ശ്രീരാമലുവിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് കോണ്‍ഗ്രസ്; കൈക്കൂലി ഇടപാടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം

ദില്ലി: ശ്രീരാമലു നടത്തിയ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ശ്രീരാമലുവിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. മോത്തിന്‍ലാല്‍ വോറ, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജെവാല തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

പ്രധാനമായും നാലാവശ്യങ്ങളാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ശ്രീരാമലുവിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും കപില്‍ സിമ്പല്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ നേതൃത്വത്തിലുള്ള രണ്ടു സ്വകാര്യ ചാനലുകള്‍ വഴിയും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും പ്രചരിക്കുന്ന മതവിദ്വേഷ വാര്‍ത്തകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എന്നാല്‍ തെളിവുകള്‍ പരിശോധിച്ചതിനുശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ബിജെപി നേതാവും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിര്‍ സ്ഥാനാര്‍ഥിയുമായ ശ്രീരാമുലുവിന്റെ കൈക്കൂലി ഇടപാട് സംബന്ധിച്ച ഒളിക്യാമറ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

ഖനി കുംഭകോണത്തില്‍ ആരോപണവിധേയരായ റെഡ്ഡി സഹോദരന്‍മാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍, മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ അടുത്ത ബന്ധുവിനു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് ഒരു കന്നഡ ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News