ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ദിശാസൂചിക; ദേശിയ തലത്തില്‍ ബിജെപിക്കെതിരെ മതേതര മുന്നണിയെന്ന് ആശയത്തിന് കര്‍ണാടക വേഗത പകരും

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ച പ്രതീക്ഷിക്കുന്ന എന്‍ഡിഎ മുന്നണിയ്ക്ക് തിരിച്ചടി നല്‍കുന്നതാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നടത്തിയ നീക്കം. ജെഡിഎസുമായി ഒന്നിച്ച് പോകാനുള്ള കോണ്‍ഗ്രസ് തീരുമാനം ദേശിയ തലത്തില്‍ ബിജെപിക്കെതിരെ മതേതര മുന്നണിയെന്ന് ആശയത്തിന് വേഗത പകരും.

കേന്ദ്ര ഭരണം അവസാന ലാപ്പുകളിലെത്തുന്ന സമയത്താണ് കര്‍ണ്ണാകയിലെ ഭരണം കപ്പിനും ചൂണ്ടിനും ഇടയ്ക്ക് ബിജെപിയ്ക്ക് നഷ്ട്ടമാകുന്നത്. പ്രഖ്യാപിത ശത്രുക്കളായ ജെഡിഎസും കോണ്‍ഗ്രസും ഒരുമിക്കുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നതല്ല. ദേവ ഗൗഡയെ പുകഴ്ത്തിയും മകന്‍ കുമാരസ്വാമിയോടെ മയപ്പെട്ടും നരേന്ദ്രമോദി നടത്തിയ അവസാനവട്ട നീക്കങ്ങള്‍ പോലും ഫലം കണ്ടില്ല.

ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച ഈ നീക്കങ്ങള്‍ പക്ഷെ ദേശിയ തലത്തില്‍ പ്രാദേശിക പാര്‍ടികള്‍ക്കും ചെറുപാര്‍ടികള്‍ക്കും ഉണര്‍വ്വ് നല്‍കിയിരിക്കുകയാണ്.ബിജെപിക്കെതിരെ മതേതര ബദല്‍ എന്ന ആശയം ദില്ലി കേന്ദ്രീകരിച്ച് സജീവമാകുകയാണ്. എന്‍ഡിഎ വിട്ട ശിവസേനയും തെലുങ്കുദേശവും പ്രതിപക്ഷ പാര്‍ടികള്‍ക്ക് ഒപ്പം ചേരുന്നതിന് ഇനി തടസമില്ലെന്ന അഭിപ്രായ പ്രകടനങ്ങളും നേതാക്കള്‍ക്ക് ഇടയില്‍ സജീവമാണ്.

പാര്‍ലെന്റിനുള്ളില്‍ പതിനെട്ട് പാര്‍ടികളുടെ ഐക്യ നിര ബിജെപിക്കെതിരെ ഉണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഗോദയില്‍ അത് എത്രത്തോളം പ്രായോഗികമാകും എന്ന സംശയമാണ് ഇത് വരെ ഉണ്ടായിരുന്നത്. ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.എസ്.പിയും സമാജവാദിയും സംയുക്തമായി നടത്തി നീക്കങ്ങള്‍ ബിജെപിയെ തറപറ്റിച്ചു.

അത് കര്‍ണ്ണാടകയില്‍ എത്തുമ്പോള്‍ സംസ്ഥാന ഭരണം തന്നെ പിടിച്ചെടുക്കാവുന്ന നിലയിലെത്തിയിരിക്കുന്നു. അതേ സമയം ബിഹാറില്‍ ആദ്യം ഒപ്പം കൂടിയ നിധീഷ്‌കുമാര്‍ പിന്നീട് ബിജെപിയിലേയ്ക്ക് പോയ തിക്താനുഭവം മതേതര മുന്നണിയെന്ന് ആശയം മുന്നോട്ട് വയ്ക്കുന്ന നേതാക്കള്‍ക്ക് മുന്നിലുണ്ട്.

നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ നേരിടുക എളുപ്പമല്ല. 2014 തിരഞ്ഞെടുപ്പ് സമാനമാണ് സ്ഥിതിയെങ്കില്‍ പ്രതിപക്ഷ വോട്ട് ഭിന്നിക്കുകയും ബിജെപി വിജയത്തിലെത്തുകയും ചെയ്യും. അത് കൊണ്ട് തന്നെ കര്‍ണ്ണാടക മാത്രകയാക്കി രഞ്ഞെടുപ്പിന് മുമ്പ് തന്നെ വൈരം മറന്ന് യോജിക്കാവുന്ന തലങ്ങളില്‍ യോജിക്കണമെന്ന തിരിച്ചറിവ് ദില്ലി കേന്ദ്രീകരിച്ച് പ്രതിപക്ഷ പാര്‍ടികള്‍ക്കിടയില്‍ ശ്കതമായിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here