ബാഗേപ്പള്ളിയില്‍ രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടിനെതിരെ തിളക്കമാര്‍ന്ന വിജയം ഉറപ്പിച്ച് സിപിഐഎം

കര്‍ണാടകത്തിലെ ഏറ്റവും പിന്നോക്ക മണ്ഡലമായ ബാഗേപ്പള്ളിയില്‍ വന്‍ രാഷ്ട്രീയ മാഫിയ കൂട്ടുകെട്ടിനെതിരെ തിളക്കമാര്‍ന്ന വിജയം ഉറപ്പിച്ച് സിപിഐഎം.

രണ്ട് തവണ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി സഭയിലെത്തി ഖനി, മദ്യ ,റിയല്‍ എസ്‌റ്റേറ്റ് മാഫിയകളെ തുറന്നു കാണിച്ച ജി വി ശ്രീറാം റെഡ്ഡിയെ ഏതുവിധേനയും പരാജയപ്പെടുത്താനാണ് എല്ലാ പാര്‍ട്ടികളും തങ്ങളുടെ രാഷ്ട്രീയമെല്ലാം മറന്ന് ഒരുമിച്ചത്.

എന്നാല്‍ ഇതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രചാരണത്തിലൂടെ മണ്ഡലത്തിലേക്കുള്ള തിരിച്ചു വരവ് ഉറപ്പിച്ചിരിക്കുകയാണ് സിപിഐഎം.

അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് കൃത്യമായ ധാരണ വെച്ച് പുലര്‍ത്തുന്ന ജനങ്ങള്‍ ഇനി തങ്ങള്‍ക്ക് തെറ്റ് പറ്റില്ലെന്ന് ഉറപ്പിച്ചു കൊണ്ടാണ് സിപിഐ എം തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ തടിച്ചു കൂടുന്നത് .

ശ്രീറാം റെഡ്ഡി കൊണ്ടുവന്നതല്ലാത്ത ഒരു വികസനവും മണ്ഡലത്തിലില്ല എന്ന് മനസിലാക്കിയ ജനങ്ങള്‍ അദ്ദേഹത്തിന്റെ ജയം ഇപ്പോഴേ ഉറപ്പിച്ചിരിക്കുകയാണ്.

അവിശുദ്ധ കൂട്ടുകെട്ടിന് പുറമെ കോടികളാണ് മണ്ഡലം പിടിക്കാനായി ഇവര്‍ ഒഴുക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിവിധ പാര്‍ട്ടികളുടെ വേട്ടു നില പരിശോധിച്ചാല്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ വ്യക്തമാകും.

നേരത്തെ സി പി ഐ എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള മത്സരങ്ങള്‍ നടന്ന മണ്ഡലമാണ് ബാഗേപ്പള്ളി.
2008 ല്‍ 32,244 വോട്ട് നേടിയ കോണ്‍ഗ്രസിന് 2013 ല്‍ ലഭിച്ചത് 15491 വോട്ട് മാത്രം . ഇതേ കാലയളവില്‍ ബിജെപിയുടെ വോട്ട് 26,070 ല്‍ നിന്നും വെറും 1184 ആയി കുറഞ്ഞ് കെട്ടിവെച്ച പണം നഷ്ടപ്പെട്ടു.

2008 ല്‍ 27,926 വോട്ടൊടെ മൂന്നാം സ്ഥാനത്ത് എത്തിയ ജെഡിഎസ്സിന് 2013 ആയപ്പോള്‍ കിട്ടിയത് 16779 വോട്ടുകള്‍ മാത്രം. നാലായിരത്തിലധികം വോട്ടുകള്‍ അധികം നേടിയ സിപിഐഎമ്മിന് മാത്രമാണ് വോട്ടില്‍ വര്‍ധനവ് ഉണ്ടായത് . സിപിഐ എം വോട്ട് 31,306 ല്‍ നിന്നും 35,472 ആയി വര്‍ദ്ധിച്ചു.

എന്നിട്ടും സിപിഐ എം രണ്ടാം സ്ഥാനത്ത് ആയതെങ്ങനെയെന്ന് പരിശോധിക്കുമ്പോഴാണ് പണത്തിന്റെയും കള്ളകളികളുടെയും കഥകള്‍ പുറത്ത് വരുന്നത്.

മൂന്ന് തവണ മണ്ഡലത്തില്‍ നിന്ന് സിപിഐ എം സ്ഥാനാര്‍ഥികള്‍ ഇവിടെ നിന്ന് വിദാന്‍ സൗധയില്‍ എത്തി.1983ല്‍ എ വി അപ്പസ്വമിയും 1994 ,2004 തെരഞ്ഞെടുപ്പുകളില്‍ ഇപ്പോഴത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൂടിയായ ജി വി ശ്രീറാം റെഡ്ഡിയും എംഎല്‍എമാരായി.

രണ്ട് തവണയായി 8 വര്‍ഷത്തെ ജി വി എസ്സിന്റെ എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനം മാഫിയ ബന്ധമുള്ള നേതാക്കള്‍ക്ക് തലവേദനയായി മാറി. ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ അഴിമതി പുറത്ത് കൊണ്ടുവരുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചത് ശ്രീറാം റെഡ്ഡിയുടെ ഇടപെടലാണ്.

35000 കോടിയുടെ ഖനന അഴിമതി കഥയാണ് ഇതേ തുടര്‍ന്ന് പുറത്ത് വന്നതും ജനാര്‍ദ്ധന റെഡ്ഡി ജയിലിലായതും. അതു കൊണ്ട് തന്നെ ബാഗേപള്ളിയില്‍ ശ്രീറാം റെഡ്ഡിയെ തോല്‍പ്പിക്കാന്‍ ജനാര്‍ദ്ധന റെഡ്ഡി കോടികളാണ് ഒഴുക്കുന്നത്. 34000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുത്ത രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരേയും ജിവിഎസ് തുറന്നു കാട്ടി.

ശ്രീറാം റെഡ്ഡിയുടെ സഭയിലെ ഇടപെടലിനൊടുവില്‍ സര്‍ക്കാര്‍ എ ടി രാമസ്വാമിയുടെ നേതൃത്വത്തില്‍ നിയമസഭാ കമ്മിറ്റിയെ അന്വേഷണത്തിനായി നിയമിച്ചു. ശ്രീറാം റെഡ്ഡിയും കമ്മിറ്റിയില്‍ അംഗമായിരുന്നു. ഗുരുതരമായ വിവരങ്ങള്‍ കണ്ടെത്തിയ കമ്മിറ്റി ഭൂമി കയ്യേറ്റക്കാര്‍ക്ക് ജയിലിലടക്കണമെന്ന്
ശുപാര്‍ശ ചെയ്തു.

ഇത്തരത്തില്‍ സംസ്ഥാനത്ത് പിടിമുറുക്കിയ ഭൂമി, ഖനി, മദ്യമാഫിയക്കെതിരെ നിരന്തര പോരാട്ടത്തെ തുടര്‍ന്ന് ജി വി ശ്രീറാം റെഡ്ഡി ഇതര പാര്‍ട്ടി ,മാഫിയകളുടെ കണ്ണിലെ കരടായി മാറി .ശ്രീറാം റെഡ്ഡി ഏറ്റെടുത്ത നിരവധി കേസുകള്‍ ഇപ്പോഴും കോടതിയിലാണ്.

ഈ മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടിന്റ ഇടപെടല്‍ ഉണ്ടായിട്ടും 2008 ല്‍ ബാഗേപള്ളിയില്‍ കേവലം 968 വോട്ടുകള്‍ക്കാണ് ശ്രീറാം റെഡ്ഡി പിന്നിലായി പോയത്.

സംസ്ഥാനത്തെ മദ്യമാഫിയയില്‍ പ്രധാനിയായ എസ് എന്‍ സുബ്ബ റെഡ്ഡിയെ സ്വതന്ത്രനായി ഇറക്കിയാണ് 2013 ല്‍ എതിര്‍വിഭാഗം ശ്രീറാം റെഡ്ഡിയെ നേരിട്ടത്.

മണ്ഡലത്തില്‍ അമ്പത് കോടിയിലേറെയാണ് ഒഴുക്കിയത്. സുബ്ബറെഡ്ഡിയുടെ ആളുകള്‍ നേരിട്ടാണ് നിരക്ഷരായ ജനങ്ങള്‍ക്കിടയില്‍ പണം ഒഴുക്കിയത് .അതിര്‍ത്തി പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി മുറെഗരെ ഉള്‍പ്പെടെയുള്ള സിപിഐ എമ്മിന്റെ ശക്തി കേന്ദ്രങ്ങള്‍ ബാഗേപള്ളി മണ്ഡലത്തില്‍ നിന്നും അടര്‍ത്തിമാറ്റി ഗൗരിബിദനൂര്‍ മണ്ഡലത്തില്‍ ചേര്‍ത്തു.

