കത്തി താഴെവയ്ക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് ആര്‍എസ്എസ്

സമാധാനം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ സിപിഐഎം നേതാക്കളെയും പ്രവര്‍ത്തകരെയും കടന്നാക്രമിച്ച് കൊലപ്പെടുത്തുക; അപ്പോഴുണ്ടാകുന്ന സംഘര്‍ഷാവസ്ഥ മുതലെടുത്ത് സിപിഐ എമ്മിനെ അക്രമകാരികളെന്നു ചിത്രീകരിക്കുക കുറേക്കാലമായി ആര്‍എസ്എസ് നടപ്പാക്കുന്നതാണ് ഈ ആസൂത്രിതതന്ത്രം. ഏറ്റവുമൊടുവില്‍ മാഹി പള്ളൂരിലും ഇതേ തന്ത്രമാണ് പ്രയോഗിച്ചത്.

ജില്ലയില്‍ രാഷ്ട്രീയസംഘര്‍ഷങ്ങളൊന്നുമില്ലാതെ, സമാധാനാന്തരീക്ഷം നിലനില്‍ക്കെയാണ് സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മാഹി നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയത്.

രണ്ടുവര്‍ഷത്തിനിടെ ജില്ലയില്‍ ആര്‍എസ്എസ്സുകാര്‍ സമാനനിലയില്‍ വകവരുത്തുന്ന നാലാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് ബാബു. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി സംഭവിച്ചതല്ല ഈ നാലുകൊലപാതകവും.

2016 മെയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനദിവസം പിണറായിയില്‍ സിപിഐ എം പ്രവര്‍ത്തകന്‍ സി വി രവീന്ദ്രനെ ബോംബെറിഞ്ഞും വാഹനം കയറ്റിയും കൊലപ്പെടുത്തിയാണ് ആര്‍എസ്എസ് ജില്ലയില്‍ സമീപകാലത്തെ കൊലപാതക പരമ്പരകള്‍ക്കു തുടക്കംകുറിച്ചത്. ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയന്റെ ആഹ്ലാദ പ്രകടനത്തിനുനേരെയായിരുന്നു ആക്രമണം.

ആര്‍എസ്എസിന്റെ വെണ്ടുട്ടായി ക്വട്ടേഷന്‍ സംഘമായിരുന്നു ഈ അരുംകൊലക്കു പിന്നില്‍. ഇതേഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ നാട്ടില്‍പോലും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലെന്ന് ബിജെപി ദേശവ്യാപക പ്രചാരണം നടത്തിയത്.

2016 ജൂലൈ 11ന് പയ്യന്നൂര്‍ കുന്നരുവിലെ സിപിഐ എം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ കൊലപ്പെടുത്തി. വീടരികില്‍ മാരകായുധങ്ങളുമായി പതിയിരുന്ന ആര്‍എസ്എസ് സംഘം, ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് ധനരാജിനെ വെട്ടിപ്പിളര്‍ന്നത്.

പയ്യന്നൂര്‍ മേഖലയിലേക്കും സംഘര്‍ഷം പടര്‍ത്തുകയായിരുന്നു ലക്ഷ്യം. തിരുവനന്തപുരം സ്വദേശിയായ കണ്ണന്‍ എന്ന പ്രചാരകന്റെ നേതൃത്വത്തിലാണ് ആസൂത്രണം നടന്നതെന്ന് തെളിഞ്ഞു.

ന്യായീകരണമില്ലാത്തതാണ് ഈ കൊലപാതകമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ആര്‍എസ്എസ് മുന്‍ പ്രചാരക് സുബഹ് അക്രമത്തിനിരയായി.

പാതിരിയാട് വാളാങ്കിച്ചാലിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ മോഹനനായിരുന്നു അടുത്ത ഇര. 2016 ഒക്ടോബര്‍ പത്തിന് മഹാനവമി ദിവസമാണ് ജോലിചെയ്യുന്ന കള്ളുഷാപ്പില്‍ കയറി പൈശാചികമായി കൊലപ്പെടുത്തിയത്. ന്യൂഡല്‍ഹിയില്‍ എ കെ ജി ഭവനിലേക്ക് സംഘപരിവാര്‍ മാര്‍ച്ച് സംഘടിപ്പിച്ച ദിവസമാണ് മോഹനന്റെ കൊലപാതകം.

രണ്ടുവര്‍ഷത്തിനിടെ ജില്ലയില്‍ വെട്ടിനുറുക്കി ജീവച്ഛവമാക്കപ്പെട്ട സിപിഐഎം പ്രവര്‍ത്തകരുടെ എണ്ണവും നിരവധി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാനും ഗൂഢാലോചനയുണ്ടായി.

വെണ്ടുട്ടായി ക്വട്ടേഷന്‍ സംഘത്തലവന്‍ പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ നിയോഗിക്കുകയായിരുന്നു. പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിനു വിവരം ചോര്‍ന്നുകിട്ടി മുന്‍കരുതല്‍ സ്വീകരിച്ചതുകൊണ്ടാണ് പദ്ധതി പാളിയത്.

സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണാധികാരികളും പൊതുസമൂഹമാകെയും കണ്ണൂരില്‍ സമാധാനം കൈവരുത്താന്‍ ആത്മാര്‍ഥമായി ശ്രമിക്കുമ്പോഴും കത്തി താഴെവയ്ക്കാന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിക്കുകയാണ് ആര്‍എസ്എസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News