സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂര്‍ പ്രതി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍; കുറ്റപത്രം സമര്‍പ്പിച്ചു; കുറ്റപത്രം അസംബന്ധമെന്നും അവിശ്വനീയമെന്നും നേരിടുമെന്നും തരൂര്‍; കോണ്‍ഗ്രസ് എന്ത് നടപടിയെടുക്കുമെന്ന് കോടിയേരിയുടെ ചോദ്യം

ദില്ലി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപിയായ ശശി തരൂരിനെ പ്രതി ചേര്‍ത്ത് ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ആത്മഹത്യപ്രേരണ, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണ് ശശി തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. സുനന്ദ കൊല്ലപ്പെട്ടതല്ലെന്നും ആത്മഹത്യ ചെയ്തതാണെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

മൂന്നു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പട്യാല ഹൗസ് കോടതി ഈ മാസം 24ന് കുറ്റപത്രം പരിഗണിക്കും.

2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. സുനന്ദയുടെ ശരീരത്തില്‍ പരുക്കുകളുണ്ടായിരുന്നുവെന്നും കണ്ടെത്തി.

അസ്വാഭാവിക മരണം എന്നാണ് ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം കുറ്റപത്രം അസംബന്ധമെന്നാണ് തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. അവിശ്വസനീയമായ കാര്യങ്ങളാണ് എ‍ഴുതിപ്പിടിപ്പിച്ചിരിക്കുന്നതെന്നും ഇതിനെ നേരിടുമെന്നും തരൂര്‍ കുറിച്ചു.

സ്വന്തം ഭാര്യയുടെ ജീവന്‍ പോലും രക്ഷിക്കാന്‍ ക‍ഴിയാത്ത തരൂര്‍ എങ്ങനെ നാട്ടുകാരെ രക്ഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ചോദിച്ചു. കോണ്‍ഗ്രസ് എന്ത് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News