ആഭാസം എന്നത് മലയാളിയുടെ സാംസ്കാരിക ബോധത്തില്‍ അത്രയ്ക്ക് മെച്ചമുള്ള വാക്കല്ല. സാംസ്കാരികത കൊട്ടിഘോഷിക്കുന്നിവരെ സംബന്ധിച്ചടുത്തോളം അത് ചുട്ടുപൊള്ളിക്കുന്നതുമാണ്. മാന്യതയുടെ മുഖം മൂടി കൂടിയാണ് ആഭാസമില്ലായ്മ.
ആര്‍ഷ ഭാരത സംസ്കാരത്തിലെ ആദ്യ മൂന്ന് അക്ഷരങ്ങള്‍ കൂട്ടി എഴുതിയില്‍ ആഭാസം എന്ന് തെളിഞ്ഞ് വരും. അതു തന്നെയാണ് നവാഗതനായ ജുബിത്ത് നമ്രാടത് തന്‍റെ ചിത്രത്തിലൂടെ പറഞ്ഞുവെച്ചതും. പരസ്യമായി ആഭാസം എന്ന് പറയാന്‍ പോലും മടിക്കുന്നവര്‍ ഇരുട്ടിന്‍റെ മറവില്‍ പുറത്തെടുക്കുന്ന തനി സ്വരൂപത്തെയും ആഭാസം എന്നു തന്നയല്ലേ വിളിക്കേണ്ടത് എന്നാണ് ചിത്രം പറഞ്ഞുവെച്ചത്.
കേന്ദ്ര കഥാപാത്രമായെത്തിയ സുരാജ് വെഞ്ഞാറംമൂട് ഇതിന്‍റെ നേര്‍സാക്ഷ്യമാണ്. വഴിയരികില്‍ തളര്‍ന്നുവീണ അശരണരെ സഹായിക്കാന്‍ കാട്ടുന്ന മനസിനുള്ളില്‍ കാമകണ്ണുള്ളവരാണ് ഏറിയപങ്കുമെന്നുകൂടി ചിത്രം വരച്ചുകാട്ടി.
ഷൂട്ടിംഗ് കാലത്ത് തന്നെ വിവാദങ്ങളാണ് ചിത്രത്തിന് അകമ്പടിയായെത്തിയത്. തീവ്ര ഹിന്ദുത്വ സംഘടനകളാണ് ആദ്യം എതിര്‍പ്പുമായി രംഗത്തെത്തിയത്. സിനിമയുടെ ഭാഗമായി മുഹമ്മദ് അലി ജിന്നയുടെ ചിത്രം ബസില്‍ ഒട്ടിച്ചതാണ് സംഘിപരിവാറിനെ പ്രകോപിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ ബംഗലുരുവിലെ ഷൂട്ടിംഗ് മുടങ്ങി.
സെന്‍സര്‍ഷിപ്പിന്‍റെ പേരിലായിരുന്നു നീണ്ട പോരാട്ടം നടന്നത്. സുരാജിന്‍റെ തുടയും ചില വാക്കുകളുമെല്ലാം സെന്‍സര്‍ബോര്‍ഡിനെ പൊള്ളിച്ചു. ചോദ്യങ്ങളുമായി അണിയറപ്രവര്‍ത്തകര്‍ കളം നിറഞ്ഞതോടെ പൊള്ളലേറ്റവരുടെ എണ്ണം വര്‍ധിച്ചു.
ഇപ്പോഴിതാ ചിത്രം തീയറ്ററുകളില്‍ സദാചാര മനസുള്ളവരെയും പകല്‍മാന്യന്‍മാരെയുമെല്ലാം ശക്തമായി പൊള്ളിക്കുകയാണ്.
ഒരു ബസ് യാത്രയ്ക്കിടയിലെ സംഭവവികാസങ്ങളാണ് ചിത്രത്തിന് പ്രമേയമായതെങ്കിലും നിരവധി വിഷയങ്ങളാണ് രണ്ട് മണിക്കൂറില്‍ ആഭാസം പറഞ്ഞത്. ഡെമോക്രസി ട്രാവല്‍സിനെ ചുറ്റിപറ്റിയാണ് കഥ തുടങ്ങുന്നത്. ഡ്രൈവറായി അലന്‍സിയറും ക്ലീനറായി സുരാജ് വെഞ്ഞാറംമൂടും തകര്‍ത്തഭിനയിച്ചു എന്ന് പറയാതെ വയ്യ.
സുരാജ് സദാചാര മൂല്യം ഉയര്‍ത്തിപിടിക്കുന്ന, മറ്റുള്ളവരെ സഹായിക്കുന്ന കഥാപാത്രമായാണ് തുടങ്ങുന്നത്. അതേ സമയം അലന്‍സിയറാകട്ടെ അത്രയ്ക്ക് സദാചാരക്കാരനൊന്നുമല്ല. മൊബൈലില്‍ നീലചിത്രം കാണുകയും അത് തുറന്നുപറയുകയും ചെയ്യുന്നുണ്ട്. തനിക്ക് കാശാണ് വലുതെന്ന് പറയാനും മടികാട്ടുന്നില്ല. ഈ അവസരത്തിലെല്ലാം സുരാജിന്‍റെ കഥാപാത്രം പകല്‍മാന്യത കാട്ടുന്നുണ്ട്.
രോഗിയായ ഭര്‍ത്താവിനെയും തന്നെയും ബസില്‍ കയറ്റണമെന്നും ആശുപത്രിയിലേക്കുള്ള വഴിയില്‍ ഇറക്കണമെന്നും അപേക്ഷിക്കുന്ന സ്ത്രീയെത്തുന്നതോടെ ചിത്രം അതിന്‍റെ കാമ്പുള്ള ഭാഗത്തേക്ക് കടക്കുകയാണ്. കാശുണ്ടെങ്കില്‍ മാത്രം കയറ്റിയാല്‍ മതിയെന്ന് അലന്‍സിയര്‍ തുറന്നുപറയുമ്പോള്‍ സുരാജിന്‍റെ കഥാപാത്രം നന്മയുടെ കപട വെളിച്ചമാകുകയാണ്.
