കൂടുതല്‍ കരുത്തോടെ ജനകീയ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്; സര്‍വതല സ്പര്‍ശിയായ വികസന കാഴ്ചപ്പാടുമായാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി; നേട്ടങ്ങള്‍ എന്താണെന്ന് ജനം തിരിച്ചറിഞ്ഞു

കണ്ണൂര്‍: സര്‍വതല സ്പര്‍ശിയായ വികസന കാഴ്ചപ്പാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്താണെന്ന് രണ്ടു വര്‍ഷം കൊണ്ട് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷവും സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ജീര്‍ണമായ സംസ്‌കാരത്തില്‍ നിന്നും കേരളത്തിന്റെ ഉന്നതമായ സംസ്‌കാരം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിരാശയിലും അസംതൃപ്തിയിലും ആയിരുന്ന ജനങ്ങള്‍ക്ക് ഇവിടെ ചിലതെല്ലാം നടക്കും എന്ന കാര്യം ബോധ്യപ്പെട്ടു. അഴിമതിയുടെ നാട് എന്ന നിലയില്‍ നിന്നും രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി.

കാര്‍ഷിക വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. വ്യവസായത്തിലൂടെ മാത്രം വികസനം എന്നതല്ല ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കൊണ്ടുള്ള വികസനം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും എന്നാണ് ഈ ഘട്ടത്തില്‍ ഉറപ്പു നല്‍കാനുള്ളത്. കൂടുതല്‍ കരുത്തോടെയാണ് മൂന്നാം വര്‍ഷത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച മള്‍ട്ടി മീഡിയ ഷോ, ആശാ ശരത്തിന്റെ നൃത്തവതരണം, വിജയ് യേശുദാസ് നയിച്ച ഗാന മേള, പ്രസീത ചലക്കുടിയുടെ നാടന്‍ പാട്ടു തുടങ്ങിയ ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ കലാ പരിപാടികളും അരങ്ങേറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News