കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ വജുഭായ് വാലാ ബിജെപിയെ ക്ഷണിച്ചേക്കും; ഭൂരിപക്ഷം തെളിയിക്കാന്‍ ഏ‍‍ഴ് ദിവസം സമയമനുവദിക്കണമെന്ന് യെദ്യൂരപ്പ; സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമിയെ ക്ഷണിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ജെഡിഎസും

കര്‍ണാടകയില്‍ രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ. സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ കാണാന്‍  കൂട്ടാക്കാത്ത ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഗവര്‍ണറുടെ വസതിയിലെത്തി ബിജെപി നേതാവ് യെദ്യൂരപ്പ വജുഭായ് വാലയെ ആദ്യം കണ്ടിരുന്നു. തന്‍റെ നേതൃത്വത്തില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാ‍ഴ്ചത്തെ സമയം അനുവദിക്കണമെന്നുമാണ് യെദ്യൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടത്.

നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ ഗവര്‍ണര്‍ വാലാ മടക്കിയയച്ചിരുന്നു. തിരഞ്ഞെടുപ്പിന്‍റെ പൂര്‍ണരൂപം വന്നശേഷം മാത്രമെ തീരുമാനം കൈകൊള്ളുവെന്ന് പറഞ്ഞിരുന്ന ഗവര്‍ണര്‍ നിലപാട് പൊടുന്നനെ മാറ്റുകയായിരുന്നു. തന്‍റെ വസതിയിലെത്തിയ യെദ്യൂരപ്പയെ അദ്ദേഹം ആവേശപൂര്‍വ്വം സ്വീകരിക്കുകയായിരുന്നു.

സംസ്ഥാന ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാനുള്ള മോദിയുടെ നീക്കമായാണ് ഇതിനെ രാഷ്ട്രീയ വൃത്തങ്ങള്‍ കാണുന്നത്. ആര്‍എസ്എസ് നേതാവും ഗുജറാത്തിലെ മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയും സ്പീക്കറുമായിരുന്ന വാലയുടെ നീക്കങ്ങള്‍ക്കെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

യെദ്യൂരപ്പയെ കണ്ടശേഷം മാത്രമാണ് ഗവര്‍ണര്‍ ബിജെപി ജെഡിഎസ് നേതാക്കളെ കാണാന്‍ കൂട്ടാക്കിയത്. കുമാരസ്വാമിയും സിദ്ദരാമയ്യയുമടക്കമുള്ള നേതാക്കള്‍ ഒരുമിച്ചെത്തി സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ജെഡിഎസിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി 104 സീറ്റുകളില്‍ മാത്രമാണ് വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നത്. 224 അംഗ നിയമസഭയില്‍ 222 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത് പ്രകാരം കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകളാണ് വേണ്ടത്. കോണ്‍ഗ്രസ് 78 സീറ്റുകളില്‍ വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുകയാണ്. ജെഡിഎസ് ആകട്ടെ 37 സീറ്റുകളിലാണ് മുന്നേറ്റം നടത്തിയത്.

കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ജെഡിഎസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും. ഇത് കാട്ടി രണ്ട് പാര്‍ട്ടികളും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്‍റെ ഭൂരിപക്ഷം പരിഗണിക്കാതെയാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചിരിക്കുന്നത്. ഗവര്‍ണറെ മുന്‍ നിര്‍ത്തിയുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ലീഡ് നിലയില്‍ 122 സീറ്റില്‍ ബിജെപി എത്തിയെങ്കിലും പിന്നീട് 104 ആയി ചുരുങ്ങുകയായിരുന്നു. ഈ ഘട്ടത്തിലാണ് ബിജെപിയെ പുറത്തുനിര്‍ത്തുന്നതിനുള്ള തിരക്കുപിടിച്ചുള്ള രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് കളമൊരുങ്ങിയത്. കോണ്‍ഗ്രസ് നിരുപാധിക പിന്തുണ അറിയിച്ചതോടെ ജെഡിഎസും വഴങ്ങുകയായിരുന്നു. കുമാരസ്വാമി സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസും സിദ്ധരാമയ്യയും അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News