സത്യപ്രതിജ്ഞയോ, നുണപ്രതിജ്ഞയോ?; കുതിരക്കച്ചവടത്തിന് സുപ്രീംകോടതിയും കൂട്ടോ?

കർണ്ണാടക നിയമസഭയിൽ ഭൂരിപക്ഷാംഗങ്ങളുടെ പിന്തുണയില്ലാത്ത യദ്യൂരപ്പയെ ‘സത്യ’പ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാക്കിയ നടപടി ജനാധിപത്യത്തിനും ഭരണഘടനാവ്യവസ്ഥകൾക്കും നിരക്കാത്തതും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ ജനങ്ങളുടെ മുന്നിൽ നാണംകെടുത്തിയ നടപടിയുമാണ്.

കോൺഗ്രസ്സിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചത് പുലർച്ചെയാണ്. എന്നിട്ടുപോലും ജനാധിപത്യത്തിന്റെ രക്ഷയ്ക്ക് ജുഡീഷ്യറിയും എത്തിയില്ല. സത്യപ്രതിജ്ഞ സ്‌റ്റേചെയ്യണമെന്ന കോൺഗ്രസ്സിന്റെയും ജെഡിഎസ്സിന്റെയും ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല.

യദ്യൂരപ്പ ഗവർണർക്ക് നൽകിയ കത്തിന്റെ കോപ്പി ഹാജരാക്കാൻ ആവശ്യപ്പെട്ടത് സുപ്രീംകോടതിക്കും ഭൂരിപക്ഷമില്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമായതിനെതുടർന്നാണ്. യെദ്യൂരപ്പയുടെ പിന്നിൽ 104 എം.എൽ.എ.മാരാണ് ഉള്ളതെന്ന കാര്യം ജനങ്ങൾക്കെല്ലാം അറിയുന്നതുപോലെ ഗവർണർക്കും അറിയുന്ന കാര്യമാണ്.

ഒരു സ്വതന്ത്രൻ കൂടി ബിജെപിക്ക് പിന്തുണ നൽകിയിട്ടുണ്ട്. അതുകൂടി ചേർത്താൽ 105. ഭൂരിപക്ഷം വേണമെങ്കിൽ 112 വേണം. സുപ്രീംകോടതിക്ക് സത്യപ്രതിജ്ഞയുടെ തൊട്ടടുത്ത ദിവസം ഭൂരിപക്ഷം തെളിയിക്കാൻ നിയമസചേരണമെന്നെങ്കിലും ആവശ്യപ്പെടാമായിരുന്നു.

7 എം.എൽ.എ.മാരെ കോൺഗ്രസ്സിൽ നിന്നോ ജെഡിഎസ്സിൽ നിന്നോ കോടികൾ നൽകിയും പദവികൾ നൽകിയും കുതിരക്കച്ചവടത്തിലൂടെ സ്വാധീനിച്ചാൽ മാത്രമേ ഭൂരിപക്ഷമുണ്ടാകൂ. നിയമവ്യവസ്ഥ കുതിരക്കച്ചവടത്തിന് അനുമതി നൽകുന്നില്ല.

ഗവർണർ എങ്ങിനെ പ്രവർത്തിക്കണമെന്ന് ഇതിനുമുമ്പ് നിരവധിതവണ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഒരു കൂട്ടുകക്ഷിക്ക് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ അവരെയായിരിക്കണം സർക്കാർ രൂപികരിക്കാൻ ഗവർണർ ക്ഷണിക്കേണ്ടത്.

അത്തരം സാഹചര്യമില്ലെങ്കിൽ മാത്രമേ ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് അവസരം നൽകാൻ പാടുള്ളൂ. ഭൂരിപക്ഷമില്ലാത്ത ഏറ്റവും വലിയ ഒറ്റക്കക്ഷി സർക്കാർ രൂപീകരിക്കേണ്ടിവന്നാൽ അത് ന്യൂനപക്ഷ സർക്കാരാകും.

15 ദിവസത്തിനകം 105 എന്നത് 112 ആകണമെങ്കിൽ മറ്റു മാജിക്കുകളൊന്നുമില്ല. കുതിരക്കച്ചവടം മാത്രമേയുള്ളൂ. 10 വർഷം മുമ്പ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത് ഖനി മാഫിയകളുടെ പണമുപയോഗിച്ച് 3 എംഎൽഎമാർക്ക് കോടികൾനൽകി വശീകരിച്ചാണ്. കേന്ദ്രമന്ത്രിമാരും ബിജെപി അദ്ധ്യക്ഷനും കുതിരക്കച്ചവടത്തിന് നേതൃത്വം കൊടുക്കുന്നു.

സത്യപ്രതിജ്ഞ നടക്കുമ്പോൾ സദസ്സിൽ നിന്ന് കൂക്കുവിളി ഉയർന്നത് അപമാനകരമാണ്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചത് ഗവർണറുടെ നടപടിയാണ്. വരുംദിവസങ്ങളിൽ സുപ്രീംകോടതിയിൽ തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന് എം.എൽ.എ.മാരുടെ പേരുകൾ വ്യക്തമാക്കിക്കൊണ്ട് ബിജെപിക്ക് സമർത്ഥിക്കാൻ കഴിയണം. അതിന് കഴിയുമോ? മറുഭാഗത്താകട്ടെ, 115 എം.എൽ.എ.മാരുടെ പിന്തുണയുണ്ട്. അതൊരു മുന്നണിയാണ്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ മുന്നണി സർക്കാരാണ് അധികാരത്തിലിരിക്കുന്നത്. മുന്നണിയായാലും ജനാധിപത്യത്തിൽ ഭൂരിപക്ഷമുണ്ടോ എന്നാണ് ചോദ്യം. കർണ്ണാടകയിൽ ജനഹിതമല്ല, പണഹിതമാണ് സർക്കാർ രൂപീകരണത്തിന് മാനദണ്ഡം. ഇത് അപമാനകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here