യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായിരുന്ന ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. കാസര്‍കോഡ് സ്വദേശികളായ മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് ഹനീഫ എന്നിവര്‍ക്കാണ് കൊച്ചി സി ബി ഐ കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചത്. വര്‍ഗ്ഗീയ വിദ്വേഷമാണ് കൊലപാതകത്തിന് കാരണമെന്ന് കോടതി കണ്ടെത്തിയിരുന്നു.

2001 സെപ്തംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ബാലകൃഷ്ണന്‍ മുസ്ലീം യുവതിയായ റസിയയെ പ്രണയിച്ച് വിവാഹം ക‍ഴിച്ച് ഒരുമിച്ച് ജീവിച്ചതിലുള്ള വര്‍ഗ്ഗീയ വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വിവാഹം ക‍ഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ബാലകൃഷ്ണനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയി കുത്തിയ ശേഷം ചന്ദ്രഗിരിപ്പാലത്തിനടുത്ത് ഉപേക്ഷിച്ചു. കുത്തേറ്റ ബാലകൃഷ്ണന്‍ തൊട്ടടുത്ത പള്ളിക്കു സമീപമെത്തി അവിടെ വീണു മരിക്കുകയായിരുന്നു.

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും ആദ്യം കേസന്വേഷിച്ചു.പിന്നീട് ബാലകൃഷ്ണന്‍റെ അമ്മയുടെ ഹര്‍ജി പരിഗണിച്ചാണ് 2010ല്‍ ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.ഒന്നാം പ്രതി ഇക്ബാല്‍ വ്യാജ വിലാസത്തില്‍ ദുബായിലേക്ക് കടന്നിരുന്നുവെങ്കിലും ഇന്‍റര്‍ പോളിന്‍റെ സഹായത്തോടെ ഇയാളെ നാട്ടിലെത്തിച്ച് സി ബി ഐ അറസ്റ്റ് ചെയ്തിരുന്നു.

30 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.നടന്നത് ദുരഭിമാനക്കൊലയാണെന്ന് വിലയിരുത്തിയ കോടതി ഒന്നാം പ്രതി മുഹമ്മദ് ഇക്ബാല്‍ , രണ്ടാം പ്രതി മുഹമ്മദ് ഹനീഫ് എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ബാലകൃഷ്ണന്‍റെ ഭാര്യ റസിയയുടെ പിതാവ് അബൂബക്കര്‍ ഹാജിയെ സി ബി ഐ അഞ്ചാം പ്രതിയാക്കിയിരുന്നു. ബാലകൃഷ്ണനെ വധിക്കാന്‍ അബൂബക്കര്‍ ഹാജി ഒന്നും രണ്ടും പ്രതികളെ വിലക്കെടുത്തുവെന്നും മൂന്നും നാലും പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നുമായിരുന്നു സി ബി ഐയുടെ കണ്ടെത്തല്‍.ഇതിന് തെളിവില്ലാത്തതിനാല്‍ മൂന്ന് പേരെ കോടതി വെറുതെ വിടുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News