കണ്ണിപ്പൊയിൽ ബാബുവിനെ കഴുത്തുവെട്ടിയാണ് കൊന്നത്; പ്രകോപനമേതുമില്ലാതെ നടത്തിയ ഈ അരുംകൊല താലിബാൻ മോഡൽ വധമാണ്; യാദൃച്ഛിക സംഭവമല്ല- കോടിയേരി എ‍ഴുതുന്നു

എൽഡിഎഫിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചിട്ട് രണ്ടുവർഷം തികയുകയും ചെങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് സംസ്ഥാനത്ത് ക്രമസമാധാനനില ഭദ്രമല്ലെന്ന് വരുത്താൻ മാഹിയിൽ സംഘപരിവാർ ആസൂത്രിതമായ കൊലപാതകം നടത്തിയത്.

കേരളം സമാധാനപ്രിയരുടെ നാടാണ്. മാഹിയിൽ സിപിഐ എം പള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും മാഹി നഗരസഭാ മുൻ കൗൺസിലറുമായിരുന്ന സ. കണ്ണിപ്പൊയിൽ ബാബുവിനെ കഴുത്തുവെട്ടി കൊന്ന ആർഎസ്എസ് ഭീകരത കേരളത്തിന്റെ സമാധാനജീവിതത്തിന് വെല്ലുവിളിയാണ്. പ്രകോപനമേതുമില്ലാതെ നടത്തിയ ഈ അരുംകൊലയെതുടർന്നാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണ് താലിബാൻ മോഡലിൽ ബാബുവിനെ കഴുത്തറുത്ത് കൊന്നത്.

ഇതൊരു യാദൃച്ഛിക സംഭവമാണെന്നമട്ടിലുള്ള ചിലരുടെ പ്രതികരണങ്ങൾ അപക്വമാണ്. ഇടതുപക്ഷ പാർടികളുടെ ശക്തിയും സാന്നിധ്യവും ഇതുപോലെ ആവശ്യപ്പെടുന്ന ഒരുഘട്ടം ഇന്ത്യയിലുണ്ടായിട്ടില്ല. ഹിന്ദുത്വ വർഗീയ ശക്തികളുടെ ഭീഷണി നേരിടുന്നതിന്, തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിനപ്പുറം ബഹുജനശക്തി കെട്ടഴിച്ചുവിടുന്നതിൽ ഇടതുപക്ഷം വിജയിച്ചിരിക്കുകയാണ്. അതാണ് മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ‌് മാർച്ചിൽ തെളിഞ്ഞത്. ഇത്തരം ബഹുജനപ്രക്ഷോഭങ്ങൾ ഉദാരവൽക്കരണ സാമ്പത്തികനയത്തിനും വർഗീയവിപത്തിനുമുള്ള താക്കീതാണ്.

ഇത് വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും. സിപിഐ എമ്മിന്റെ ഹൈദരാബാദ് പാർടി കോൺഗ്രസും സിപിഐയുടെ കൊല്ലം പാർടി കോൺഗ്രസും ഇടതുപക്ഷ ഐക്യത്തിന്റെ പ്രാധാന്യം ഊന്നിയിട്ടുണ്ട്. ബിജെപിയെ മുഖ്യശത്രുവായി കണ്ടുകൊണ്ടും ബിജെപിയും കോൺഗ്രസും ഒരുപോലെ സ്വീകരിച്ചിട്ടുള്ള നവഉദാരവൽക്കരണ നയത്തെ പരാജയപ്പെടുത്തുന്നതിനുമുള്ള രാഷ്ട്രീയത്തിനാണ് സിപിഐ എം പാർടി കോൺഗ്രസ‌് രൂപംനൽകിയിട്ടുള്ളത്. ഇത് രാജ്യത്തെ സാധാരണ ജനങ്ങളെ കൂടുതൽ ഉത്സാഹഭരിതരാക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ വേണം മാഹിയിലെ ജനകീയ നേതാവായ ബാബുവിനെ അരുംകൊല ചെയ്ത ആർഎസ്എസ് നടപടിയെ കാണേണ്ടത്.

