കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ വാക്കുകള്‍ വളരെ ചര്‍ച്ചയായിരുന്നു.

തങ്ങളുടെ മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ വെറുതെവിട്ടാല്‍ അവര്‍ തങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മകളെ ഇല്ലാതാക്കിയവര്‍ ശിക്ഷിക്കപ്പെടണമെന്നും ഇരയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

കേസ് സി.ബി.ഐക്ക് വിടേണ്ടതില്ലെന്നും പോലീസില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എല്ലായ്പ്പോഴും കേസുകള്‍ പുതിയ അന്വേഷണ സംഘത്തിന് വിടാന്‍ പറ്റില്ലെന്നും മെഹുബൂബ മുഫ്തി നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News