സ്പാനിഷ് ലാ ലിഗയില്‍ മത്സരമൊന്നും തോല്‍ക്കാതെ ചാമ്പ്യന്മാരാകുനുള്ള ബാഴ്‌സലോണയുടെ മോഹങ്ങള്‍ക്ക് മേല്‍ ലാവന്റെയുടെ തേരോട്ടം.

ലീഗ് അവസാനിക്കാന്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ പോയിന്റ് നിലയില്‍ ഏറെ താഴെയുള്ള ലാവന്റയോട് നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ പരാജയപ്പെട്ടു. ലീഗ് ചരിത്രത്തില്‍ അപരാജിതരായി കിരീടം നേടാനുള്ള ബാഴ്‌സയുടെ മോഹമാണ് ദുര്‍ബലരായ ലാവന്റെ തല്ലിക്കെടുത്തിയത്.

1931-32ല്‍ ലീഗില്‍ 18 മത്സരങ്ങള്‍ മാത്രമുള്ള സമയത്ത് റയല്‍ മാഡ്രിഡ് നേടിയ അപരാജിത കിരീടമെന്ന റെക്കോഡ് മറികടക്കാനുള്ള ബാഴ്‌സയുടെ ശ്രമമാണ് പാളിയത്.

ലാവന്റയാകട്ടെ 1964ന് ശേഷം ബാഴ്‌സലോണയെ തോല്‍പ്പിക്കുന്നത് ഇതാദ്യാമായാണ്. ഈ സീസണില്‍ ഇതാദ്യമായി മെസിക്ക് അവധി കൊടുത്തതില്‍ പരിശീലകന്‍ ഏര്‍ണെസ്‌റ്റോ വാല്‍വെര്‍ദേ ഖേദിക്കുന്നുണ്ടാകാം.

റയലിനെതിരെ കഴിഞ്ഞ മത്സരത്തില്‍ പൊരുതി സമനില നേടിയെങ്കിലും ആ മികവ് മെസിയെ പുറത്തിരുത്തി ഇന്നലെ മത്സരത്തിനിറങ്ങിയ ബാഴ്‌സയ്ക്കുണ്ടായിരുന്നില്ല.

കളിയുടെ ആദ്യ പകുതിയില്‍ ചാമ്പ്യന്‍ ടീമിനെതിരെ 31ന് മുന്നിലെത്തിയ അവര്‍ ഒരു മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പ് സ്‌കോര്‍ 51 എന്ന നിലയിലേക്ക് എത്തിക്കുകയും ചെയ്തു. ഇമ്മാനുവല്‍ ബോര്‍ട്ടെങ്ങിന്റെ ഹാട്രിക്കായിരുന്നു ലാവന്റെയെ മികച്ച ഗോള്‍ നിലയിലേക്ക് നയിച്ചത്.

പോയിന്റ് നിലയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള ലാവന്റെയെ വിലകുറച്ചുകണ്ട ബാഴ്‌സ അതോടെയാണ് കളി തുടങ്ങിയത്.

ഫിലിപ്പ് കൗട്ടീഞ്ഞോയുടെ ഹാട്രിക്കില്‍ ശക്തമായി തിരിച്ചടിക്കുകയും ലൂയി സുവാരസ് പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടുകയും ചെയ്തില്ലായിരുന്നെങ്കില്‍ എതിരാളികള്‍ക്ക് മുന്നില്‍ സ്പാനിഷ് വമ്പന്മാര്‍ ഇതിലും കൂടുതല്‍ നാണം കെട്ടേനെ.

റയല്‍ സോസിഡാഡിനെതിരേയാണ് ഈ മാസം 21നാണ് ബാഴ്‌സലോണയുടെ അവസാന മത്സരം.