ബിജെപി ജനാധിപത്യത്തെ വിലക്കെടുക്കുന്നു; രാജ്യം പോകുന്നത് അപകടകരമായ സ്ഥിതിയിലേക്ക്: കോടിയേരി

കണ്ണൂര്‍: അപകടകരമായ സ്ഥിതിയിലേക്കാണ് രാജ്യം പോകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര ഭരണത്തെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യവും മതനിരപേക്ഷതയുമടക്കമുള്ള ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുകയാണ് ബിജെപിയും ആര്‍എസ്എസും.

അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കര്‍ണാടകത്തിലേതെന്നും കോടിയേരി പറഞ്ഞു. നായനാര്‍ ചരമദിനാചരണത്തിന്റെ ഭാഗമായി പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജനാധിപത്യം പ്രഹസനമാക്കുന്ന പാര്‍ടിയാണ് ബിജെപിയെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അനുഭവത്തില്‍കൂടി ബോധ്യപ്പെട്ടു. ഈ സന്ദര്‍ഭത്തിലാണ് സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രത്യേകത ജനങ്ങള്‍ തിരിച്ചറിയേണ്ടത്.

2011ല്‍ കേരളത്തില്‍ നിയമസഭാതെരഞ്ഞെടുപ്പു നടന്നപ്പോള്‍ എല്‍ഡിഎഫിന് 68ഉം യുഡിഎഫിന് 72ഉം സീറ്റാണ് ലഭിച്ചത്. മൂന്നു സീറ്റിന്റെ വ്യത്യാസം മാത്രം. അപ്പുറത്തു ജയിച്ചുവന്നവരില്‍ നാലുപേരെങ്കിലും ഇടതുപക്ഷവുമായി സഹകരിക്കാന്‍ തയ്യാറായിരുന്നു.

എന്നാല്‍ ഞങ്ങള്‍ ഒരു മുന്നണിയായാണ് മത്സരിച്ചതെന്നും ജനവിധി ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കണമെന്നാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട് മറ്റൊരു ജനവിധിയില്‍കൂടി മാത്രമേ ഇടതുപക്ഷം അധികാരത്തില്‍ വരികയുള്ളൂവെന്ന് പ്രഖ്യാപിക്കുകയായിരുന്നു സിപിഐ എം.

കുറുക്കുവഴിയില്‍കൂടിയും കാലുമാറ്റത്തിലൂടെയും കുതിരക്കച്ചവടത്തിലൂടെയും മന്ത്രിസഭയുണ്ടാക്കാന്‍ ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായിട്ടില്ല. ഇവിടെയാണ് മറ്റുപാര്‍ടികളില്‍നിന്ന് സിപിഐ എം വേറിട്ടുനിര്‍ക്കുന്നത്.

കര്‍ണാടകത്തില്‍ 117 എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും ജനതാദള്‍ എസ്കോണ്‍ഗ്രസ് സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചില്ല.

104 എംഎല്‍എമാരുള്ള കക്ഷിയുടെ നേതാവിനെയാണ് ക്ഷണിച്ചത്. ഇതാണ് ജനാധിപത്യമെങ്കില്‍ രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അവസ്ഥയെന്താകും? ഗോവയിലും മണിപ്പൂരിലും മേഘാലയയിലും ഇതേ നിലപാടാണ് അവിടത്തെ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബിജെപി സ്വീകരിച്ചത്.

എല്ലാ സംസ്ഥാനത്തും ഇതാണ് നടക്കാന്‍ പോകുന്നതെങ്കില്‍ തെരഞ്ഞെടുപ്പിന്റെ ആവശ്യമുണ്ടോ? രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിക്കുന്ന പാര്‍ടിയായി ബിജെപി മാറി. ഈ സാഹചര്യത്തില്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം രാജ്യത്തുടനീളം വളര്‍ന്നുവരണം. സിപിഐ എം അതില്‍ സജീവമായി പങ്കെടുക്കുമെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News