ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന സംശയത്തില്‍ പ്രവാസിയായ ഭര്‍ത്താവ് കിടപ്പുമുറിയിലെ വാട്ടര്‍ പ്യൂരിഫെയറില്‍ രഹസ്യക്യാമറ വച്ചു; വാട്ടര്‍ പ്യൂരിഫെയര്‍ വേലക്കാരിക്ക് കൊടുക്കാനായി പുറത്തെടുത്തപ്പോള്‍ ഭാര്യ അത് കണ്ടെത്തി; പിന്നീട് സംഭവിച്ചത് ഇതാണ്

ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന സംശയത്തില്‍ കിടപ്പുമുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ച ഭര്‍ത്താവിന് കിട്ടിയത് എട്ടിന്‍റെയല്ല പതിനാറിന്‍റെ പണി. ഭാര്യയെ സംശയിച്ച് ക്യാമറവെച്ച 46 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലാണ് സംഭവം.

21 വര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടപ്പിച്ച് പരസ്പരം അകന്നുകഴിയുന്നതിനിടെയാണ് 41 കാരിയായ ഭാര്യയെ രഹസ്യമായി നിരീക്ഷിക്കാന്‍ ഭര്‍ത്താവ് ഒളിക്യാമറ സ്ഥാപിച്ചത്.

ഐ.ടി കമ്പനിയിലെ ജീവനക്കാരിയാണ് കഴിഞ്ഞ ദിവസം പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജനുവരി 22നും 26നും ഇടയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് ഇവര്‍ പറയുന്നു. 1996 ഒക്ടോബറില്‍ വിവാഹിതരായ ഇവര്‍ക്ക് 12 വയസുള്ള മകനുണ്ട്.

വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുന്‍പേ ഭര്‍ത്താവ് വിദേശത്തേക്ക് പോയി. ഇടയ്ക്കിടെ മാത്രമായിരുന്നു നാട്ടില്‍ വന്നിരുന്നത്. പ്രവാസം അവസാനിപ്പിച്ച് തിരിച്ചുവന്ന നാള്‍ മുതല്‍ ഭാര്യയെ സംശയിച്ച് തുടങ്ങി. തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

എട്ട് മാസത്തോളം ഇരുവരും ഒരുമിച്ച് താമസിച്ചുവെങ്കിലും പ്രശ്നങ്ങള്‍ക്ക് അവസാനമുണ്ടായില്ല. ഇതോടെ ഇയാള്‍ ബംഗളുരുവില്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസം മാറ്റി. ഭാര്യ പൂനെയിലെ ഫ്ലാറ്റില്‍ തന്നെ തുടര്‍ന്നു.

മകനെ സന്ദര്‍ശിക്കാനായി എല്ലാ ആഴ്ചയും ഇയാള്‍ പൂനെയിലെത്തുമായിരുന്നു. ഇങ്ങനെ ഒരു തവണ ഫ്ലാറ്റിലെത്തിയപ്പോള്‍ വീട്ടിലെ വാട്ടര്‍ പ്യൂരിഫെയര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം ഇത് ബെഡ്റൂമില്‍ തിരികെ കൊണ്ടുവെച്ചു. നാളുകള്‍ക്ക് ശേഷം വീട് വൃത്തിയാക്കുന്ന വേളയില്‍, ഉപയോഗമില്ലാത്ത വാട്ടര്‍ പ്യൂരിഫെയര്‍ വേലക്കാരിക്ക് കൊടുക്കാനായി പുറത്തെടുത്തപ്പോഴാണ് അതിനുള്ളില്‍ ക്യാമറ ഘടിപ്പിച്ചിരുന്ന വിവരം ഭാര്യ അറിഞ്ഞത്.

മെമ്മറി കാര്‍ഡ് പുറത്തെടുത്ത് പരിശോധിച്ചപ്പോള്‍ തന്റെ മുറിയിലെ എല്ലാ നീക്കങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് മനസിലായി. മകന്‍ കൂടി അറിഞ്ഞുകൊണ്ടാണോ ഇത് ചെയ്തതെന്നറിയാന്‍ മകനോടും അന്വേഷിച്ചു. എന്നാല്‍ വാട്ടര്‍ പ്യൂരിഫെയറിന്റെ ചിത്രം എടുത്ത് തരാന്‍ ഇടയ്ക്കിടയ്ക്ക് അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്.

ഇതോടെ ഭര്‍ത്താവ് തന്നെയാണ് ക്യാമറ സ്ഥാപിച്ചതെന്ന് ഉറപ്പിച്ച ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പരാതി കിട്ടിയ ഉടനെ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ്, ഇന്ത്യന്‍ ശിക്ഷാ നിയമം 354 (സി) പ്രകാരം കേസെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News