ഗവര്‍ണര്‍ ആര്‍എസ്എസുകാരനായി പ്രവര്‍ത്തിക്കുന്നു; കര്‍ണാടകയില്‍ നടന്നത് ജനാധിപത്യക്കശാപ്പ്

കണ്ണൂര്‍: കര്‍ണാടക ഗവര്‍ണര്‍ ആര്‍എസ്എസുകാരനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏറ്റവും വലിയ ജനാധിപത്യക്കശാപ്പാണ് കര്‍ണാടകത്തില്‍ നടന്നത്. ആര്‍എസ്എസിന്റെ രാഷ്ട്രീയം തന്നെ കശാപ്പാണ്.

മനുഷ്യക്കശാപ്പില്‍നിന്നാണ് അവര്‍ തുടങ്ങിയതെങ്കില്‍ ഇപ്പോഴത് ജനാധിപത്യക്കശാപ്പിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നായനാര്‍ അക്കാദമി ഉദ്ഘാടനപരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കര്‍ണാടക സംഭവവികാസങ്ങളോടു പ്രകികരിക്കുകയായിരുന്നു കോടിയേരി.

സാധാരണഗതിയില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയോ കക്ഷികളോ മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചാല്‍ അവര്‍ക്കാണ് മന്ത്രിസഭ രൂപീകരിക്കാന്‍ ആദ്യ അവസരം കൊടുക്കേണ്ടത്.

നേരത്തെ ഗോവയിലും മണിപ്പൂരിലും മേഘാലയയിലും അവിടത്തെ നിയമസഭകളില്‍ ഏറ്റവും കൂടുതല്‍ അംഗബലമുണ്ടായിരുന്ന കോണ്‍ഗ്രസിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍മാര്‍ ക്ഷണിച്ചില്ല. അവിടെയൊക്കെ പറഞ്ഞ ന്യായം മറ്റു കക്ഷികള്‍ യോജിച്ചപ്പോള്‍ അവര്‍ക്കാണ് ഭൂരിപക്ഷമെന്നാണ്. മേഘാലയയില്‍ രണ്ടു ബിജെപിക്കാര്‍ മാത്രമേ ജയിച്ചുള്ളൂ.

എന്നിട്ടും മറ്റുള്ളവരെയെല്ലാംചേര്‍ത്ത് മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചു. അതില്‍നിന്നെല്ലാം വ്യത്യസ്തമായ നിലപാട് കര്‍ണാടകത്തില്‍ സ്വീകരിച്ചത് അവിടെ കോണ്‍ഗസും ജനതാദള്‍ എസ്സും േചര്‍ന്നപ്പോള്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നതുകൊണ്ടാണ്. അവര്‍ക്ക് 115 സീറ്റുണ്ട്. ഇപ്പുറത്ത് ബിജെപിക്ക് 104 മാത്രം.

ഈ സാഹചര്യത്തില്‍ ഒരുകാരണവശാലും ബിജെപി നേതാവിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ പാടില്ല. കുതിരക്കച്ചവടം നടത്തിയും എംഎല്‍എമാരെ ചാക്കിട്ടുപിടിച്ചും നിങ്ങള്‍ ഭൂപരിപക്ഷം ഉണ്ടാക്കിക്കൊള്ളൂ എന്ന നിര്‍ദ്ദേശമാണ് ഗവര്‍ണര്‍ നല്‍കിയിട്ടുള്ളത്. അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണിത്. നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തെ അപഹസിക്കലാണ്.

പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് കൊടുത്തിട്ടും ചര്‍ച്ച അനുവദിക്കാത്ത സ്ഥിതിയാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സാഹചര്യം. ഇങ്ങനെ രാജ്യത്തെ എല്ലാ ജനാധിപത്യസംവിധാനങ്ങളെയും തകര്‍ക്കുകയാണ് ബിജെപി സര്‍ക്കാര്‍.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകത്തില്‍ കണ്ടത്. ഇതിനെതിരെ ശക്തമായ ബഹുജനരോഷം ഉയര്‍ത്തിക്കൊണ്ടുവരണം. ജനാധിപത്യ സംരക്ഷണത്തിനായുള്ള ബഹുജനപ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരണം.

ഗവര്‍ണര്‍ പദവിയുടെ അന്തസ് കളഞ്ഞുകളിച്ച് അവരെ രാഷ്ട്രീയ ആവശ്യത്തിനായി ദുരുപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും പറയുന്നത് അതേപടി ഏറ്റുപാടുന്ന കൂട്ടിലടച്ച തത്തകളായി ഗവര്‍ണര്‍മാര്‍ മാറിയെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News