കര്‍ണാടകയില്‍ ആരെന്ന് നാളെയറിയാം; എക്‌സിറ്റ്‌പോള്‍ പ്രവചനത്തിന് പിന്നാലെ കുതിരക്കച്ചവടത്തിന് നീക്കം തകൃതി

ബംഗളൂരു: ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്‌സിറ്റ്‌പോള്‍ പ്രവചനം പുറത്തുവന്നതിന് പിന്നാലെ കര്‍ണാടകത്തില്‍ കുതിരക്കച്ചവടത്തിന് നീക്കം തകൃതി.

കോണ്‍ഗ്രസിനും ബിജെപിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നും ഈ സാഹചര്യത്തില്‍ ജെഡിഎസ് നിര്‍ണായകശക്തിയാകുമെന്നുമുള്ള പ്രവചനം വന്നയുടനെ ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. വോട്ടെണ്ണുന്ന ചൊവ്വാഴ്ച അദ്ദേഹം തിരിച്ചെത്തും.

രാഷ്ട്രീയചര്‍ച്ചകള്‍ക്കുവേണ്ടിയാണ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയതെന്നും അത്തരം ചര്‍ച്ച നടന്നേക്കുമെന്നും പ്രമുഖ ഇംഗ്ലീഷ് വാര്‍ത്താചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ചില കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡയുമായി ബന്ധപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

എച്ച് ഡി കുമാരസ്വാമി 2006ല്‍ മുഖ്യമന്ത്രിയായ സമയത്തും പിന്നീട് 2010 ല്‍ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ ശക്തമായ വിമതനീക്കം ഉണ്ടായപ്പോഴും വന്‍ കുതിരക്കച്ചവടത്തിനാണ് കര്‍ണാടകം സാക്ഷ്യംവഹിച്ചത്. ശതകോടികള്‍ മാറിമറിഞ്ഞും റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കമിട്ടതും ഇത്തരം കുതിരക്കച്ചവടമായിരുന്നു.

പോളിംഗ് വര്‍ധിച്ചത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഓരോ പാര്‍ടികളും. 72.13 ശതമാനം പേര്‍ ഇക്കുറി സമ്മതിദാനാവകാശം വിനിയോഗിച്ചതായി കര്‍ണാടക അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബി ആര്‍ മമത പറഞ്ഞു.

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ കേവലം വിനോദം മാത്രമാണെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

125നും 130നും ഇടയില്‍ സീറ്റ് നേടി ബിജെപി അധികാരത്തിലേറുമെന്നും മെയ് 17നുതന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. മെയ് 15 വരെ കാത്തിരിക്കൂ എന്നായിരുന്നു ദേവഗൗഡയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News