കൊല്‍ക്കത്ത : ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ മുംബൈയുടെ സാധ്യതകള്‍ എഴുതിതള്ളിയവര്‍ക്ക് രോഹിത് ശര്‍മ്മയുടെ ടീമിന്‍റെ മറുപടി. തുടര്‍ തോല്‍വികളില്‍ നിന്ന് തുടര്‍ വിജയങ്ങളിലേക്ക് കുതിച്ചുയര്‍ന്ന മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 102 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് മുംബെെ ഇന്ത്യന്‍സ് പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത് മുംബെെ ഉയര്‍ത്തിയ 211 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത 18.1 ഓവറില്‍ 108 റണ്‍സില്‍ ബാറ്റുതാഴ്ത്തി. ലീഗില്‍ മുംബൈയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ രക്ഷകനായത് 21 പന്തില്‍ ആറു സിക്സും അഞ്ചു ബൗണ്ടറിയും സഹിതം 62 റണ്‍സ് അടിച്ചെടുത്ത ഇഷാന്‍ കിഷനാണ്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ബെന്‍ കട്ടിങ്ങും ഹര്‍ദിക്ക് പാണ്ഡ്യയും ക്രൂണാല്‍ പാണ്ഡ്യയും മുംബൈ സ്‌കോര്‍ ഇരുന്നൂറ് കടത്തി.
ഇഷാന്‍റെ സിക്സറുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത മുംബൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. ഒരാള്‍ക്കു പോലും പിടിച്ചുനില്‍ക്കാനായില്ല. 21 റണ്‍സെടുത്ത ക്രിസ് ലൈനും നിതീഷ് റാണയുമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മുംബൈക്കായി ക്രുണാല്‍ പാണ്ഡ്യയും ഹര്‍ദിക്ക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, മായങ്ക് മാര്‍ക്കണ്ഡെ, ബെന്‍ കട്ടിംങ്, മക്ലനാഗന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് അഞ്ചു വിജയം സഹിതം 10 പോയന്റുള്ള മുംബൈ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഇതേ പോയന്റുള്ള കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശേഷിക്കുന്ന മത്സരളില്‍ മികച്ച വിജയം സ്വന്തമാക്കിയാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ഇക്കുറി പ്ലേ ഓഫ് കടമ്പ മറികടക്കാം.
Get real time update about this post categories directly on your device, subscribe now.