പണിക്കു പോയി തിരിച്ചുവരുന്ന അച്ഛനെ കാത്തിരുന്ന മൂന്നര വയസുകാരൻ അനുനന്ദിന്‍റെ കണ്ണുകളിലെ നനവ് ഇനിയും മാറിയിട്ടില്ല; അനുനന്ദും രണ്ട് സഹോദരങ്ങളും അമ്മയും ബാബുവിനെ അവസാനമായി ഒരുനോക്ക് കാണാനെത്തിയപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീരടക്കാനായില്ല

ആരുടേയും കരളലിയിപ്പിക്കുന്നതായിരുന്നു ആർ എസ് എസുകാർ കൊലപ്പെടുത്തിയ സി പി ഐ എം നേതാവ് ബാബു കണ്ണിപോയിലിന്റെ അന്ത്യയാത്ര. മൂന്നര വയസുകാരൻ അനുനന്ദ് ഉൾപ്പെടെ മൂന്ന് മക്കളും ഭാര്യ അനിതയും ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയപ്പോൾ കണ്ടു നിന്നവരും കണ്ണീരടക്കാൻ പാടുപെട്ടു. പണി പൂർത്തിയാകാത്ത ബാബുവിന്റെ വീടിന്റെ മുറ്റത്തു തന്നെയാണ് ചിത ഒരുക്കിയത്.

പണിക്കു പോയി തിരിച്ചു വരുന്ന അച്ഛനെയും കാത്തിരുന്ന മൂന്ന് മക്കളുടെയും ഭാര്യ അനിതയുടെയും മുന്നിലേക്കെതിയത് ആർ എസ് എസുകാർ വെട്ടി നുറുക്കിയ പ്രീയപ്പെട്ടവന്റെ ചേതനയറ്റ ശരീരം.ബാബു കണ്ണിപോയിലിന്റെ മൃത ശരീരം പള്ളൂരിലെ വീട്ടിൽ എത്തിയപ്പോൾ കണ്ടത് ആരുടേയും കരളലിയിക്കുന്ന കാഴ്ചകളായിരുന്നു.

സ്നേഹ നിധിയായ ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെയുള്ള ബാബുവിന്റെ ഭാര്യ അനിതയുടെ പൊട്ടിക്കരച്ചിൽ ഹൃദയ ഭേദകമായിരുന്നു.ബാബുവിന്റെ മക്കളായ മൂന്നര വയസ്സുകാരനായ മകൻ അനു നന്ദും വിദ്യാർത്ഥികളായ അനു പ്രിയയും അനാമികയും അച്ഛനെ കാണാൻ എത്തിയപ്പോൾ കണ്ടു നിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞു.

മകനെ നഷ്ടപ്പെട്ട അമ്മ സരോജിനിയുടെ വിലാപവും കരളലിയിക്കുന്നതായിരുന്നു.നാടിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നിരുന്ന ബാബുവിന്റെ വിയോഗം സൃഷ്ടിച്ച ആഘാതത്തിൽ നിന്നും നാട്ടുകാരും മുക്തരായില്ല.

സ്വന്തമായി പണി കഴിപ്പിക്കുന്ന വീട് പൂർത്തിയാക്കുന്നതിന് മുൻപാണ് ആർ എസ് എസ്സുകാർ ബാബുവിന്റെ ജീവൻ എടുത്തത്. ബാബുവിന്റെ സ്വപ്നമായ വീടിന്റെ മുറ്റത്തു തന്നെയാണ് ജനകീയ നേതാവിന് അന്ത്യ വിശ്രമം ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here