ഇത്തരത്തില്‍ കഴിഞ്ഞ തവണ പല വിധത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടും സിപിഐഎം വോട്ട് അയ്യായിരത്തോളം വര്‍ദ്ധിച്ചു. ഇതിന്റെ ആവേശം ഇത്തവണ പ്രചരണത്തിലിടനീളം കാണാം. എല്ലാ പഞ്ചായത്തിലും സ്‌കൂളുകള്‍ ,പോളിടെക്‌നിക്, ഐ ടി ഐ ,മൂന്ന് സര്‍ക്കാര്‍ ഡിഗ്രി കോളെജ് ,ഉറുദു ഹൈസ്‌കൂള്‍, പാത്ത്പള്യ പി യു കോളെജ് തുടങ്ങി വിദ്യാഭ്യാസ മേഖലയില്‍ ശ്രീറാം റെഡ്ഡി കൊണ്ടു വന്ന വികസനങ്ങള്‍ മാത്രമാണ് മണ്ഡലത്തില്‍ ഇന്നും കാണുന്നത് .

ഗുരുതരമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മണ്ഡലത്തില്‍ ആകെയുള്ള നാല് ഡാമുകള്‍ നിര്‍മിച്ചതും ശ്രീറാം റെഡ്ഡി എം എല്‍ എ ആയിരിക്കവെയാണ്. ശ്രീറാം റെഡ്ഡി തന്റെ മണ്ഡലത്തില്‍ എത്തിച്ച
100 കിടക്കകള്‍ ഉള്ള സര്‍ക്കാര്‍ ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.

വൈദ്യുതി, റോഡ് ,കോടതി സമുച്ചയം തുടങ്ങി ഇന്ന് ബാഗേപള്ളിയില്‍ കാണുന്ന വികസനങ്ങള്‍ ജീവിഎസ്സിന്റെ ശ്രമഫലമാണ്.

അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നേടിയെടുത്ത ശ്രീറാം റെഡ്ഡി യോടുള്ള നന്ദി സൂചകമായി ആ കോളനി ശ്രീറാം ലേ ഔട്ട് എന്ന പേരിലാണ്. 13000 കര്‍ഷകര്‍ക്ക് 2 മുതല്‍ 5 ഏക്കര്‍ വരെ കൃഷിഭൂമിയും പട്ടയവും കിട്ടിയതു ശ്രീറാം റെഡ്ഡിയുടെ പരിശ്രമം ഒന്നു കൊണ്ടു മാത്രമാണ്.

തുടര്‍ന്ന് വന്നവര്‍ നാടിനായി ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല ശ്രീറാം റെഡ്ഡി തുടങ്ങി വെച്ച പല വികസന പ്രവര്‍ത്തികളും മുന്നോട്ട് കൊണ്ടു പോയതുമില്ല. ശ്രീറാം റെഡ്ഡി അനുമതി നേടിയെടുത്ത 126 ഗ്രാമങ്ങള്‍ കുടിവെള്ളം കിട്ടുന്ന , ബാഗേപള്ളി ,ഗുഡിബണ്ടു താലുക്കുകള്‍ക്ക് ഇടയില്‍ പൈപ്പ് ലൈന്‍ പദ്ധതി പിന്നീട് വന്നവര്‍ തിരിഞ്ഞ് നോക്കിയില്ല.

ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ എന്നോട് ഇങ്ങോട്ട് വന്നു പറയുകയാണ് ,അവര്‍ക്ക് കാര്യങ്ങള്‍ എല്ലാം അറിയാം അവര്‍ എന്നെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു ശ്രീറാം റെഡ്ഡി പറഞ്ഞു.

2013 ല്‍ 87 കോടിയായിരുന്ന സിറ്റിങ്ങ് എം എല്‍ എ സുബ്ബ റെഡ്ഡിയുടെ ഇത്തവണത്തെ വെളിപ്പെടുത്തിയ സ്വത്ത് 245 കോടിയാണ്. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച സിറ്റിങ്ങ് എംഎല്‍എ എസ് എന്‍ സുബ്ബാ റെഡ്ഡി ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്.

മനോഹറാണ് ജനതാദള്‍ സ്ഥാനാര്‍ഥി.കന്നട, തെലുങ്ക് സിനിമ നടന്‍ സായ്കുമാര്‍ ബി ജെ പി ടിക്കറ്റിലും മത്സരിക്കുന്നു.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ ശ്രീനിവാസ റെഡ്ഡി സ്വതന്ത്രനായും മത്സരിക്കുന്നു. മണ്ഡലത്തിലെ ഗ്രാമ പഞ്ചായത്തുകളും 4 താലൂക്ക് പഞ്ചായത്തുകളിലും സി പി ഐ എം ഭരണമാണ് . സിപിഐ എമ്മിന്റെ വിജയമുറപ്പിക്കാന്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ സകലതും മാറ്റി വെച്ചുള്ള പ്രവര്‍ത്തനത്തിലാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News