വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എവി ജോര്‍ജിന് വീഴ്ച്ച സംഭവിച്ചു; വകുപ്പുതല നടപടിക്കും ശുപാര്‍ശ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്പി എവി ജോര്‍ജിന് വീഴ്ച്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

എസ്പിയുടെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ രൂപീകരണം നിയമ വിരുദ്ധമെന്നും അന്വേഷണത്തില്‍ വ്യക്തമായി. എവി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവിക്ക് കൈമാറിയതായാണ് വിവരം.

ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജിന് വീഴ്ച്ച സംഭവിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

എസ്പിയായിരിക്കെ ജോര്‍ജ് രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്ന് പോലീസുകാരാണ് ശ്രീജിത്തിനെ ആദ്യം കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂവരെയും അറസ്റ്റ് ചെയ്തിരുന്നു. റൂറല്‍ ടൈഗര്‍ ഫോഴ്‌സിന്റെ രൂപീകരണം തന്നെ ചട്ടവിരുദ്ധമായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഡിജിപിയുടെ അനുമതിയില്ലാതെയാണ് RTF രൂപീകരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എസ്പിയുടെ നിര്‍ദേശപ്രകാരമാണ് ശ്രീജിത്ത് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതെന്ന് പറവൂര്‍ മുന്‍ സിഐ ക്രിസ്പിന്‍ സാമും പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

ഇതെ തുടര്‍ന്നാണ് ജോര്‍ജിലേക്ക് അന്വേഷണം നീങ്ങിയത്. യാത്രയയപ്പ് വേളയില്‍ ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും ഇന്റലിജന്‍സ് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.

കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പോലീസുകാരെ അനുകൂലിച്ച് എസ്പി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങള്‍കൊണ്ടു തന്നെ ജോര്‍ജിനെതിരെ വകുപ്പുതല നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News