പ്രശസ്ത സാഹിത്യ വിമര്‍ശകനും പ്രഭാഷകനും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡണ്ടും കേരളാ സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹക സമിതി അംഗവുമായ ഇപി രാജഗോപാലന്‍ വിരമിക്കുന്നു. ഈ മാസം 31ന് കാസര്‍ക്കോട് കക്കാട് ഗവ. ഹയര്‍ സെക്കന്‍ററി സ്ക്കൂളിലെ പ്രഥമാധ്യാപക സ്ഥാനത്തു നിന്നുമാണ് രാജഗോപാലന്‍ വിരമിക്കുന്നത്. വടക്കന്‍ കേരളത്തിലെ കലാ സാംസ്കാരിക രംഗത്ത് പുരോഗമന രാഷട്രീയ ഉള്ളടക്കം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന എ‍ഴുത്തുകാരില്‍ ഒരാളാണ് അദ്ദേഹം.

മലയാളനിരൂപണത്തില്‍ ആധുനികതയുടെ കാലത്തിനു ശേഷം കടന്നുവന്ന മാര്‍ക്സിസ്റ്റ് നിരൂപണസമ്പ്രദായത്തിന്റെ പ്രമുഖനായ പ്രയോക്താവായാണ് ഇപി രാജഗോപാലന്‍ അറിയപ്പെടുന്നത്. നവമാര്‍ക്സിസ്റ്റ് ചിന്തയുടെ സ്വാധീനം പ്രകടമാക്കിയ നിരൂപണങ്ങളിലൂടെയാണ് രാജഗോപാലന്‍ ശ്രദ്ധേയനായത്.

സാഹിത്യ നിരൂപണത്തെ സാംസ്കാരിക വിമര്‍ശനമാക്കി ഉയര്‍ത്തിയ ഇരുപതോളം ഗ്രന്ഥങ്ങളുടെ രചയിതാവായ ഇപി രാജഗോപാലന്‍ മലയാളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്‍റെ ഇക്കാലത്തെ ഏറ്റവും ശക്തമായ ജിഹ്വയാണ്. സാഹിത്യ വിമര്‍ശനത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

സ്വപ്നവും ചരിത്രവും, കവിതയുടെ ഗ്രമങ്ങള്‍, ലോകത്തിന്‍റെ വാക്ക്, നിശബ്ദതയും നിര്‍മ്മാണവും, സംസ്കാരത്തിന്‍റെ കുടിലുകള്‍, നിരന്തരം, ഇന്ദുലേഖ-വായനയുടെ ദിശകള്‍ എന്നിവ പ്രധാന കൃതിക‍ളാണ്. എന്‍ ശശീധരനുമായി ചേര്‍ന്ന് കേളു, ഉടമ്പടിക്കോലം എന്നീ നാടകങ്ങളും രചിച്ചിട്ടുണ്ട്. പത്താം തരത്തിലെ പാഠപുസ്തക നിര്‍മ്മാണ സമിതിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലേഖനങ്ങള്‍ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായിട്ടുണ്ട്. ഇംഗ്ളീഷിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് അധ്യാപകനായിരിക്കെ ക്ലാസ് മുറിയില്‍ പറഞ്ഞ തമാശകളും ഭാഷാകേളികളും ഉള്‍പ്പെടുത്തി പുതിയ പുസ്തകത്തിന്‍റെ രചയനയിലാണ് ഇപ്പോള്‍.

രണ്ട് പതിറ്റാണ്ടു കാലം പയ്യന്നൂര്‍ വെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്ക്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ സാംസ്കാരിക സംഘാടകന്‍ കൂടിയായ രാജഗോപാലന്‍ ഇക്കാലത്ത് നവീനമായ നിരവധി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു.