ആര്‍എസ്എസ് ആക്രമണം തുടരുന്നു; പാലക്കാടും പൊന്‍കുന്നത്തും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം; രണ്ടുപേരുടെ നില ഗുരുതരം

കോട്ടയം: പൊന്‍കുന്നത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം വെട്ടി. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പൊന്‍കുന്നം ചിറക്കടവ് അമ്പലത്തിനു സമീപത്തുവെച്ചായിരുന്നു അക്രമം. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ് ക്രിമിനലുകള്‍ ആക്രമിക്കുകയായിരുന്നു. വടിവാള്‍ ഉപയോഗിച്ച് മൂന്ന് പേരുടെയും നെഞ്ചിലും വയറിലും വെട്ടി.

വിഷ്ണുരാജ്, സാജന്‍, രഞ്ജിത്ത് എന്നിവരെയാണ് വെട്ടിയത്. വെട്ടേറ്റ വിഷ്ണുരാജിന്റെ കുടല്‍ പുറത്ത് ചാടി. വിഷ്ണുരാജിന്റെ ഭാര്യ വീട്ടിലേക്ക് പോകവെയായിരുന്നു അക്രമം. അക്രമിച്ച ശേഷം ആര്‍എസ്എസ് സംഘം ഓടിമറഞ്ഞു.

സജീവ ബിജെപി ആര്‍എസഎസ് പ്രവര്‍ത്തകരായ രവികൃഷ്ണന്‍, കൊലഗോപന്‍ എന്നറിയപ്പെടുന്ന ഗോപന്‍, അശ്വിന്‍ വടക്കേക്കര എന്നിവരായിരുന്നു ആക്രമിച്ചതെന്ന് വെട്ടേറ്റവര്‍ പറഞ്ഞു. ഇവര്‍ മൂന്നും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

പാലക്കാട്:
എലപ്പുള്ളി നെയ്തല ചെറുനെല്ലിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് അക്രമിസംഘം വെട്ടി പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ സന്തോഷ് (21), ഷഫീക്ക് (21) എന്നിവരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്തോഷിന് മുതുകില്‍ വാരിയെല്ലിനോട് ചേര്‍ന്നും വലതുകാല്‍ തുടയിലുമാണ് വെട്ടിയിരിക്കുന്നത്. ഷഫീക്കിന് ചെവിയിലാണ് വെട്ട്.ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ഡിവൈഎഫ്‌ഐ നെയ്തല യൂണിറ്റ് സമ്മേളനം കഴിഞ്ഞ് ജങ്ഷനില്‍ ചെന്ന ഇവരെ ഇരുപതോളം വരുന്ന ആര്‍എസ്എസ് സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘം ഓടിപ്പോവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞായറാഴ്ച്ച നടന്ന നെയ്തല യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇവ കരിയോയില്‍ ഒഴിച്ച് നശിപ്പിക്കുകയും തകര്‍ക്കുകയും ചെയ്തിരുന്നു.

രാവിലെ മുതല്‍ തന്നെ ആര്‍എസ്എസ് സംഘം പ്രദേശത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നിന്നിരുന്നുവെന്ന് പാര്‍ടി പ്രവര്‍ത്തകര്‍ പറഞ്ഞു. സന്തോഷ് നെയ്തല യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ഷഫീക്ക് വൈസ് പ്രസിഡന്റുമാണ്.

സിപിഐഎം പുതുശേരി ഏരിയ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പ്രദോഷ്, എലപ്പുള്ളി ലോക്കല്‍ സെക്രട്ടറി കെ വാസു ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News