ബംഗളൂരു: മൂന്നാം തവണയും അധികാരത്തില്‍ അഞ്ച് വര്‍ഷം തികയ്ക്കാതെ ബിഎസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചു. വിശ്വാസവോട്ടെടുപ്പിന് പോലും നില്‍ക്കാതെയാണ് യെദ്യൂരപ്പ തന്റെ രാജിക്കത്ത് വാജുഭായി വാലയ്ക്ക് കൈമാറിയത്.

ഭൂരിപക്ഷം തെളിയിക്കാനുള്ള അവസാനവട്ട ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് യെദ്യൂരപ്പ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകാതെ രാജിവച്ചൊഴിഞ്ഞത്. മെയ് 15ന് കര്‍ണാടകയിലെ വോട്ടെണ്ണല്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മെയ് 17ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദിയൂരപ്പ പറഞ്ഞിരുന്നു.

എന്നാല്‍ മെയ് 19ന് രാജിവയ്‌ക്കേണ്ടി വരുമെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകില്ല. ഏറെ വികാരധീനനായാണ് യെദ്യൂരപ്പ വിധാന്‍സൗധയിലെ തന്റെ പ്രസംഗം നടത്തിയത്. മോദിയും അമിത്ഷായുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രസംഗത്തിലെ ഒരുഭാഗം.

ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാതിരുന്നിട്ടും മുഖ്യമന്ത്രി ചുമതല നല്‍കിയ മോദിക്കും അമിത് ഷായ്ക്കുമുള്ള പിന്നില്‍ നിന്നുള്ള കുത്തായി ആ വാക്കുകള്‍ മാറി. കര്‍ണാടകയ്ക്ക് സത്യസന്ധരായ രാഷ്ടീയ നേതാക്കളെയാണ് ആവശ്യമെന്നും
ഏറെ അഗ്‌നി പരീക്ഷകള്‍ നേരിട്ടാണ് ഇവിടെവരെയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ അവിശുദ്ധ സഖ്യമെന്ന് വിളിച്ച അദ്ദേഹം കര്‍ഷകര്‍ക്കൊപ്പമാണ് താനെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇത് മൂന്നാം തവണയാണ് മുഖ്യമന്തി സ്ഥാനത്ത് അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാകാതെ യെദ്യൂരപ്പ രാജിവയ്‌ക്കേണ്ടി വന്നത്. 2007ല്‍ 7 ദിവസമായിരുന്നു മുഖ്യമന്ത്രി കസേരയിലെ യെദ്യൂരപ്പയുടെ ആയുസ്സ്.

2008ല്‍ 39 മാസത്തോളം അധികാരത്തിലിരുന്ന ശേഷമാണ് രാജിവയ്‌ക്കേണ്ടിവന്നത്. മൂന്നാം അവസരത്തില്‍ 58 മണിക്കൂറായിരുന്നു മുഖ്യമന്ത്രി കസേരയിലെ യെദ്യൂരപ്പയുടെ സേവനം.

3 ദിവസം പോലും തികയ്ക്കാതെ അധികാരം വിട്ടൊഴിയുമ്പോള്‍ ഉത്തര്‍പ്രദേശിലെ ജഗദാംംപിക പാലിനെ പോലെ ഏറ്റവും കുറവ് സമയം മുഖ്യമന്ത്രി കസേരയിലിരുന്നയാള്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് യെദ്യൂരപ്പ പടിയിറങ്ങുന്നത്.

ചാക്കിട്ടുപിടുത്തത്തിനും അധികാര ദുര്‍വിനിയോഗത്തിനും ഇക്കുറി യെദ്യൂരപ്പയെ രക്ഷിക്കാനായില്ല. യെദിയൂരപ്പയുടെ രാജിയോടെ ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പ്രതീക്ഷയുടെ തുരുത്ത് കൂടിയാണ് മാഞ്ഞത്.