ജസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി സൂചന; പിതാവും സഹോദരനും കേരള പൊലീസും ബംഗളൂരിലേക്ക്; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി സൂചന. ബംഗളരുവിലെ ആശ്രയ ഭവനിലെ ഗേറ്റ് കീപ്പറായ ജോര്‍ജ് എന്നയാളെ ആന്റോ ആന്റണി എംപി ജെസ്‌നയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഈ യുവതി ഒരു സുഹൃത്തുമായി എത്തിയതായി ഗേറ്റ് കീപ്പര്‍ സ്ഥിരീകരിച്ചു.

ഫോട്ടോയില്‍ കണ്ട അതേ സ്‌കാര്‍പ് തന്നെയാണ് ജസ്‌ന തലയില്‍ കൂടി ഇട്ടിരുന്നതെന്നും ഗേറ്റ് കീപ്പര്‍ തിരിച്ചറിഞ്ഞതായും ആന്റോ ആന്റണി എംപി അറിയിച്ചു. ആശ്രയഭവനില്‍ താമസ സൗകര്യം ലഭ്യമാകുമോ എന്ന് ജെസ്‌ന തിരക്കിയിരുന്നു.

ആദ്യം വീട് മണിമലയാണെന്നും പിന്നീട് മുക്കൂട്ടു തറയാണെന്നും ജെസ്‌ന മറുപടി നല്‍കി. സ്‌പോര്‍ട്‌സില്‍ പങ്കടുക്കവേ പരുക്ക് പറ്റിയതിനെത്തുടര്‍ന്നാണ് പല്ലില്‍ കമ്പിയിട്ടതെന്നും ജെസ്‌ന പറഞ്ഞു.

ആശ്രയ ഭവനില്‍ എത്തുന്നതിന് മുമ്പ് വഴിയരികില്‍ ഒരു കടയില്‍ ഭക്ഷണം കഴിക്കാനായി ജെസ്‌നയും സുഹൃത്തും കയറിയിരുന്നു. രണ്ടായിരം രൂപയുടെ നോട്ട് കൊടുത്തപ്പോള്‍ ചില്ലറയില്ലെന്ന് കടക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഇതിന് ശേഷം ഇവിടെനിന്ന് പുറപ്പെട്ട ഇവരുടെ ബൈക്കില്‍ ഒരു ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

ഇരുവരും താഴെ വീഴുകയും കൈവശമുണ്ടായിരുന്ന രണ്ടായിരത്തിന്റെ നോട്ട് കെട്ടുകള്‍ ചിതറി വീഴുകയും ചെയ്തു. ഇതില്‍ കുറച്ചു രൂപ ഓട്ടോ ഡ്രൈവര്‍ വാരിക്കൊണ്ട് കടന്ന് കളഞ്ഞതായും ജസ്‌ന ഗേറ്റ് കീപ്പറോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നിംഹാന്‍സില്‍ ഇവര്‍ ചികിത്സ തേടി.

ഇവിടെ നിന്നാണ് ഇരുവരും ആശ്രയ ഭവനില്‍ എത്തിയത്. മൈസൂരിലേക്ക് പോകുകയാണെന്ന് അറിയിച്ച് ഇരുവരും ആശ്രയഭവനില്‍ നിന്ന് സ്ഥലം വിടുകയായിരുന്നു.

സിസി ടിവി ദൃശ്യങ്ങള്‍ ലഭ്യമായാലേ കണ്ടത് ജെസ്‌നയെത്തന്നെയാണെന്ന് ഉറപ്പിക്കാന്‍ കഴിയൂ എന്ന് ആന്റോ ആന്റണി എംപി വ്യക്തമാക്കി.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജെസ്‌നയുടെ പിതാവും സഹോദരനും ബംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും ഒരു പോലീസ് സംഘവും ബംഗളരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ ബംഗളുരു പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. മാധ്യമങ്ങളില്‍ കൂടിയാണ് ആശ്രയ ഭവനിലുള്ളവര്‍ ജെസ്‌നയെ കണ്ടിട്ടുള്ളത്.

കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്നയെ കാണാതായത്. അന്ന് രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു പെണ്‍കുട്ടി.

മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്നയെ കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് അവളെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.

പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട് . കാഞ്ഞിരപ്പള്ളി കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News