ബിജെപിയും അത് പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വവും വളരുന്നത് വർഗീയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടാണ്. ന്യൂനപക്ഷ സമുദായക്കാരെയും കമ്യൂണിസ്റ്റുകാരെയും വെറുക്കുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. അക്രമാസക്തമായി ഹിന്ദുത്വം പ്രചരിപ്പിക്കാൻ ആർഎസ്എസ് സൃഷ്ടിച്ചിട്ടുള്ള പാർടിയാണ് ബിജെപി. സഹസ്രാബ്ദമായി ഇന്ത്യയിൽ നിലനിൽക്കുന്ന ഹിന്ദുമതത്തിന്റെ ആദർശങ്ങളല്ല ഇവരെ നയിക്കുന്നത്.

ഈശോയും അള്ളാഹുവും ഈശ്വരനും ഒന്നിന്റെ പര്യായമാണെന്ന് വിശ്വസിക്കുന്നവരെ കൊന്നുതള്ളുന്നതാണ് ഇവരുടെ നയം. അതിന്റെ ഭാഗമായാണ് ആസൂത്രിതമായി മഹാത്മാഗാന്ധിയെ കൊന്നത്. ഭാരതം ഭാരതീയന്റേത് എന്നതായിരുന്നു ഗാന്ധിജിയുടെ സങ്കൽപ്പം. എന്നാൽ, ഇന്ത്യ ഹിന്ദുവിന്റെമാത്രം എന്നതാണ് സംഘപരിവാർ ആശയം. ഗാന്ധിജിയുടെ രാജ്യസങ്കൽപ്പം യാഥാർഥ്യമാക്കണമെങ്കിൽ ആർഎസ്എസ് വിപത്ത് തടയണം. അതിനായി അചഞ്ചലമായ നിലപാട് സ്വീകരിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. വർഗീയകലാപമുണ്ടാക്കി തീവ്രഹിന്ദുത്വത്തിന്റെ വിജയക്കൊടി പാറിക്കാൻ കേരളത്തിലും ശ്രമിക്കുകയാണ്. ഏറ്റവുമൊടുവിൽ വാട‌്സാപ‌് ഹർത്താലിലും ഇത് തെളിഞ്ഞു.

നരേന്ദ്ര മോഡി ഭരണത്തിൽ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക്‌ കൈയും കണക്കുമില്ല. ജമ്മുവിലെ കഠ‌്വയിൽ എട്ടുവയസ്സുകാരിയെ ദിവസങ്ങളോളം അമ്പലത്തിൽ പീഡിപ്പിച്ച് അവസാനം മൃഗീയമായി കൊലചെയ്തു. സംഘപരിവാർ കൊലയാളികൾക്ക് രക്ഷയും ഒത്താശയും ചെയ്യാൻ ബിജെപിയുടെ അറിയപ്പെടുന്ന നേതാക്കൾ രംഗത്തിറങ്ങി. കഠ‌്വ സംഭവത്തിൽ പ്രതിഷേധിക്കേണ്ടത് ഏത് പൗരന്റെയും കടമയാണ്. ഇരയുടെ ജാതിയും മതവും നോക്കിയല്ല പ്രതിഷേധിക്കേണ്ടത്. എന്നാൽ, കഠ‌്വ സംഭവത്തെ ദുരുപയോഗപ്പെടുത്തി മതനിരപേക്ഷത നിലനിൽക്കുന്ന കേരളത്തിൽ വർഗീയകലാപം സൃഷ്ടിക്കാൻ വാട‌്സാപ‌് ഹർത്താലിന് ആഹ്വാനം ചെയ്ത് രംഗത്തുവന്നത് സംഘപരിവാറാണെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.

സംഘികളുടെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വേഷംമാറിയ ആഹ്വാനം കേട്ട് പ്രതിഷേധിക്കാൻ മുസ്ലിം സംഘടനകളുടെയും രാഷ്ട്രീയ പാർടികളുടെയും ആളുകൾ രംഗത്തുവന്നു. അപ്പോൾ അതിനെ നേരിടാൻ കാവിപ്പടയും റോഡിലിറങ്ങി. ഇങ്ങനെ കുഴപ്പം സൃഷ്ടിക്കാൻ ശ്രമിച്ചവരെ കൈയോടെ പിടികൂടാനും കലാപം ഒഴിവാക്കാനും കേരള പൊലീസിന്റെ സമർഥമായ ഇടപെടലുകൊണ്ട് കഴിഞ്ഞു. വാട‌്സാപ‌് ഹർത്താലിന് വ്യാജസംഘടനയുടെ പേരിൽ ആഹ്വാനം നൽകിയ സംഘപരിവാർ ക്രിമിനലുകളെ അറസ‌്റ്റ‌് ചെയ്ത് ജയിലിലടച്ചു. ഇതിന്റെ പേരിൽ സംസ്ഥാനത്ത് വർഗീയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുക്കാനുള്ള സംഘപരിവാർ നീക്കം പരാജയപ്പെട്ടപ്പോഴാണ് കൊലപാതകരാഷ്ട്രീയവുമായി വീണ്ടും രംഗത്തെത്തിയത്.

ബിജെപി ദേശീയ കൗൺസിൽ അംഗം പി കെ കൃഷ്ണദാസ് മികച്ച ജനകീയനേതാവിനുള്ള അനുമോദനശിൽപ്പം സമ്മാനിച്ച ബാബുവിനെയാണ് ആർഎസ്എസ് ക്രിമിനലുകൾ കൊന്നത്. എതിർ രാഷ്ട്രീയപാർടിക്കാർക്കുപോലും സമ്മതനും ജനകീയനുമായിരുന്നു ബാബു. തലശേരി‐ മാഹി ബൈപാസിന് ഭൂമി വിട്ടുനൽകിയ എഴുപത്തഞ്ചോളം കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം വാങ്ങിക്കൊടുക്കുന്നതിന് പോരാടുകയും അതിന് കേന്ദ്രമന്ത്രിമാരെയടക്കം കണ്ട് പരിഹാരം നേടുകയും ചെയ്തു. അങ്ങനെയുള്ള ഒരു ജനകീയനേതാവിനെയാണ് കശാപ്പ് ചെയ്തത്.

കൂത്തുപറമ്പിലെ തൊക്കിലങ്ങാടിയിൽ ആർഎസ്എസ് ശിബിരത്തിൽ ആസൂത്രണം ചെയ്ത കാര്യം നടപ്പാക്കുകയായിരുന്നു. മാഹി കൊലപാതകത്തിനുപിന്നാലെ കേരളത്തിൽ ക്രമസമാധാനം തകർന്നൂവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പ്രതികരണം വന്നു. ഒരുവശത്ത് ആക്രമണം കെട്ടഴിച്ചുവിടുകയും മറുവശത്ത് ക്രമസമാധാനം തകർന്നൂവെന്ന് മുറവിളി കൂട്ടുകയും ചെയ്യുന്ന ഇരട്ടത്താപ്പിലാണ് ബിജെപി‐ ആർഎസ്എസ് നേതൃത്വം.

