കര്‍ണാടകയില്‍ നാളെ നിര്‍ണായക ദിനം; വിശ്വാസ വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്; വോട്ടെടുപ്പിനെ എതിര്‍ത്ത് ബിജെപി; തയ്യാറെന്ന് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

കര്‍ണ്ണാടക നിയമസഭ രൂപീകരണത്തില്‍ സുപ്രീംകോടതിയില്‍ ബിജെപിയ്ക്ക് തിരിച്ചടി. നാളെ വൈകുന്നേരം നാല് മണിയ്ക്ക് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

വോട്ടെടുപ്പ് കഴിയുന്നത് വരെ നയപരമായ തീരുമാനങ്ങള്‍ എടുക്കരുതെന്ന് യെദൂരപ്പയോട് സുപ്രീംകോടതി.ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നിയമിക്കരുതെന്നും കോടതി.തിങ്കളാഴ്ച്ച വിശ്വാസവോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ നടത്തണമെന്ന ബിജെപി വാദം സുപ്രീംകോടതി തള്ളി.

യെദൂരപ്പ് സര്‍ക്കാരിന്റെ ഭാവി നിശ്ചയിക്കാന്‍ ഗവര്‍ണ്ണര്‍ വാജ്ഭായി വാല അനുവദിച്ച 15 ദിവസമെന്ന സമയപരിധി 24 മണിക്കൂറിലേയ്ക്ക് സുപ്രീംകോടതി വെട്ടിച്ചുരുക്കി. സുപ്രീംകോടതിയുടെ ആറാം നമ്പര്‍ മുറിയില്‍ ഒരു മണിക്കൂറിലേയ്ക്ക് നീണ്ട രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബിജെപിയ്ക്ക് ആശ്വസിക്കാനൊന്നുമില്ല. നാല് കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന ഉത്തരവ് ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ചു.

ഒന്ന്, നാളെ വൈകുന്നേരം നാല് മണിയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. രണ്ട്,രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തരുത്.മൂന്ന്, ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ യെദൂരപ്പ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യരുത്. നാല്, നയപരമായ തീരുമാനങ്ങള്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ യെദൂരപ്പ സര്‍ക്കാര്‍ കൈകൊള്ളരുതെന്നും വ്യക്തമാക്കി.

എല്ലാ എം.എല്‍.എമാരുടേയും സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച കോടതി പ്രോടൈ സ്പീക്കര്‍ക്ക് വോട്ടെടുപ്പ് നടത്താനുള്ള ചുമതലയും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്ങ്‌വ് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് പിന്തുണ നല്‍കുന്ന എം.എല്‍.എമാരുടെ കത്ത് കൈമാറി.

എന്നാല്‍ ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് ബിജെപി ഹാജരാക്കിയെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ എം.എല്‍.എമാരുടെ പേരോ, ഒപ്പോ കൈമാറിയില്ല. ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കുന്ന സഖ്യത്തെ വിട്ട് ഭൂരിപക്ഷം അവകാശപ്പെടുന്നവരെ എങ്ങെ ഗവര്‍ണ്ണര്‍ തിരഞ്ഞെടുത്തുവെന്ന് കോടതി ചോദിച്ചു.

അത് ഗവര്‍ണ്ണറുടെ വിവേചനാധികാരമാണെന്നും കോടതിയിലല്ല,സഭയില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്നും ബിജെപിയ്ക്ക് വേണ്ടി ഹാജരായ മുഗള്‍ റോഹ്ത്തഗി വാദിച്ചു.

നാളെ വോട്ടെടുപ്പ് നടത്താമെന്ന് കോടതി നിര്‍ദേശം എതിര്‍ത്ത ബിജെപി തിങ്കളാഴ്ച്ച് നടത്താമെന്ന് അറിയിച്ചെങ്കിലും ബഞ്ച് അംഗീകരിച്ചില്ല. ജെഡിഎസ്- കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കര്‍ണ്ണാടകയ്ക്ക് പുറത്താണ് എന്ന റോഹ്ത്തഗി പറഞ്ഞതിനേയും കോടതി കളിയാക്കി.

അവര്‍ ഇപ്പോള്‍ താമസിക്കുന്ന റിസോര്‍ട്ടിലെ മാനേജര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലെ തമാശ ജസ്റ്റിസ് എ.കെ.സിക്രി കോടതിയില്‍ എടുത്ത് പറഞ്ഞതും ശ്രദ്ധേയമായി.

എല്ലാം കണക്കിന്റെ കളികളാണ്.ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണ്ണറാണ്.അദേഹം തിരഞ്ഞെടുത്തവര്‍ ആദ്യം ഭൂരിപക്ഷം തെളിയിക്കട്ടെ.

അതിന് ശേഷം ഗവര്‍ണ്ണറുടെ നടപടിയില്‍ വിധി പറയാമെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here