ചെങ്ങന്നൂരില്‍ ആര്‍ക്ക് പിന്തുണ നല്‍കണം; കേരളാ കോണ്‍ഗ്രസില്‍ ഭിന്നത; മനഃസാക്ഷി വോട്ടെന്ന് മാണി; യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് പിജെ ജോസഫ്

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഭിന്നത. പിന്തുണ ഏത് മുന്നണിയ്ക്ക് നല്‍കണമെന്ന കാര്യത്തിലാണ് ഭിന്നാഭിപ്രായമുയര്‍ന്നത്. തീരുമാനമെടുക്കാന്‍ ഒന്‍പതംഗ സബ്കമ്മറ്റിയെ ചുമതലപ്പെടുത്തി സ്റ്റിയറിംഗ് കമ്മറ്റി യോഗം പിരിഞ്ഞു.

ചെങ്ങന്നൂരില്‍ ഏതെങ്കിലും മുന്നണിക്ക് പരസ്യ പിന്തുണ പ്രഖ്യാപിക്കണ്ട. പകരം വിജയസാധ്യത ആര്‍ക്കെന്ന് വിലയിരുത്തി മനഃസാക്ഷി വോട്ടിന് തീരുമാനമെടുത്താല്‍ മതിയെന്നുമായിരുന്നു കെഎം മാണിയുടെയും ജോസ് കെ മാണിയുടെയും അഭിപ്രായം.

എന്നാല്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ച പിജെ ജോസഫ്, വ്യക്തമായ തീരുമാനം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു.

ഇതോടെ കേരളാ കോണ്‍ഗ്രസ് യുഡിഎഫ് മുന്നണി വിടാനുണ്ടായ സാഹചര്യം വിശദീകരിച്ച ജോസ് കെ മാണി, പാര്‍ട്ടിയേയും ചെയര്‍മാന്‍ കെ എം മാണിയേയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചവരുടെ കൂടേ ചേരണമോയെന്നും ചോദിച്ചു.

മലപ്പുറത്തു പിന്തുണ നല്‍കിയപ്പോള്‍ മാണിടെ വോട്ടു വേണ്ടാന്ന് പറഞ്ഞ മലപ്പുറം ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു ജോസ് കെ മാണി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആഞ്ഞടിച്ചത്.

അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ചെങ്ങന്നൂര്‍ സംബന്ധിച്ച തീരുമാനം എടുക്കാന്‍ സബ് കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു.

എംഎല്‍എമാരും എംപിമാരും ട്രഷററും ഉള്‍പ്പടെ 9 പേരടങ്ങുന്ന കമ്മിറ്റി ഈ മാസം 15നകം റിപ്പോര്‍ട്ട് നല്ക്കും.

അതേസമയം, സ്റ്റിയറിംഗ് കമ്മിറ്റി ശേഷം മാണിയും ജോസഫും ചേര്‍ന്ന് നടത്താറുള്ള പതിവ് വാര്‍ത്ത സമ്മേളനവും ഉണ്ടായില്ല. യോഗം കഴിഞ്ഞ ഉടനെ പിജെ ജോസഫ്, സിഎഫ് തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരെ കാണാതെ മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here