രാജ്യത്താകമാനം വർഗീയധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് സംഘപരിവാർ ശ്രമം. ഒരുഭാഗത്ത് സിപിഐ എം ആക്രമണം സൃഷ്ടിക്കുന്നൂവെന്ന് ദേശവ്യാപകമായി പ്രചരിപ്പിക്കുകയും അതേസമയം സിപിഐ എം പ്രവർത്തകരെ ഏകപക്ഷീയമായി കടന്നാക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. സിപിഐ എമ്മിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന ആർഎസ്എസ്‐ ബിജെപി നേതാക്കളുടെ പരസ്യപ്രസ്താവന വാക്കുകളിലൊതുങ്ങുന്നതല്ല. ആയുധശക്തിയും പണശക്തിയും ഉപയോഗിച്ച് അത് നടപ്പാക്കുകയാണ്. ത്രിപുരയിൽ അത് കണ്ടതാണ്. ഡൽഹിയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിനകത്ത് കയറി പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്യുന്നിടംവരെ അതെത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി പുറപ്പെടുവിച്ചത് ആർഎസ്എസാണ്.

തലവെട്ടിയാൽ ഒരുകോടി രൂപ ഇനാം ആർഎസ്എസ് നേതാവ് ഉജ്ജയിനിയിലെ പൊതുയോഗത്തിൽ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ പാർലമെന്റ‌് അംഗം ചിന്താമണി മാളവികയുടെയും നിയമസഭാംഗം മോഹൻ യാദവിന്റെയും സാന്നിധ്യത്തിലായിരുന്നു. വധഭീഷണി മുഴക്കിയ ആർഎസ്എസ് പ്രചാരക് പ്രമുഖ് കുന്ദൻ ചന്ദ്രാവത്ത് ഇപ്പോഴും സംഘപരിവാറിന്റെ നല്ലപിള്ളയാണ്. മുഖ്യമന്ത്രിയുടെ കേരളത്തിന് പുറത്തുള്ള സഞ്ചാരസ്വാതന്ത്ര്യം തടയാനും സംഘപരിവാർ നീക്കമുണ്ടായി.

മംഗലാപുരത്ത് പിണറായി വിജയൻ പങ്കെടുക്കുന്ന മതസൗഹാർദറാലി തടയാൻ, ഹർത്താലും സിപിഐ എം ഓഫീസ് തീയിടലും നടത്തി. എന്നിട്ടും പിണറായി അവിടെയെത്തുകയും പ്രസംഗിക്കുകയും ചെയ്തു. ഇതിലെല്ലാമുള്ള നിരാശയാണ് കേരളത്തിൽ വീണ്ടും കൊലപാതകരാഷ്ട്രീയത്തിലേക്ക് ആർഎസ്എസിനെ എത്തിച്ചിരിക്കുന്നത്.

ക്രമസമാധാനത്തിലും കുറ്റാന്വേഷണത്തിലും കേരളം മികച്ചതാണെന്ന് കേന്ദ്ര സർക്കാർതന്നെ അംഗീകരിച്ചിട്ടുണ്ട്. സമാധാനഭംഗമുണ്ടാകുമ്പോൾ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും ഉഭയകക്ഷിചർച്ചയും സർവകക്ഷി സമാധാനചർച്ചയും നടത്തുകയും സമാധാനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ കണ്ണൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ അക്രമസംഭവങ്ങൾക്ക് അറുതിവന്നു. എന്നാൽ സമാധാനപരിശ്രമങ്ങൾ ഫലം കാണുമ്പോൾ, ഒരിടവേളയ്ക്കുശേഷം ആക്രമണവും കൊലപാതകവുമായി സമാധാനാന്തരീക്ഷത്തിന് ആർഎസ്എസും ബിജെപിയും ഭംഗം വരുത്തുകയാണ്.

