റമദാന്‍: കാരുണ്യത്തിന്റെ മഹോത്സവം

‘ഞാന്‍ ഒരു നല്ല ഹിന്ദു ആയതു കൊണ്ട് ഞാന്‍ ഒരു നല്ല മുസ്ലീം കൂടിയാണ്’ എന്ന ഗാന്ധിയുടെ വചനത്തിനു പ്രാമുഖ്യം കൂടി വരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതിനു കാരണം ‘നല്ല ഹിന്ദു’വിന്റെയും ‘നല്ല മുസ്ലീ’മിന്റെയും നിര്‍വ്വചനങ്ങള്‍ മാറി വരുന്നതാണ് എന്ന് എനിക്ക് തോന്നുന്നു.

മറ്റു മതങ്ങളെ വെറുക്കുകയും ദേശീയ മുഖ്യധാരയില്‍ നിന്ന് അവരെ അപരവത്കരിക്കുകയും ബ്രിട്ടീഷുകാരുടെ വരവിനു മുന്‍പുണ്ടായിരുന്ന ഹിന്ദു-മുസ്ലീം സാഹോദര്യത്തെ അദൃശ്യവത്കരിച്ച് അധിനിവേശകാലത്തെ, ഇന്ത്യാ വിഭജനത്തിലേയ്ക്കും അതിന്റെ പ്രത്യാഘാതമായി ഉണ്ടായ കൂട്ടക്കൊലകളിലെക്കും നയിച്ച, ‘വിഭജിച്ചു ഭരിക്കുക’ എന്ന കൊളോണിയല്‍ നയം പുന:സ്ഥാപിക്കുകയും, ചരിത്രം തന്നെ തിരുത്തി വില്ലന്മാരെ നായകരും നായകരെ വില്ലന്മാരും ആക്കുകയും ചെയ്യുന്നവര്‍ ആണ് ‘നല്ല ഹിന്ദുക്കള്‍’ എന്നു വരുത്താന്‍ ഹിന്ദുമതത്തിന്റെ ഉത്തമവശങ്ങളോട് കലഹിക്കുകയും അതിന്റെ ഇരുണ്ട പ്രയോഗങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷം ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഗാന്ധിയുടെ വാക്യം വീണ്ടും ഓര്‍മ്മിക്കേണ്ടതുണ്ട്‌, രാഷ്ട്രത്തെ ഓര്‍മ്മിപ്പിക്കേണ്ടതുമുണ്ട്.

വിഭജനത്തിന്റെ വക്താക്കളായിരുന്ന രണ്ടു നേതാക്കളും- മുഹമ്മദ്‌ ആലി ജിന്നയും വി. ഡി. സവര്‍ക്കരും- മതവിശ്വാസികള്‍ ആയിരുന്നില്ലെന്നും നാം ഓര്‍ക്കുന്നത് നന്ന്. മതമല്ലാ ഇന്ത്യയെ വിഭജിച്ചത്, ബ്രിട്ടീഷുകാരുടെ താത്പര്യങ്ങളും ചില നേതാക്കളുടെ രാഷ്ട്രീയമായ അത്യാഗ്രഹങ്ങളും ആണ്. ഒന്നിച്ചു പറഞ്ഞാല്‍, ചീത്ത രാഷ്ട്രീയമാണ് നമ്മുടെ നാടിനെ വിഭജിച്ചത് എന്നര്‍ത്ഥം.

ഒപ്പം തന്നെ ‘മതേതരത്വം’ എന്നാല്‍ മതനിഷേധമാണ് എന്ന് ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ഏതെങ്കിലു മതത്തില്‍ വിശ്വസിക്കുന്ന ഇന്ത്യയിലെ ഭൂരിപക്ഷം ജനതയെയും അന്യവത്കരിക്കുകയും സംഭാഷണത്തിന്നു കൊള്ളാത്തവരായി പുറത്തു നിര്‍ത്തുകയുമാണ് ചെയ്യുന്നത് എന്ന് കാണേണ്ടതുണ്ട്.

ഈ രണ്ടു കൂട്ടര്‍ക്കും ഗാന്ധിയെപ്പോലെ ഒരു മഹാപുരുഷനെ മനസ്സിലാവുകയില്ല എന്നല്ല അംബേദ്‌കര്‍ എന്ത് കൊണ്ട് യുക്തിവാദി ആകുന്നതിനു പകരം ബുദ്ധമതം സ്വീകരിക്കുകയും അത് സ്വീകരിക്കാന്‍ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തു എന്നും അവര്‍ക്ക് മനസ്സിലാവില്ല.

എല്ലാ മതങ്ങളിലും ജീവിച്ചു എല്ലാം ഒരേ ലക്ഷ്യത്തിലേക്കുള്ള പല വഴികള്‍ മാത്രമാണ് എന്ന് പ്രസ്താവിച്ച ശ്രീരാമകൃഷ്ണന്റെയും, സര്‍വ്വമതങ്ങളുടെയും സാരം ഒന്നു തന്നെ എന്ന് ഗ്രഹിച്ച നാരായണഗുരുവിന്റെയും മതവിദ്വേഷത്തിനു പകരം മതസാഹോദര്യത്തില്‍ ഊന്നിയ തിരുമൂലരും ബസവണ്ണയും നാമദേവനും സലബേഗയും രഹീമും രസഖാനും കബീറും മുതല്‍ അമീര്‍ ഖുസ്രുവും ബുല്ലേ ഷായും ലാല്‍ ദെദ്ദും ഷാ അബ്ദുല്‍ ലത്തീഫും വരെയുള്ള ഭക്തി-സൂഫി കവികളുടെയും മാനുഷികമായ ആത്മീയതയും അവര്‍ക്ക് അന്യമാണ്, അത് തങ്ങളുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും അവര്‍ തന്ത്രപൂര്‍വ്വം മറച്ചു വെയ്ക്കുമെങ്കിലും.

