ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി വീണ്ടും നിര്‍ദ്ദേശിക്കാന്‍ കൊളീജിയം തീരുമാനം; മറ്റു ഹൈക്കോടതി ജഡ്ജിമാരുടെ പേരും ചര്‍ച്ച ചെയ്തു

ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ വീണ്ടും കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കാന്‍ കൊളീജിയം യോഗത്തില്‍ തത്വത്തില്‍ ധാരണയായി.

സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തേണ്ട മറ്റു ഹൈക്കോടതി ജഡ്ജിമാരുടെ പേരും കൊളീജിയം ചര്‍ച്ച ചെയ്തു.

അതേ സമയം, കെ.എം ജോസഫിനൊപ്പം മറ്റ് ജഡ്ജിമാരുടെ പേരുകള്‍ കൂടി നല്‍കണോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ മെയ് പതിനാറിനു ചേരുന്ന അടുത്ത കൊളീജിയം യോഗത്തിനുശേഷം മറ്റു ജഡ്ജിമാരുടെ പേരിന്റെ കൂടെയായിരിക്കും കെഎം ജോസഫിന്റെ പേരും നിര്‍ദേശിക്കുക എന്നാണ് സൂചന.

ഇന്ന് ചേര്‍ന്ന കൊളീജിയം യോഗം ഒരു മണിക്കൂറോളം നീണ്ടു നിന്നെന്നാണ് റിപ്പോര്‍ട്ട്. കൊളീജിയത്തിലെ മുഴുവന്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ കൊളീജിയം വീണ്ടും നിര്‍ദേശിച്ചതോടെ കെഎം ജോസഫിന്റെ പേര് ഇനി തള്ളാന്‍ കേന്ദ്രത്തിന് സാധിക്കുകയില്ല.

എന്നാല്‍ മൂന്നര മാസത്തിനുശേഷം ഇന്ദു മല്‍ഹോത്രയുടെ പേര് പരിഗണിച്ചതുപോലെ കേന്ദ്രത്തിന് ഇതും നീട്ടി കൊണ്ടുപോവാന്‍ സാധിക്കും.

ഉടനെ കൊളീജിയം യോഗം വിളിക്കണമെന്നും കെഎം ജോസഫിന്റെ പേര് വീണ്ടും നിര്‍ദേശിക്കണമെന്നും മുതിര്‍ന്ന ജസ്റ്റിസുമാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News