ഒരുഗതിയും പരഗതിയുമില്ലാത്ത അവശയായ ആ സ്ത്രീയെ സഹായിക്കുമ്പോഴും കാമമാണ് തന്‍റെ യഥാര്‍ത്ഥ ലക്ഷ്യമെന്ന് സുരാജ് പിന്നീട് തെളിയിക്കുമ്പോള്‍ നാട്ടിലെ പകല്‍മാന്യന്‍മാര്‍ക്കെല്ലാം പൊള്ളും. കാരണം നാട്ടില്‍ ഏറിയപങ്കും അവരാണല്ലോ.
ശക്തമായ സ്ത്രീ കഥാപാത്രമായാണ് റിമകല്ലിംഗല്‍ എത്തിയിരിക്കുന്നത്. തനിക്ക് നേരെ വരുന്ന കാമകണ്ണുകളെ പ്രതിരോധിക്കാന്‍ അവളുടെ രൂക്ഷമായ നോട്ടങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. സമൂഹം തെറ്റ് എന്ന് പറയുന്ന ചില കാര്യങ്ങള്‍ പൊതു സ്ഥലത്ത് ചെയ്തുകാട്ടുന്നതിലൂടെ റിമയുടെ കഥാപാത്രം ചിലതൊക്കെ വിളിച്ചുപറയാന്‍ ശ്രമിക്കുന്നുണ്ട്.
പ്രാരാബ്ധങ്ങള്‍ വിളിച്ചുപറയുന്ന ഇന്ദ്രന്‍സാണ് ശ്രദ്ധയാകര്‍ശിച്ച മറ്റൊരു കഥാപാത്രം. ശാരീരിക അവശതകള്‍ക്കിടയിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള കഷ്ടപാടുകള്‍ ഇന്ദ്രന്‍സും വരച്ചുകാട്ടി. ഒപ്പം തന്‍റെ അസ്വസ്ഥതകള്‍ മറ്റുള്ളവരുടെ സ്വാതന്ത്യത്തെ ഹനിക്കാന്‍ പാടില്ലെന്നും അദ്ദേഹം വിളിച്ചുപറഞ്ഞു.
നിര്‍മല്‍ പാലാഴിയുടെ കഥാപാത്രമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. തനിക്ക് മുന്നിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീ ശരീരങ്ങളിലും ആകര്‍ഷിക്കപ്പെടുകയാണ് നിര്‍മല്‍. നോട്ടം കൊണ്ടും ചലനം കൊണ്ടും കഴിയുന്നത്ര അയാള്‍ സ്ത്രീ ശരീരങ്ങളെ അസ്വസ്വഥപെടുത്തുന്നുണ്ട്. എന്നാല്‍ ഒരു ഘട്ടത്തില്‍ താന്‍ അത്തരം അനുഭവം നേരിടേണ്ടിവരുമ്പോള്‍ അസഹനീയമായി ഇറങ്ങി ഓടുന്നത് ആഭാസത്തിലെ മനോഹരകാഴ്ചയായി. ഒരു പരിധിവരെ ചിത്രം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും മികച്ച പ്രമേയവും ഇത് തന്നെയാണെന്ന് പറയേണ്ടിവരും.
സ്വന്തം ശരീരത്തിലേക്ക് ഒരാളുടെ കൈ പതിച്ചപ്പോള്‍ അത് ആണ്‍ശരീരത്തെ എത്രത്തോളം അസഹനീയമാക്കിയെന്ന് വിളിച്ച് പറഞ്ഞതിലൂടെ സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികവ്യഥയാണ് സംവിധായകന്‍ വരച്ചുകാട്ടിയത്. മുന്നിലും പിന്നിലുമായി കണ്ട എല്ലാ സ്ത്രീകളെയും കാമകണ്ണോടെ നോക്കിയ നിര്‍മലിന്‍റെ കഥാപാത്രത്തിന് സ്വന്തം ശരീരത്തില്‍ കാമ കൈ പതിച്ചപ്പോള്‍ ഉണ്ടായ അനുഭവം ആണ്‍ മനോഭാവങ്ങളുടെ മുഖത്തേക്കുള്ള അടികൂടിയാണ്.
സ്വാതന്ത്യം പ്രഖ്യാപിക്കുന്ന ശീതള്‍ ശ്യാമും കൈ നീട്ടി കാശ് വാങ്ങുന്ന പൊലീസുകാരന്‍ നാസറും പുതപ്പിനടിയില്‍ ഒളിച്ചുകളി നടത്തുന്ന ബന്ധുവിന്‍റെ കഥ പറയാതെ പറഞ്ഞ മകളും എല്ലാം ചിത്രത്തെ മനോഹരമാക്കി.
പറഞ്ഞതെല്ലാം മികച്ചുനിന്നെങ്കിലും പറയാന്‍ കുറെയേറെ ബാക്കിയുള്ള മാനസികാവസ്ഥയിലാകും ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകര്‍. നിരവധി വിഷയങ്ങളിലൂടെ കടന്നുപോയപ്പോള്‍ അവയെല്ലാം മികച്ച രീതിയില്‍ പറഞ്ഞവസാനിപ്പിക്കാന്‍ സാധിച്ചോയെന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് അഭിപ്രായവ്യതാസങ്ങളുണ്ടാകാം.
Get real time update about this post categories directly on your device, subscribe now.