സൗമ്യ കാമുകനയച്ച സന്ദേശങ്ങള്‍ പോലീസിന്; നാടിനെ നടുക്കിയ കൊലപാതകക്കേസ് വഴിത്തിരിവില്‍

കണ്ണൂര്‍: കണ്ണൂര്‍ പിണറായിയില്‍ മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ കാമുകനയച്ച സന്ദേശങ്ങള്‍ പോലീസിന് ലഭിച്ചു. ഏപ്രില്‍ 27ന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്റിലായ സൗമ്യയെ തിങ്കളാഴ്ചയാണ് നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

മാതാപിതാക്കളേയും മകളേയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സൗമ്യ കാമുകനയച്ച സന്ദേശങ്ങളാണ് പൊലീസിന് ലഭിച്ചത്.

മകള്‍ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് സൗമ്യ കാമുകന് അയച്ച എസ്.എം.എസാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ണ്ണായക തെളിവ്.

‘എനിക്ക് അച്ഛനെയും മകളെയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്. മനസിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കണമെന്ന ആഗ്രഹമുണ്ട്.’ ഇതായിരുന്നു ആ മൊബൈല്‍ സന്ദേശം. എല്ലാവരെയും കൊന്നത് ഞാന്‍ തനിയെ ആണെന്ന് സൗമ്യ തെളിവെടുപ്പിനിടെ ആവര്‍ത്തിച്ചു.

ഇതുവരെയുള്ള സൂചനകളും സൗമ്യയിലേയ്ക്ക് മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും എല്ലാവരെയും കൊന്നത് താന്‍ ഒറ്റക്കാണെന്നും ജാമ്യത്തിലിറങ്ങാന്‍ തയ്യാറല്ലെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു.

ഇതിനിടെ, സൗമ്യയ്ക്കു വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകുമെന്ന് പ്രചരണം ഉണ്ടായിരുന്നു. മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ ആളൂര്‍ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും കോടതിയില്‍ ഹാജരായില്ല

മാതാപിതാക്കളായ കമലയെയും കുഞ്ഞിക്കണ്ണനെയും മൂത്ത മകള്‍ ഐശ്വര്യയേയും ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ 24നു സൗമ്യയെ പൊലീസ് അറസ്റ്റു ചെയ്തത്.

പ്രണയ ബന്ധങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്ന് കണ്ടതോടെയാണ് കുടുംബത്തെ കൊല്ലാന്‍ സൗമ്യ തീരുമാനിച്ചത്. മൂത്തമകള്‍ ഐശ്വര്യ വഴിവിട്ട ബന്ധം കാണാനിടയായതാണ് മകളെ കൊല്ലാന്‍ സൗമ്യയെ പ്രേരിപ്പിച്ചത്.

2012ലാണ് സൗമ്യയുടെ ഇളയ മകള്‍ കീര്‍ത്തന മരിക്കുന്നത്. ഇതിന് ശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു സൗമ്യ താമസിച്ചത്.

കിണറിലെ വെള്ളത്തില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്നും മകള്‍ മരിച്ചത് അമോണിയ അടങ്ങിയ വെള്ളം കുടിച്ചാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു സൗമ്യയുടെ ലക്ഷ്യം.

എന്നാല്‍ പിന്നാലെ സൗമ്യയുടെ മാതാപിതാക്കളും സമാന രീതിയില്‍ മരിച്ചതോടെ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നുകയായിരുന്നു. സംശയം ബലപ്പെട്ടതോടെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ സൗമ്യയേയും സമാന രീതിയില്‍ ഛര്‍ദ്ദി പിടിപെട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ പിടിക്കപ്പെടുമെന്ന ഭയത്തില്‍ സൗമ്യ ഒരു ആത്മഹത്യാ നാടകം കളിക്കുകയായിരുന്നെന്ന് പിന്നീട് പോലീസ് കണ്ടെത്തുകയായിരുന്നു. സൗമ്യയുടെ ആത്മഹത്യാ നാടകം തന്നെയാണ് സൗമ്യയുടെ നിര്‍ണായക അറസ്റ്റിലേക്ക് പോലീസിനെ കൊണ്ടെത്തിച്ചത്.

അറസ്റ്റിലായപ്പോഴും സൗമ്യ പോലീസുമായി സഹകരിച്ചിരുന്നില്ല. എന്നാല്‍ നീണ്ട 11 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ സൗമ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

എലിവിഷം ഭക്ഷണത്തില്‍ കലര്‍ത്തിയാണ് കൊല നടത്തിയതെന്ന് സൗമ്യ സമ്മതിച്ചിട്ടുണ്ട്. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്യ്ക്ക് മീന്‍ കറിയിലുമാണ് വിഷം കലര്‍ത്തി നല്‍കിയതെന്നായിരുന്നു സൗമ്യയുടെ കുറ്റസമ്മതം.

അതേസമയം, സൗമ്യയുടെ മുന്‍ ഭര്‍ത്താവിനെയും നാലു കാമുകന്‍മാരെയും കൊലപാതകത്തില്‍ പങ്കില്ലെന്ന സൂചനകളെത്തുടര്‍ന്നുപൊലീസ് വിട്ടയച്ചു. എന്നാല്‍ സൗമ്യ കാമുകനയച്ച മെസേജുകള്‍ ലഭ്യമായതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel