ശ്രദ്ധിച്ചാല്‍ പേടിക്കാനില്ല: പകര്‍ച്ചപ്പനികളെ ഫലപ്രദമായി തടയാന്‍ ഇതാ മാര്‍ഗങ്ങള്‍

സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ എല്ലാവരും പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

തുടക്കത്തിലേ തന്നെ എല്ലാവരും ഒറ്റക്കെട്ടായി വേണ്ടത്ര മുന്‍കരുതലുകളെടുത്താല്‍ ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ പകര്‍ച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. പകര്‍ച്ചപ്പനികള്‍ വരാതിരിക്കാന്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. പകര്‍ച്ചപ്പനികള്‍ വളരെ അപകടകാരികളായതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

പകര്‍ച്ചപ്പനികളുടെ ചികിത്സയ്ക്കായി ആശുപത്രികളില്‍ മതിയായ സൗകര്യവും മരുന്നും ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

ഇതോടൊപ്പം ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടത്ര നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വളരെയധികം രോഗികളെത്തുന്ന ആശുപത്രികള്‍ രോഗം പകരുന്ന വേദിയായി മാറരുത്.

ഓരോ ആശുപത്രിയിലും നടന്നുവരുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും മാലിന്യ നിര്‍മാര്‍ജനത്തിനും കൊതുക്, എലി, മറ്റ് പ്രാണികള്‍ എന്നിവയുടെ നശീകരണത്തിനും പ്രത്യേക പ്രാധാന്യം നല്‍കേണ്ടതാണ്. രോഗികളും കൂട്ടിരുപ്പുകാരും മാലിന്യങ്ങള്‍ വലിച്ചെറിയാതെ ശുചിത്വം പാലിക്കണം. കഴിവതും കുട്ടികളെ ആശുപത്രി സന്ദര്‍ശനത്തിനായി കൊണ്ടു പോകാതിരിക്കുക.

മാലിന്യ നിര്‍മാര്‍ജനത്തില്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അവരവരുടെ വീടും അല്ലെങ്കില്‍ സ്ഥാപനവും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കേണ്ടതാണ്.

പരിസര ശുചീകരണത്തിനായി എല്ലാവരും ശ്രദ്ധിക്കണം. ചുറ്റുപാടും ഒരു തുള്ളി വെള്ളം പോലും കെട്ടി നില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. ആശുപത്രികള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവ നിതാന്ത ജാഗ്രത പാലിക്കേണ്ടതാണ്. മാലിന്യ നിര്‍മ്മാര്‍ജനത്തിന് ഇറങ്ങുന്നവര്‍ കൊതുകു കടിയേല്‍ക്കാതിരിക്കാനുള്ള സ്വയം രക്ഷാ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.

ഈ വര്‍ഷത്തെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സര്‍ക്കാര്‍ നേരത്തെ തന്നെ ആരോഗ്യ ജാഗ്രതയ്ക്ക് രൂപം നല്‍കിയിരുന്നു.

മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിനും അതിലൂടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു വരുന്നത്.

മഴക്കാലപൂര്‍വ പരിപാടിക്ക് പകരം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സമഗ്രവും തീവ്രവുമായ കര്‍മ്മ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കേരളത്തിലെ മുഴുവന്‍ വീടുകളിലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തി ബോധവത്ക്കരണ ഉപാധികള്‍ വിതരണം ചെയ്തു വരുന്നു. പൊതുജന പങ്കാളിത്തത്തോടെ ഊര്‍ജിത പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.

അയല്‍ക്കൂട്ടങ്ങള്‍, അംഗനവാടികള്‍, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശില്‍പശാലകള്‍, അവലോകന യോഗങ്ങള്‍, മഴക്കാല പൂര്‍വ ശുചീകരണം, കൊതുകിന്റെ ഉറവിട നശീകരണങ്ങള്‍, ഹെല്‍ത്തി ക്യാമ്പയിന്‍, രോഗം പൊട്ടിപ്പുറപ്പെടുന്നിടത്ത് ഊര്‍ജിത ഇടപെടല്‍ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളാണ് നടപ്പാലാക്കി വരുന്നത്.

വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെത്തി നശിപ്പിക്കുക എന്നുള്ളതാണ് ഡെങ്കിപ്പനി വരാതിരിക്കാനുള്ള പ്രധാന പ്രതിരോധ മാര്‍ഗം.

വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന് അടിയിലെ ട്രേ, പൂച്ചട്ടികള്‍, വെള്ളം നിറഞ്ഞ ഫഌര്‍ വേസ്, ഉപയോഗിക്കാത്ത ടോയ്‌ലെറ്റുകള്‍, വീടിനുള്ളില്‍ തുണികള്‍ ഉണങ്ങാന്‍ വിരിക്കുന്നയിടം ഇവിടെയെല്ലാം കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ കാരണമായേക്കും.

വീടിനു പുറത്തുള്ള ടയര്‍, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചിരട്ട, ഒഴിഞ്ഞ പ്ലാസ്റ്റിക് കവര്‍, ടയര്‍, ടാര്‍പോളിന്‍, ഉപയോഗമില്ലാത്ത പാത്രങ്ങള്‍, ഉരലുകള്‍, ആട്ടുകല്ല്, പൂച്ചെട്ടികള്‍, ഉപയോഗിക്കുന്നവയും അല്ലാത്തതുമായ ടാങ്കുകള്‍, സണ്‍ഷേഡ്, ഓര്‍ക്കിഡ് ചെടികള്‍, ചെടിച്ചട്ടികള്‍, കോഴിക്കൂടിനും പട്ടിക്കൂടിനും അകത്തുള്ള പാത്രങ്ങള്‍, റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ഇവയിലെല്ലാം വെള്ളം കെട്ടിനില്‍കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം കണ്ടെത്തി വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.

എല്ലാവരും കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കേണ്ടതാണ്. പനി വന്നാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. ഒപ്പം നന്നായി വെള്ളം കുടിക്കുകയും ഭക്ഷണം കഴിയ്ക്കുകയും മതിയായി വിശ്രമിക്കുകയും വേണം.

ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് ആറു മാസത്തോളം പ്രതിരോധ ശേഷി ഉണ്ടെങ്കിലും വീണ്ടും അത് വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ക്ക് വീണ്ടും പനി വരുമ്പോള്‍ തന്നെ ഏത് പനിയാണെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ അത്യാവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News