എടപ്പാള്‍ തിയേറ്റര്‍ പീഡനം; കേസെടുക്കുന്നതില്‍ വീഴ്ചവരുത്തിയ മുന്‍ എസ്ഐ കെജി ബേബിക്കെതിരേ പോക്‌സോ ചുമത്തി

എടപ്പാള്‍ തിയ്യറ്റര്‍ പീഡനത്തില്‍ കേസെടുക്കുന്നതില്‍ വീഴ്ചവരുത്തിയ ചങ്ങരംകുളം മുന്‍ എസ് ഐ കെ ജി ബേബിക്കെതിരേ പോക്‌സോ ചുമത്തി. ഐ പി സി വകുപ്പുകള്‍ ചേര്‍ത്ത് കെ ജി ബേബിക്കെതിരേ നേരത്തേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

എടപ്പാളില്‍ തിയ്യറ്ററില്‍ വെച്ച് ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ് ഐ ആയിരുന്ന കെ ജി ബേബിയെ അന്നുതന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഐ പി സി 166 എ അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍ പോക്‌സോ വകുപ്പുകള്‍ക്കൂടിച്ചേര്‍ക്കാന്‍ ഡി ജി പി നിര്‍ദേശംനല്‍കുകയായിരുന്നു. പോക്‌സോ 21 ഐ, 19 വകുപ്പുകളനുസരിച്ചാണ് കേസ്. രണ്ടുവര്‍ഷം വരെ തടവുശിക്ഷകിട്ടാവുന്ന കേസാണിത്.

തൃശൂര്‍ റേഞ്ച് ഐ ജിയുടെ മേല്‍നോട്ടത്തില്‍ ബേബിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളായ മൊയ്തീന്‍കുട്ടിയും പീഡനത്തിനിരയായ കുട്ടിയുടെ മാതാവും റിമാന്‍ഡിലാണുള്ളത്. ഇരുവരുടെ മേലിലും പോക്‌സോയിലെ വിവിധ സെക്ഷനുകള്‍ ചേര്‍ത്താണ് കേസ്.

കഴിഞ്ഞമാസം 16നാണ് എടപ്പാളിലെ തിയ്യറ്ററില്‍ മൊയ്തീന്‍കുട്ടി മാതാവിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.

സി സി ടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകിയത് വലിയ വിവാദമുയര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News