രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബലാബലങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ അവസാനം നേട്ടം ബിജെപി വിരുദ്ധചേരിക്ക്. ഒരു ഘട്ടത്തില്‍ ബിജെപി കേവല ഭൂരിപക്ഷവും കടന്ന് 120 സീറ്റുകളിലേക്ക് ലീഡ് നില വര്‍ധിപ്പിച്ചപ്പോള്‍ മറ്റുള്ളവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.
എന്നാല്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും മുന്നേറ്റം നടത്തിയപ്പോള്‍ ദക്ഷിണേന്ത്യയില്‍ താമര വീണ്ടും വിരിയിക്കാനിറങ്ങിയ മോദിക്കും അമിത് ഷായ്ക്കും സംഘപരിവാറിനും തിരിച്ചടിയായി. ഒറ്റയ്ക്ക് ഭരിക്കുമെന്ന് പ്രഖ്യാപിച്ച സദാനന്ദഗൗഡയും ലഡുവിതരണം നടത്തിയ രവിശങ്കര്‍ പ്രസാദും നിര്‍മ്മല സീതാരാമനും കാര്യങ്ങള്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല.
അവസാനവട്ട കൂട്ടികിഴിക്കലുകള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം കന്നഡനാട് ഭരിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം നല്‍കിക്കഴിഞ്ഞ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മതേതര ജനദാതളിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
കര്‍ണാടക പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുമ്പോള്‍ അത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ കൂടി വിജയമാണ്. ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ പോയതിനുള്ള പ്രായശ്ചിത്വം കൂടിയാണിത്.
ഗോവയിലടക്കം സംഭവിച്ച അബദ്ധം കര്‍ണാടകയിലുണ്ടാകരുതെന്ന് മുന്‍കൂട്ടികണ്ടുള്ള കോണ്‍ഗ്രസിന്‍റെ നീക്കങ്ങളും ഇവിടെ ശ്രദ്ധേയമാണ്. സോണിയാ ഗാന്ധിയുടെ വിശ്വസ്തനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മറ്റ് പര്‍ട്ടികള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുമായ ഗുലാം നബി ആസാദിനെ കളത്തിലിറക്കിയുള്ള നീക്കങ്ങളാണ് ബിജെപി വിരുദ്ധ സര്‍ക്കാറിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.
കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ജെ ഡിഎസ് നിര്‍ണായകമാകുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ആദ്യം തന്നെ ദേവഗൗഡയെ കാണാനായി ഗുലാംനബി ആസാദിനെ നിയോഗിച്ചതില്‍ സോണിയ ഗാന്ധിയുടെ തന്ത്രങ്ങള്‍ പ്രകടമാണ്.
സമയോചിതമായ ഇടപെടല്‍ നടത്തുന്ന ആസാദാകട്ടെ കളം നിറഞ്ഞ് കളിച്ച് ബിജെപി അധികാരത്തില്‍ നിന്ന് അകറ്റുകയാണ്. കടുംപിടിത്തവും പിടിവാശിയും ഒന്നുമില്ലാതെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയ രാഹുലിനും ഇവിടെ കൈയ്യടി ലഭിക്കുന്നു.
Get real time update about this post categories directly on your device, subscribe now.