ചെല്‍സിക്ക് പുതു ജീവന്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പെ ലിവര്‍പൂളിന് തിരിച്ചടി; വെംഗര്‍ക്ക് ഗുരുദക്ഷിണ നല്‍കി ആ‍ഴ്സണല്‍

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഒരുങ്ങുന്ന ലിവർപൂളിനെ മടക്കമില്ലാത്ത ഏകഗോളിന് ചെൽസി വീഴ്ത്തി. ജയത്തോടെ ചാമ്പ്യൻസ്‌ ലീഗിന്‌ ചെൽസി നേരിട്ട്‌ യോഗ്യതയ്‌ക്കരികിലെത്തി.മറ്റൊരു കളിയിൽ 22 വർഷത്തിനുശേഷം ക്ലബ് വിടുന്ന അഴ്സീൻ വെംഗർക്ക് ഉചിതമായ യാത്രയയപ്പ് നൽകി, അഴ്സണൽ ബേൺലിയെ 5‐0ത്തിന് തകർത്തു.

ചെൽസിയുടെ മൈതാനിയിൽ വിരുന്നിനെത്തിയ ലിവർപൂൾ ഒലിവർ ജിറൂദിന്റെ ഗോളിലാണ് വിളറിയത്. വിക്ടർ മോസെസിന്റെ ക്രോസിൽ ജിറൂദ് വിദഗ്ധമായി തലവയ്ക്കുകയായിരുന്നു. ഈ ജയത്തോടെ അടുത്ത ചാമ്പ്യൻസ് ലീഗ് സാധ്യത ചെൽസി സജീവമാക്കി. അഞ്ചാംസ്ഥാനത്താണ് നിലവിൽ ചെൽസി.

ആദ്യനാല് സ്ഥാനക്കാർക്കാണ് യോഗ്യത. ലിവർപൂളിനെയും േടാട്ടനം ഹോട്‌സപറിനെയും മറികടക്കണം ചെൽസിക്ക്‌ നേരിട്ട്‌ യോഗ്യതനേടാൻ. നാലാമതുള്ള ടോട്ടനവുമായി ചെൽസിയുടെ അകലം രണ്ട് പോയിന്റായി, മൂന്നാമതുള്ള ലിവർപൂളുമായി മൂന്ന് പോയിന്റും. മാഞ്ചസ്റ്റർ സിറ്റി 94, മാഞ്ചസ്റ്റർ യുണൈറ്റഡ് 77, ലിവർപൂൾ 72, ടോട്ടനം 71, ചെൽസി 69.

ലിവർപൂളിന് ഒരുകളിമാത്രം ശേഷിക്കുന്നു. ചെൽസിക്ക് രണ്ട് കളിയുണ്ട്. 9ന് ഹഡ്ഡേഴ്സ്ഫീൽഡുമായും 13ന് ന്യൂകാസിലുമായുമാണ് ചെൽസിയുടെ കളി. ലിവർപൂൾ 13ന് ബ്രൈറ്റണെ നേരിടും. ടോട്ടനത്തിനും രണ്ട് കളി ബാക്കിയുണ്ട്. ഇതോടെ ചാമ്പ്യൻസ് ലീഗിനുള്ള പോര് മുറുകി.

ചെൽസിയുടെ മൈതാനിയിലെ ആദ്യപകുതിയിൽ ലിവർപൂളിനായിരുന്നു ആധിപത്യം. പന്ത് അധികസമയവും ലിവർപൂളുകാരുടെ കാലുകളിലായിരുന്നു. സാദിയോ മാനെയിലൂടെയും റോബർട്ട് ഫിർമിനോയിലുടെയും ചെൽസി ഗോൾമുഖത്ത് ലിവർപൂൾ അവസരംതുറന്നു. മാനെയ്ക്കാണ് ഏറ്റവും നല്ല അവസരം കിട്ടിയത്. എന്നാൽ, മാനെയുടെ അടി ചെൽസി ഗോളി തിബൗട്ട്‌ കോർട്ട്വാ സാഹസികമായി രക്ഷപ്പെടുത്തി.

കളിയിലേക്ക് തിരിച്ചുവന്ന ചെൽസി ബകായോകോയിലൂടെ ലിവൾപൂൾ ഗോൾമുഖം വിറപ്പിച്ചു. ബകായോകോയുടെ ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിനാണ് പുറത്തേക്ക് പോയത്. തൊട്ടുപിന്നാലെ ജിറൂദിന്റെ ഗോൾ വീണു. വലതുവശത്തുനിന്നുവന്ന ക്രോസിൽ തകർപ്പൻ ഹെഡ്ഡർ. ലിവർപൂൾ ഗോളിക്ക്‌ ഒന്നും ചെയ്യാനായില്ല.

രണ്ടാംപകുതിയിൽ ചെൽസിക്കായിരുന്നു മേൽക്കൈ. അഞ്ചുതവണ അവർ ലിവർപൂൾ ഗോൾമുഖം ലക്ഷ്യംവച്ചു. ലിവർപൂളിനാകട്ടെ രണ്ടുതവണമാത്രമാണ് ചെൽസിക്കെതിരെ തൊടുത്തത്. അത്‌ ലക്ഷ്യംകണ്ടതുമില്ല. അഴ്സീൻ വെംഗർക്കുവേണ്ടി സ്വന്തം മൈതാനിയിൽ ബേൺലിക്കെതിരെ ഗോളടിച്ചുകൂട്ടുകയായിരുന്നു അഴ്സണൽ. ഒബമെയാങ് രണ്ടും ലകാസെറ്റെ, കൊളാസിനാക്ക്, ഐവോബി എന്നിവർ ഒരോ ഗോളും നേടി. വെംഗർക്ക് യാത്ര പറയുന്ന ബാനറുകളുമായാണ് കാണികൾ എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തിയത്.

യൂറോപ ലീഗ് സെമിയിൽ അത്ലറ്റികോ മാഡ്രിഡിനോടേറ്റ തോൽവിയുടെ ക്ഷീണത്തിലായിരുന്നു വെംഗർ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെംഗറുടെ അവസാനകളിയായിരുന്നു ബേൺലിക്കെതിരെ. 826 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 475‐ാമത്തെ വിജയമായി വെംഗർക്ക് ഇത്. പട്ടികയിൽ ആറാമതാണ് അഴ്സണൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here