ഒരു മതത്തോടുള്ള വിദ്വേഷവും എല്ലാ മതങ്ങളോടുമുള്ള വിദ്വേഷവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ മാത്രമാണ്. നാം ഒറ്റപ്പെടുത്തേണ്ടത് എല്ലാ മതങ്ങളിലുമുള്ള വിദ്വേഷപ്രചാരകരെയാണ്, സ്നേഹപ്രചാരകരായ വിശ്വാസികളെയല്ല.

ഈ സന്ദര്‍ഭത്തിലാണ് ഇസ്ലാമിന്റെ അഞ്ചു തൂണുകളില്‍ ഒന്നായി കരുതപ്പെടുന്ന റമദാന്റെ സന്ദേശം അത്യധികം പ്രസക്തമാകുന്നത്. പ്രവാചകന് പുണ്യഗ്രന്ഥത്തിന്റെ ആദ്യവെളിപാടുണ്ടായ, ഇസ്ലാമികകലണ്ടറിലെ ഒന്‍പതാം മാസത്തില്‍ ( ചൂടുകാലത്ത് വരുന്നത് കൊണ്ട് റമദാന്‍- അര്‍-റമദ് എന്നാല്‍ വരള്‍ച്ച, അത്യുഷ്ണം എന്നെല്ലാം അര്‍ത്ഥം) ഒരു മാസം നീണ്ടു നില്‍ക്കുന്ന സ്വയംശുദ്ധീകരണയജ്ഞമാണ് റമദാന്‍ എന്ന് നമുക്കറിയാം.

അതെ സമയം ഇബ്രാഹിമിന്റെ ശാസനങ്ങളും മോശയുടെ നിയമങ്ങള്‍ അഥവാ തോറാകളും ക്രിസ്ത്യന്‍വിശ്വാസികളുടെ സ്തോത്രങ്ങളും സുവിശേഷവുമായും ഈ മാസം ബന്ധപ്പെട്ടിരിക്കുന്നു. അങ്ങിനെ ഒരു ദീര്‍ഘമായ പ്രവാചകപാരമ്പര്യത്തെത്തന്നെ പുണ്യമാസമായ റമദാന്‍ പ്രതിനിധാനം ചെയ്യുന്നു.

റമദാനിന്റെ അവസാനത്തെ പത്തു ദിവസങ്ങളില്‍ ഒന്നാണ് ലായ്ലത്- അല്‍-ഖാദ്ര് ( ദിവ്യശക്തിയുടെ രാത്രി, അഥവാ പ്രവാചകന് വെളിപാടുണ്ടായ രാത്രി) ആയി എണ്ണപ്പെടുന്നത്. ഹിജറാ കഴിഞ്ഞു 18 മാസത്തിനു ശേഷമാണ്- പ്രവാചകനും അനുയായികളും മെക്കയില്‍ നിന്ന് മെദീനയില്‍ എത്തിയ ശേഷം- റമദാന്‍ ആചരണം ആരംഭിച്ചത് എന്ന് കരുതപ്പെടുന്നു.

ഈദ്- അല്‍- ഫിത്രില്‍ അവസാനിക്കുന്ന റമദാന്‍, ദൈവഭയം അഥവാ തഖ്‌വ നേടാനുള്ള പകല്‍നിരാഹാരത്തിന്റെ വ്രതമാസമാണ്. ശരീരത്തെ എന്ന പോലെ മനസ്സിനെയും ‘വിഷമുക്ത’മാക്കുന്ന ( ഡി- ടോക്സിഫൈ ചെയ്യുന്ന) സമയം. ധ്യാനം, ത്യാഗം, ദാനം, നിര്‍ഭാഗ്യവാന്മാരോടുള്ള അനുകമ്പ, ചുറ്റുമുള്ള സമുദായങ്ങളുമായുള്ള മൈത്രി ഇവയെല്ലാമാണ് സുഹൂറിന്നു ( സൂര്യോദയത്തിനു മുന്‍പുള്ള ഭക്ഷണം) ശേഷം ഇഫ്താര്‍ ( സൂര്യാസ്തമയത്തിനു ശേഷമുള്ളത്) മാത്രം അനുവദനീയമായ ഈ മാസത്തില്‍ ആഘോഷിക്കപ്പെടുന്ന മൂല്യങ്ങള്‍.

അങ്ങിനെ സ്നേഹം, ദയ, സഹിഷ്ണുത, ആത്മാന്വേഷണം തുടങ്ങി ഇസ്ലാം മുന്നോട്ടു വെയ്ക്കുന്ന – ഒരു പക്ഷെ എല്ലാ മതങ്ങളുടെയും സാരമായി കാണാവുന്ന- മഹാമൂല്യങ്ങളുടെ മുഴുവന്‍ സന്ദേശമാണ് റമദാന്‍ ഉള്‍ക്കൊള്ളുന്നത്.

മുന്‍പെന്നത്തേക്കാളും വിദ്വേഷം ഇന്ത്യന്‍ സമൂഹത്തില്‍ വിഷം പോലെ പടരുന്ന, അഥവാ ബോധപൂര്‍വ്വം സംക്രമണം ചെയ്യപ്പെടുന്ന, ഇക്കാലത്ത് അനിവാര്യമായ മാനുഷികമൂല്യങ്ങളെക്കുറിച്ചുള്ള ഒരു ഉണര്‍ത്തുചൊല്ലും, സ്വന്തം മാതൃകയിലൂടെയുള്ള മാര്‍ഗ്ഗനിനിര്‍ദ്ദേശവുമാണ് റമദാന്‍.

ഈ കാരുണ്യോത്സവത്തിനു എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News