കര്‍ണാടകയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; തീരുമാനത്തെ സ്വാഗതം ചെയ്ത് ജെഡിഎസ്‌: സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ സംഘത്തെ കാണാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍

ബംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസിനെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്.

ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ ജെഡിഎസിന് നിരുപാധിക പിന്തുണ നല്‍കാനും എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചു.

ഇക്കാര്യം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ജനതാദള്‍ നേതാവ് ദേവഗൗഡയുമായി ചര്‍ച്ച നടത്തി. പിന്നാലെ സോണിയ ഗാന്ധിയും ദേവഗൗഡയെ വിളിച്ചു.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ലീഡ് നിലയില്‍ 122 സീറ്റില്‍ ബിജെപി എത്തിയെങ്കിലും പിന്നീട് 104 ആയി ചുരുങ്ങുകയായിരുന്നു.

ഈ ഘട്ടത്തിലാണ് ബിജെപിയെ പുറത്തുനിര്‍ത്തുന്നതിനുള്ള തിരക്കുപിടിച്ചുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് കളമൊരുങ്ങിയത്. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ അറിയിച്ചതോടെ ജെഡിഎസും വഴങ്ങുകയായിരുന്നു.

എന്നാല്‍ ഇതിനിടെ രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഗവര്‍ണര്‍ വാലാ മടക്കിയയച്ചത്.

നിലവില്‍ 78 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 104 സീറ്റിലും 37 സീറ്റുകളില്‍ ജെഡിഎസും മുന്നേറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News