കര്‍ണാടകയില്‍ ബിജെപി; പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ്; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍

ബംഗളൂരു: വിവാദങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. യെദ്യൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

രാവിലെ എട്ടരയോടെ യെദ്യൂരപ്പ രാജ്ഭവനിലേക്ക് സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. തുടര്‍ന്ന് ഒമ്പതിന് ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലികൊടുത്തു.

104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്കു വേണ്ടത്.

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും ഹര്‍ജികള്‍ തള്ളിയാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ഇന്നു പുലര്‍ച്ചെ നാലോടെയാണ് സുപ്രീംകോടതിയില്‍നിന്നും അനുകൂല വിധിയുണ്ടായത്.

യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ പരസ്യപ്രതിഷേധവുമായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും രംഗത്തെത്തി. വിധാന്‍ സൗധയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്.

അതേസമയം, സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വത്തില്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും. 117 എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ അവകാശപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ജനാധിപത്യം തോല്‍ക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

കൃത്യമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ബിജെപിയുടെ യുക്തിരഹിതമായ കാര്‍ക്കശ്യം ഭരണഘടനയെ അപഹസിക്കലാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ബിജെപി അതിന്റെ പൊള്ളയായ വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യം പരാജയപ്പെട്ടതില്‍ ദുഃഖം ആചരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here