റഷ്യന്‍ ലോകകപ്പിലെ ഫേവറിറ്റുകള്‍ ആരായിരിക്കും. ലോകമെമ്പാടും ഫുട്ബോള്‍ ആരാധകര്‍ മാത്രമല്ല ഈ ചോദ്യം ചൂടോടെ പരസ്പരമെറിയുന്നത്. അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയും ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നു. മെസി സാധ്യത കല്‍പ്പിക്കുന്നത് തന്നെ ഫുട്ബോള്‍ മിശിഹയായി കരുതുന്ന അര്‍ജന്‍റീനയ്ക്കല്ല. കളിക്കളത്തില്‍ സ്വാഭാവികവും, നൈസര്‍ഗികവുമായ കളിപുറത്തെടുക്കുന്ന ബ്രസീലിനാണ് ഇത്തവണ കൂടുതല്‍ സാധ്യതയെന്ന് മെസി വിലയിരുത്തുന്നു.

മെസിയുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനമിങ്ങനെ. ബ്രസീല്‍ നിരയില്‍ കഴിവുള്ള ഒരുപിടി കളിക്കാരെ കാണാനാകും. ശാരീരികമായും കളിമികവിലും അവര്‍ ഏറെ മുന്നിലാണ്. ഗോളടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ടീം ഗോള്‍ വഴങ്ങുന്നതില്‍ മടികാണിക്കുകയും ചെയ്യുന്നു. പരുക്കില്‍ നിന്ന് മുക്തനായി നെയ്മര്‍ കൂടി തിരിച്ചെത്തുന്നതോടെ ബ്രസീല്‍ നിര കൂടുതല്‍ ശക്തമാകുമെന്നും മെസി റേഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കി. ഫിലിപ്പെ കുടിഞ്ഞോ, ഗബ്രിയേല്‍ ജീസസ്, പൗളിഞ്ഞോ തുടങ്ങിയ പ്രതിഭാധനരായ കളിക്കാരാണ് ബ്രസീലിനുവേണ്ടി ഇറങ്ങുന്നതെന്നും മെസി ചൂണ്ടിക്കാട്ടി. സ്പെയിനും ജര്‍മിനിയും ഫ്രാന്‍സും കരുത്തരാണെന്നും മെസി പറയുന്നു.

കഴിഞ്ഞ തവണ ചുണ്ടിന് തൊട്ടടുത്ത് നഷ്ടമായ ഫുട്ബോള്‍ ലോകകപ്പ് ഇത്തവണ അര്‍ജന്‍റീനയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് മെസിയും സംഘവും. ഇത്തവണയില്ലെങ്കില്‍ ഇനി തനിക്കില്ലെന്നറിയാവുന്ന മെസിയുടെ മാന്ത്രിക സ്പര്‍ശത്തിലാണ് അര്‍ജന്‍റീന അവസാന നിമിഷം ലോകകപ്പിന് യോഗ്യത നേടിയത്. പിന്നീട് നടന്ന സൗഹൃദ മത്സരങ്ങളിലും ലോകം കാത്തിരുന്ന പ്രകടനമല്ല മെസിയും സംഘവും പുറത്തെടുത്തത്. ഇറ്റലിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പ്പിച്ച അര്‍ജന്‍റീന നൈജീരിയയോട് 4-2 ന് തോറ്റു. സ്‌പെയിനാകട്ടെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയെ മുക്കിയത്.

ക‍ഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് ഇത്തവണ അര്‍ജന്‍റീനയ്ക്ക് അനായാസമല്ല കാര്യങ്ങള്‍. ശക്തരായ ക്രൊയേഷ്യ, നൈജീരിയ, ഐസ് ലന്‍ഡ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്‍റീന. ജൂണ്‍ 16 ന് ഐസ് ലന്‍റിനെതിരെയാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം. പ്രാഥമിക റൗണ്ട് കടന്നാല്‍ പിന്നെ അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് സ്പെയിനും ജര്‍മിനിയും ബ്രസീലുമാണ്. ഈ മരണപ്പോരാട്ടങ്ങളായിരിക്കും ലോക ജേതാക്കളെ നിശ്ചയിക്കുക.

1993 ല്‍ കോപ്പാ അമേരിക്ക കപ്പ് നേടിയ ശേഷം അര്‍ജന്‍റീന ഇതുവരെ ഒരു കിരീടവും നേടിയിട്ടില്ല എന്നത് മെസിയേയും കൂട്ടരെയും തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. 2015, 16 വര്‍ഷങ്ങളില്‍ കോപ്പാ അമേരിക്ക ഫൈനലുകളിലും അര്‍ജന്‍റീനയ്ക്ക് തോല്‍വിയായിരുന്നു. ഈ തോല്‍വി ആവര്‍ത്തിച്ചാല്‍ കിരീടം നേടാനാകാത്ത രാജകുമാരന്‍ എന്ന നെഗറ്റീവ് വിശേഷണമായിരിക്കും ഫുട്ബോള്‍ ലോകം മെസിക്ക് നല്‍കുക.