അതാണ് മാഹിയിൽ ബാബുവിന്റെ കൊലപാതകത്തിലൂടെ വീണ്ടും തെളിഞ്ഞത്. നാടിന്റെ പ്രിയപ്പെട്ട ഒരു നേതാവിനെ നിഷ്ഠുരമായി കശാപ്പ് ചെയ്തത് ക്രമസമാധാനം തകർക്കുകയെന്ന ബോധപൂർവമായ ഉദ്ദേശ്യത്തോടുകൂടിയാണ്. പ്രകോപനം സൃഷ്ടിച്ച് അന്തരീക്ഷം വഷളാക്കുകയെന്നതാണ്. ക്രമസമാധാനത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെ കേരളത്തിൽ ഇടപെടീക്കുക എന്ന ഹീനനീക്കം ആർഎസ്എസിനുണ്ട്. ഇതൊക്കെ മനസ്സിലാക്കിയിട്ടും പല കേന്ദ്രങ്ങളും മാഹിസംഭവങ്ങളുടെ മറവിൽ സിപിഐ എമ്മിനെയും ആർഎസ്എസിനെയും ബിജെപിയെയും ഒരേതട്ടിൽ തൂക്കാനുള്ള പ്രതികരണങ്ങൾ നടത്തുന്നു.

കൊലപാതകം നടത്തിയ ആർഎസ്എസ് നേതാക്കൾതന്നെ പറയുകയാണ്, അക്രമരാഷ്ട്രീയത്തിന് ചെങ്ങന്നൂരിൽ സിപിഐ എമ്മിന് മറുപടി കിട്ടുമെന്ന്. ഇവരുടെ വാദം മറ്റൊരുതരത്തിൽ സ്വീകരിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല‐ ഉമ്മൻചാണ്ടിയാദികൾ സിപിഐ എമ്മിനെ അക്രമപ്പാർടിയെന്ന് ശകാരിക്കുന്നത്. തലകൊയ്യൽ രാഷ്ട്രീയം സിപിഐ എമ്മിനില്ല. സമാധാനത്തിനുവേണ്ടി കണ്ഠക്ഷോഭനാട്യം നടത്തുന്നവരല്ല ഞങ്ങൾ. സമാധാനം പുലരാൻ അർപ്പണബോധത്തോടെ മനസ്സുകൊണ്ട് നിലകൊള്ളുന്നവരാണ്. പ്രതിലോമരാഷ്ട്രീയം ഉറപ്പിക്കാൻ കുഞ്ഞുങ്ങളെപ്പോലും ബലാത്സംഗം ചെയ്ത് കൊല്ലുന്ന കാവിപ്പടയെയും അവരെ ഒറ്റപ്പെടുത്താൻ ജീവൻ നൽകിയും പോരാടുന്ന കമ്യൂണിസ്റ്റുകാരെയും ഒരേത്രാസ്സിൽ അളക്കുന്നത് അസംബന്ധമാണ്.

1970 മുതൽ ആർഎസ്എസുകാർ കേരളത്തിൽ കൊന്നുതള്ളിയത് 217 പച്ചമനുഷ്യരെയാണ്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടത്തുന്ന സിപിഐ എമ്മിനെതിരെയുള്ള പതിനഞ്ചാമത്തെ കൊലപാതകമാണ് ബാബുവിന്റേത്. ഈ വസ്തുത കാണാതെ, കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലുള്ള പാർടികൾ തമ്മിലുള്ള മത്സരമെന്ന ചിത്രീകരണം ചോര ഇറ്റുവീഴുന്ന കൊലക്കത്തി കൈയിലേന്തുന്ന ആർഎസ്എസിനെ വെള്ളപൂശുന്നതാണ്.

കേന്ദ്ര ഭരണത്തണലിൽ സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള കാവിരാഷ്ട്രീയത്തിന്റെ ബോധപൂർവമായ ശ്രമത്തെ ഒറ്റപ്പെടുത്താൻ എല്ലാ സമാധാനപ്രിയരും മുന്നോട്ടുവരണം. സംഘപരിവാറിന്റെ അക്രമരാഷ്ട്രീയത്തിലും പ്രകോപനത്തിലും വീണുപോകാതെ, ആർഎസ്എസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാ മനുഷ്യസ്നേഹികളും മുന്നോട്ടുവരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News