കോഴിക്കോട്: ചാത്തമംഗലത്ത് പെട്രോൾ പമ്പിൽ തോക്ക് ചൂണ്ടി കവർച്ച. ഒരു ലക്ഷത്തി എണ്ണായിരം രൂപ, മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് കവർന്നു. സംഭവത്തെകുറിച്ച് കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.
ചാത്തമംഗലം കട്ടാങ്ങലുള്ള എ ഇ കെ പെട്രോൾ പമ്പിലാണ് സിനിമ സ്റ്റൈലിൽ മുഖം മൂടി ധരിച്ചെത്തിയ അക്രമി തോക്കു ചൂണ്ടി പണം കവർന്നത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.
ഒരു ലക്ഷത്തി എണ്ണായിരം രൂപ നഷ്ടമായി. കനത്ത മഴയെ തുടർന്ന് പമ്പടച്ച് വീട്ടിലേക്ക് പോവാനിറങ്ങുന്ന സമയത്താണ് ഉടമ അനീഷയേയും ജീവനക്കാരനേയും ഭീഷണിപ്പെടുത്തി പണം കവർന്നത്.
മുഖം മൂടി ധരിച്ചെത്തിയ അക്രമി പമ്പ് ജീവനക്കാരന്റെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടെന്ന് ഉടമ അനീഷ പറഞ്ഞു. കനത്ത മഴ കാരണം വൈദ്യുതി ഇല്ലാത്ത സമയത്തായിരുന്നു കവർച്ച എന്നതും അക്രമിയ്ക്ക് സഹായകമായി.
വൈദ്യുതി മുടങ്ങിയതിനാൽ പമ്പിലെ സി സി ടി വി യും പ്രവർത്തനരഹിതമായിരുന്നു. ഉടമയുടെ പരാതിയിൽ കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പമ്പിൽ പരിശോധന നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here