വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍; പൊലീസ് അന്വേഷണം ശരിയായ ദിശയില്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍.

പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും സിഐ, എസ്‌ഐ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഐജി നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദത്തിനിടെ വ്യക്തമാക്കി.

കേസ് ഈ മാസം 22ലേക്ക് മാറ്റി.

ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അഖില ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് എഎ രാധാകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന എസ്‌ഐ ദീപക് സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 18ലേക്ക് മാറ്റി.

ഇതിനിടെ വരാപ്പുഴ സംഭവത്തില്‍ മജിസ്‌ട്രേറ്റിന് വീഴ്ചപറ്റിയെന്ന പോലീസിന്റെ പരാതി അടിസ്ഥാനരഹിതമാണെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അന്വേഷണത്തില്‍ വ്യക്തമായി.

പ്രതികളെ ഹാജരാക്കിയിട്ടും മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നാണ് കണ്ടെത്തല്‍. മജിസ്‌ട്രേറ്റിനു മുന്നില്‍ പോലീസ് ശ്രീജിത്തിനെ ഹാജരാക്കിയിട്ടില്ല.

മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തത്. മജിസ്‌ട്രേറ്റ് കാണാന്‍ വിസമ്മതിച്ചു എന്ന വാദം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതി ഉയര്‍ന്നതിന് പിന്നാലെ പറവൂര്‍ മജിസ്‌ട്രേറ്റിനെ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News