ചരിത്ര സത്യങ്ങളെ ഗളച്ഛേദം ചെയ്യുന്ന സംഘനുണയന്മാരെ തിരിച്ചറിയുക: എംവി ജയരാജന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സംഘപരിവാറിന്റെ പങ്ക് ചരിത്രരേഖയാണ്. ബ്രിട്ടീഷ് പട്ടാളവുമായി ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തതാണത്.

ചുരുക്കത്തില്‍ ഇന്ത്യാ രാജ്യത്തിന്റെ താത്പ്പര്യത്തിനെതിരെ ബ്രിട്ടീഷ് സാമ്രാജ്യത്വ ഏറാന്മൂളികളായി മാറിയതാണ് സംഘ്പരിവാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പങ്കെന്ന് എല്ലാവര്‍ക്കും അറിയാം.

എന്നാലിപ്പോള്‍ സംഘടിതമായി നുണപ്രചരിപ്പിച്ച് ചരിത്രസത്യത്തെ ഇല്ലാതാക്കി, തങ്ങള്‍ക്കനുകൂലമായി നുണയില്‍ കെട്ടിപ്പൊക്കിയ മറ്റൊരു ചരിത്രം സൃഷ്ടിക്കുന്നതിനാണ് ഗീബല്‍സിയന്‍ തന്ത്രക്കാര്‍ പരിശ്രമിക്കുന്നത്.

അതിനായി ചരിത്രപുരുഷന്മാര്‍ക്കൊപ്പം ചേര്‍ത്ത്, സംഘപരിവാര്‍ വിരിയെച്ചെടുത്ത നുണക്കഥകള്‍ അവര്‍ പ്രചരിപ്പിക്കുകയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്ര മോഡി തന്നെ ഇതിന് തുടക്കമിട്ടു എന്നത് രാജ്യത്തിനാകെ അപമാനകരവുമാണ്.

1948 ല്‍ ആര്‍മി ജനറല്‍ തിമ്മയ്യ ആയിരുന്നുവെന്നും ആ തിമ്മയ്യ ഇന്ത്യപാക് യുദ്ധത്തില്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ് എന്നും തിമ്മയ്യയെ പ്രധാനമന്ത്രി നെഹ്‌റുവും അന്നത്തെ പ്രതിരോധമന്ത്രി കൃഷ്ണമേനോനും പരിഹസിച്ചുവെന്നും; അതിനെത്തുടര്‍ന്ന് തിമ്മയ്യ രാജിവെച്ചു എന്നുമാണ് മോഡി പ്രസംഗിച്ചത്.

യഥാര്‍ത്ഥത്തില്‍ അന്ന് ആര്‍മി ജനറല്‍ തിമ്മയ്യയായിരുന്നില്ല. റോയ് ആയിരുന്നു. അന്ന് കൃഷ്ണമേനോന്‍ ആയിരുന്നില്ല പ്രതിരോധമന്ത്രി; ബെല്‍ദേവ് സിന്‍ഹയാണ്. 1962 ല്‍ ഇന്ത്യാചൈന യുദ്ധസമയത്ത് മാര്‍ഷല്‍ കരിയപ്പയായിരുന്നു പട്ടാള മേധാവി എന്നും പ്രധാനമന്ത്രി തട്ടിവിട്ടു.

കരിയപ്പയെ 1949 ല്‍ നെഹ്‌റുവായിരുന്നു പട്ടാളമേധാവിയായി നിയമിച്ചത്. അദ്ദേഹം 1953 ല്‍ സ്ഥാനമൊഴിയുകയും ചെയ്തു. മോഡിക്ക് ഇന്ത്യാചരിത്രം അറിയാത്തത് കൊണ്ടാവില്ല. അറിയില്ലെങ്കില്‍ അത് ലഭിക്കാന്‍ പ്രയാസവുമില്ല. എന്നിട്ടും എന്തിനാണ് ബഹുമാന്യസ്ഥാനത്തിരുന്ന് ഇങ്ങനെ നുണപ്രചരിപ്പിച്ചത്.

ഭഗത്സിംഗിനെ തൂക്കിലേറ്റുന്നതിന് മുമ്പ് അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ തയ്യാറായിരുന്നില്ല എന്ന് മോഡി ഇപ്പോള്‍ പറയുന്നതും ഭഗത്സിംഗ് അവസാനമായി വിളിച്ചത് വന്ദേമാതരം എന്നാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിര്‍ലജ്ജം നുണപറയുന്നതും വെറുതെയല്ല.

ഇത് ചൂണ്ടിക്കാണിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ഹിന്ദി പഠിക്കണമെന്ന് പറഞ്ഞും പ്രധാനമന്ത്രി പറഞ്ഞത് വളച്ചൊടിക്കുന്നത് ചെറിയകാര്യമല്ലെന്ന് പറഞ്ഞ് ഭീഷണിമുഴക്കുന്നതും ചരിത്രബോധമുള്ള മലയാളികള്‍ക്കുമുന്നില്‍ നിന്ന് ചര്‍ച്ച വഴിമാറ്റാനാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

ഫലത്തില്‍, പ്രധാനമന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിച്ചത് ബി.ജെ.പി നേതാവ് തന്നെയാണ്.

ഭഗത്സിംഗ് സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റുമായിരുന്നു. റഷ്യന്‍ വിപ്ലവത്തേയും സോവിയറ്റ് യുണിയനേയും കുറിച്ചുള്ള പുസ്തകങ്ങള്‍ ഈ വിപ്ലവകാരി ആര്‍ത്തിയോടെ വായിച്ചുതീര്‍ത്തു.

തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുമ്പ് ഭഗത്സിംഗ് അവസാന ആഗ്രഹമായി ബ്രിട്ടീഷ് പട്ടാളത്തെ അറിയിച്ചത്, വായിച്ചുതീരാറായ ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും’ എന്നപുസ്തകം വായിച്ചുതീര്‍ക്കാനുള്ള സമയം അനുവദിക്കണമെന്നായിരുന്നു.

തൂക്കുകയറിന് മുന്നില്‍ നിന്ന് മുഷ്ടിചുരുട്ടി ഭഗത്സിംഗ് വിളിച്ച മുദ്രാവാക്യം ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ ആയിരുന്നുവെന്നതും ചരിത്ര വസ്തുതയാണ്. സംഘടിത നുണയന്മാര്‍ എത്രശ്രമിച്ചാലും ഇതൊന്നും മായ്ച്ചുകളയാന്‍ കഴിയില്ലെന്നതും ധീരദേശാഭിമാനി ഭഗത്സിംഗിനെ സംഘപരിവാറുകാരനാക്കി ചരിത്രം മാറ്റിയെഴുതാന്‍ കഴിയില്ലെന്നും തിരിച്ചറിയണം.

പുതിയനീക്കം സംഘടിത സംഘപരിവാര്‍ ശ്രമമാണെന്ന് ഈ നാട് തിരിച്ചറിയുന്നുണ്ട്.

അന്നത്തെ സാമ്രാജ്യത്വ ഏറാന്‍ മൂളികള്‍ ഇന്ന് കോര്‍പ്പറേറ്റ് ഏറാന്മൂളികളായി മാറിയതിനും മോഡിഭരണത്തില്‍ ജനങ്ങളോട് ശത്രുക്കളോടെന്നപോലെ പെരുമാറുന്ന നയം നടപ്പാക്കുന്നതിനും നാട് സാക്ഷിയാണ്. എല്ലാവരും സംഘപരിവാറുകാരാണെന്ന് മോഡിയും കൂട്ടരും കരുതരുത്.

ചരിത്ര വസ്തുതകള്‍ ഇല്ലാതാക്കി, നുണകളില്‍ തീര്‍ത്ത സംഘപരിവാര്‍ അനുകൂലചരിത്രം സൃഷ്ടിക്കാനുള്ള നീക്കം ഈ നാടി അംഗീകരിക്കില്ല; ചരിത്രബോധമുള്ളവരും ദേശാഭിമാനികളും അത് അനുവദിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News