കേരളത്തിന് കൂടുതല്‍ റേഷന്‍ വിഹിതം ലഭ്യമാക്കണം; സര്‍വ്വകക്ഷി നിവേദക സംഘം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും; ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി

കൂടുതല്‍ റേഷന്‍ വിഹിതം ലഭ്യമാക്കാന്‍ കേന്ദ്രത്തിലേക്ക് നിവേദക സംഘത്തെ അയയ്ക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ തീരുമാനം.ഹര്‍ത്താലില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനും തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത സര്‍വകക്ഷിയോഗത്തിൽ തീരുമാനമായി. വിവധരാഷ്ട്രീയ കക്ഷിനേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

സംസ്ഥാനത്തിന് ആവശ്യമായ റേഷന്‍ അരിവിഹിതം ലഭിക്കുന്നതിന് പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി നിവേദക സംഘത്തെ അയയ്ക്കുക എന്നാതായിരുന്നു യോഗത്തിലെ പ്രധാന തീരുമാനം. അന്ത്യോദയ, അന്നയോജന ഒഴികെയുള്ള എല്ലാ വിഭാഗത്തിനും ചുരുങ്ങിയത് അഞ്ച് കിലോ വീതം അരി ലഭ്യമാക്കുന്നതിന് കൂടുതല്‍ വിഹിതം അനുവദിക്കണമെന്ന് സര്‍വകക്ഷിയോഗം കേന്ദ്രസര്‍ക്കാരിനോട് ഏകകണ്ഠമായി ആവശ്യപ്പെട്ടു.

ഭക്ഷ്യഭദ്രതാനിയമം നടപ്പില്‍ വന്നതോടെ സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നിയമപ്രകാരം കാര്‍ഡുടമകളെ പല വിഭാഗങ്ങളായി തിരിച്ചാണ് റേഷന്‍ നല്‍കുന്നതെന്നും. സ്റ്റാറ്റിയൂട്ടറി റേഷന്‍ നിലവിലുണ്ടായിരുന്ന കേരളത്തില്‍ ഇത് പ്രായോഗികമല്ലെന്നും യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

നിശ്ചിത അളവില്‍ എല്ലാവര്‍ക്കും റേഷന്‍ ലഭ്യമാക്കാന്‍ കഴിയണം. നേരത്തെ 16 ലക്ഷം ടണ്‍ അരിയാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഭക്ഷ്യഭദ്രതാനിയമം നടപ്പിലായപ്പോള്‍ അത് 14.25 ലക്ഷം ടണ്ണായി കുറഞ്ഞു. എല്ലാവര്‍ക്കും നിശ്ചിത അളവില്‍ റേഷന്‍ നല്‍കുന്നതിന് 7.22 ലക്ഷം ടണ്‍ അരി കൂടുതലായി ലഭിക്കേണ്ടതുണ്ടെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ വിശദീകരിച്ചു.

സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദസഞ്ചാര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഹര്‍ത്താലുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ ക‍ഴിയാത്തതിനാൽ ഹര്‍ത്താലുകളില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സര്‍വകക്ഷി യോഗത്തെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് യോഗത്തിൽ ചേർന്ന രാഷ്ട്രീയകക്ഷി നേതാക്കളും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here