ശ്രീജിത്തിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ കൈക്കൂലി; പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ കൈക്കൂലി ആരോപണത്തെ തുടര്‍ന്ന് പോലീസുകാരന് സസ്‌പെന്‍ഷന്‍.

ശ്രീജിത്തിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് പോലീസ് ഡ്രൈവര്‍ പ്രദീപിനെയാണ് സസ്‌പെന്റ് ചെയ്തത്. ശ്രീജിത്തിന്റെ വീട്ടുകാരില്‍ നിന്ന് പ്രദീപ് 15000 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതിന്റെ തൊട്ടടുത്ത ദിവസം പറവൂര്‍ സിഐ ആയിരുന്ന ക്രിസ്പിന്‍ സാമിന്റെ ഡ്രൈവര്‍ പ്രദീപ് ശ്രീജിത്തിന്റെ വീട്ടുകാരോട് 25,000 രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം.

ശ്രീജിത്തിന്റെ ചികിത്സക്കും മോചനത്തിനും വേണ്ടിയാണ് തുക ആവശ്യപ്പെട്ടതെന്നും ആക്ഷേപമുണ്ട്. തുടര്‍ന്ന് വീട്ടുകാര്‍ 15000 രൂപ പ്രദീപിന് നല്‍കി. സിഐക്ക് വേണ്ടിയാണ് തുക വാങ്ങുന്നതെന്ന് പ്രദീപ് പറഞ്ഞതായാണ് വിവരം.

പിന്നീട് ശ്രീജിത്ത് മരിച്ച ശേഷം ഈ തുക ഇടനിലക്കാര്‍ വഴി വീട്ടുകാര്‍ക്ക് തിരിച്ചു കൊടുത്തതായും പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെ തുടര്‍ന്നാണ് സിഐയുടെ ഡ്രൈവറായിരുന്ന പ്രദീപിനെ ആലുവ റൂറല്‍ എസ്പി സസ്‌പെന്റ് ചെയ്തത്.

അതേസമയം, ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ഗ്രേഡ് എസ്‌ഐ ജയാനന്ദന്‍ ഉള്‍പ്പടെ 4 പോലീസുകാരെക്കൂടി പ്രതി ചേര്‍ത്തിരുന്നു. അന്യായ തടങ്കലിന് കൂട്ടു നിന്നുവെന്നും കസ്റ്റഡി മര്‍ദനം മറച്ചുവെച്ചുവെന്നുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News