ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എം ആര്‍ക്കും പരസ്യപിന്തുണ പ്രഖ്യാപിച്ചേക്കില്ല; മനസാക്ഷി വോട്ടിന് ആഹ്വാനമുണ്ടാകും; നിര്‍ണായക തീരുമാനത്തിനായി യോഗം ചേരും

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് തീരുമാനിക്കാന്‍ കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മറ്റി യോഗം നാളെ കോട്ടയത്ത് ചേരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പാണ് മുഖ്യ അജണ്ടയെങ്കിലും പരസ്യപിന്തുണ പ്രഖ്യാപിക്കാതെ മനഃസാക്ഷി വോട്ടിന് സാധ്യത. സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗം ഉച്ചയ്ക്ക് 2.30ന് കോട്ടയം ഓര്‍ക്കിഡ് റെയിഡന്‍സിയിലാണ് ചേരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എത്രയും വേഗം മുന്നണി പ്രവേശനം സാധ്യമാക്കണമെന്നാണ് കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പൊതുവികാരം. അതിനാല്‍ മുന്നണികള്‍ക്കെന്ന പോലെ കേരളാ കോണ്‍ഗ്രസിനും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.

ഈ സാഹചര്യത്തില്‍ ഏതെങ്കിലും മുന്നണിയ്ക്ക് പരസ്യപിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. പരസ്യ പ്രഖ്യാപനത്തിന് നില്‍ക്കാതെ കരുതലോടെ നീങ്ങാനാണ് കേരളാ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും വ്യക്തമാക്കുന്നു.

കേരളാ കോണ്‍ഗ്രസ് എം ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം ചെങ്ങന്നൂരില്‍ ഇടത് അനുകൂല മനോഭാവം പരസ്യമാക്കി നേരത്തെ രംഗത്തുവന്നിരുന്നു. തീരുമാനമെടുക്കാന്‍ പ്രാദേശിക ഘടകത്തെ അനുവദിക്കണമെന്ന ആവശ്യവും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ വിജയസാധ്യത ആര്‍ക്കെന്ന് വിലയിരുത്തി മനഃസാക്ഷി വോട്ടെന്ന നിലപാട് കേരളാ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചേക്കും. ഇക്കാര്യങ്ങളില്‍ തീരുമാനത്തിലെത്താനാണ് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യയോഗം വെള്ളിയാഴ്ച്ച കോട്ടയത്ത് ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News