ഇന്ത്യന്‍ ഓണ്‍ലൈന്‍ സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കാന്‍ ഒരുങ്ങി വാള്‍മാര്‍ട്ട്; രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ വന്‍കിട കമ്പനിയായ വാള്‍മാര്‍ട്ട് ഇന്ത്യന്‍ ഓണ്‍ലൈന്‍ സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കുന്നതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു.

വ്യാപാരികളേയും കര്‍ഷകരേയും കൊല്ലുന്ന നീക്കമാണിതെന്ന് കുറ്റപ്പെടുത്തി സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.

രാജ്യത്തെ റീട്ടെയില്‍ മേഖലയെ തകര്‍ക്കുന്ന നീക്കം തടയണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ റീട്ടെയില്‍ രംഗത്തെ വിദേശകടന്ന് കയറ്റത്തെ എതിര്‍ത്ത ചരിത്രവും സിപിഐഎം ചൂണ്ടികാണിക്കുന്നു.

ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് അമേരിക്കന്‍ കുത്തക ഭീമനാണ് വാള്‍മാര്‍ട്ട്. രാജ്യാന്തര മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങ്ൾ സ്വന്തമാക്കുന്ന വാള്‍മാര്‍ട്ട് അത് വിറ്റഴിക്കാനുള്ള സ്ഥലമാക്കി ഇന്ത്യയെ മാറ്റും.

സ്വദേശി ഉള്‍പനങ്ങള്‍ക്ക് പ്രാധാന്യം കുറയും. ഇന്ത്യയില്‍ നേരത്തെ തന്നെ സ്ഥാനമുറപ്പിച്ചിട്ടുള്ള ആമസോണിനോട് മത്സരിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഗുണം ലഭിക്കുമെങ്കിലും ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ചില്ലറ വ്യാപാരികളെ അത് തകര്‍ക്കുമെന്ന് ഉറപ്പ്.

നികുതിയിലെ പഴുതുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ നടത്തുന്ന കച്ചവടം ചില്ലറ വ്യാപാരികള്‍ക്ക് മറികടക്കാന്‍ ആവില്ല.വടക്കേന്ത്യന്‍ വ്യാപാരി സമൂഹം ബിജെപിയോട് പൊതുവേ ചായ്‌വ് കാണിക്കുന്നവരാണ്.

പക്ഷെ വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുക്കുന്നത് അവരെ അസ്വസ്ഥരാക്കുന്നു. സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് എതിര്‍പ്പ് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചു.

തൊഴില്‍ സൃഷ്ട്ടിക്കുമെന്ന് പ്രഖ്യാപിത ലക്ഷ്യത്തെ ഇത്തരം കടന്ന് കയറ്റങ്ങള്‍ തകര്‍ക്കുമെന്ന് കോണ്‍ കണ്‍വീനര്‍ അശ്വതി മഹാജന്‍ എഴുതിയ കത്തില്‍ കുറ്റപ്പെടുത്തുന്നു. കര്‍ഷകരേയും വ്യാപാരികളേയും കൊല്ലുന്നതാണ് നീക്കം.ഇടത് പക്ഷ പാര്‍ടികളും മറ്റ് പ്രതിപക്ഷ പാര്‍ടികളും രംഗത്ത് എത്തി.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ വിദേശ കുത്തകള്‍ ഇന്ത്യയിലേയ്ക്ക് കടന്ന് കയറുന്നതിനെ ബിജെപി എതിര്‍ത്ത ചരിത്രവും സിപിഐഎം ചൂണ്ടികാട്ടി.അതേ സമയം കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ ഏറ്റെടുക്കലിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.ഏറ്റെടുക്കലിലൂടെ ലഭിക്കുന്ന നികുതി കണക്ക് കൂട്ടുന്ന തിരക്കിലാണ് കേന്ദ്ര ധനമന്ത്രാലയമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ചൂണ്ടികാട്ടുന്നു.

ദേശിയ കോംപീറ്റീഷന്‍ കമ്മീഷന്റെ അംഗീകാരം കൂടി നേടിയാല്‍ മറ്റ് തടസങ്ങളില്ലാതെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ വാള്‍മാര്‍ട്ടിന് കഴിയും.

ഇതിനൊന്നും തടസമുണ്ടാകാതിരിക്കാന്‍ ലക്ഷ്യമിട്ട് വാല്‍മാര്‍ട്ട് സി.ഇ.ഒ ഡൗങ് മക്മില്ലണ്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം തേടിയിരുന്നു.പക്ഷെ പ്രധാനമന്ത്രി കര്‍ണ്ണാടക തിരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ ഇത് വരെ കൂടിക്കാഴ്ച്ച നടന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News