യെദ്യൂരപ്പയുടെ നാണംകെട്ട രാജിയിലേക്ക് നയിച്ചതില്‍ നിര്‍ണായകമായത് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍

ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്നുറപ്പായതോടെ നാണംകെട്ടുള്ള യെദ്യൂരപ്പയുടെ രാജിയിലേക്ക് നയിച്ചതില്‍ നിര്‍ണായകമായത് വെള്ളിയാഴ്ച സുപ്രീം കോടതി നടത്തിയ സുപ്രധാന ഇടപെടല്‍.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം സമയം നല്‍കുക വഴി ബിജെപിയുടെ കുതിരക്കച്ചവടത്തിന് അവസരമൊരുക്കിയ കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാലെയുടെ നടപടി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച വൈകിട്ട് നാലിന് തന്നെ നടത്താനും കോടതി ഉത്തരവിട്ടു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പക്ക് സ്ഥാനമേറ്റെടുത്ത് 55ാം മണിക്കൂറില്‍ രാജിവക്കേണ്ടി വന്നത്.

ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതടക്കമുള്ള പ്രധാന തീരുമാനങ്ങളെടുക്കുന്നതില്‍ നിന്നും യെദ്യൂരപ്പയെ സുപ്രീം കോടതി നേരത്തെ വിലക്കിയിരുന്നു. വിശ്വാസ വേട്ടെടുപ്പില്‍ രഹസ്യ ബാലറ്റിനായുള്ള ആവശ്യവും കോടതി തള്ളി. എംഎല്‍എമാരുടെ സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

സുപ്രീംകോടതിയിലെ ആറാം നമ്പര്‍ കോടതിയില്‍ വെള്ളിയാഴ്ച കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാലെയും ബിജെപിയും നാണംകെട്ടു. വസ്തുനിഷ്ഠമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാപരമായ ബാധ്യത നിറവേറ്റേണ്ട ഗവര്‍ണര്‍ ബിജെപിയുടെ ആജ്ഞാനുവര്‍ത്തിയായി മാറിയെന്ന് കോടതിയില്‍ വെളിപ്പെട്ടു.

ഗവര്‍ണറുടെ നടപടികളെ ന്യായീകരിക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും അഭിഭാഷകര്‍ക്ക് ജസ്റ്റിസ് എ കെ സിക്രിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി. എന്തിന്റെ അടിസ്ഥാനത്തിലാണ് യെദ്യൂരപ്പയെ ഗവര്‍ണര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ക്ഷണിച്ചതെന്ന് ജസ്റ്റിസ് എ കെ സിക്രി ആരാഞ്ഞപ്പോള്‍ യെദ്യൂരപ്പയ്ക്കു വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി വ്യക്തമായ മറുപടിയില്ലാതെ കുഴങ്ങി.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന സര്‍ക്കാരിയ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്ന റോഹ്തഗിയുടെ വാദം ആദ്യം തന്നെ കോടതി തള്ളി. ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയുന്നത് ആര്‍ക്കാണെന്ന് ഗവര്‍ണര്‍ വസ്തുനിഷ്ഠമായി വിലയിരുത്തണം.

117 പേര്‍ ഒപ്പിട്ട കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യത്തിന്റെ കത്ത് ഗവര്‍ണര്‍ക്കു ലഭിച്ചു. മറുവശത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് യെദ്യൂരപ്പയുടെയും കത്ത് ലഭിച്ചു. ഈ സാഹചര്യത്തില്‍ ഗവര്‍ണര്‍ എന്താണ് ചെയ്യേണ്ടത്? എന്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചത് ജസ്റ്റിസ് സിക്രി ആരാഞ്ഞു.

ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കണമെന്നതാണ് വ്യവസ്ഥയെന്ന് റോഹ്തഗി ആവര്‍ത്തിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിക്ക് കേവലഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണറുടെ നടപടി ശരിയാണെന്നും അല്ലാത്തപക്ഷം മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും ജസ്റ്റിസ് സിക്രി നിരീക്ഷിച്ചു.

104 പേരുടെ പിന്തുണ മാത്രമുള്ള ബിജെപിക്ക് ഭൂരിപക്ഷം എങ്ങനെ ലഭിക്കുമെന്ന് കോണ്‍ഗ്രസിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വിയും കപില്‍ സിബലും ചോദിച്ചു.

ഏഴു പേരെ അധികമായി ബിജെപിക്ക് എവിടെനിന്നു ലഭിക്കും? ഏറ്റവും വലിയ കക്ഷിക്ക് ഭൂരിപക്ഷമില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കിയവരെ ക്ഷണിക്കുകയാണ് ഗവര്‍ണര്‍ ചെയ്യേണ്ടിയിരുന്നത്. പകരം ഭൂരിപക്ഷം നിര്‍മിച്ചെടുക്കാന്‍ ഗവര്‍ണര്‍ അവസരം നല്‍കുകയാണ് സിങ്വി പറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം നല്‍കിയ ഗവര്‍ണറുടെ തീരുമാനത്തിലെ യുക്തിരാഹിത്യവും പക്ഷപാതവും കോടതിയില്‍ വെളിച്ചത്തുവന്നു. ഉന്നതമായ ഭരണഘടനാസ്ഥാനമാണ് ഗവര്‍ണറുടേതെന്നും അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ കോടതി ഉറപ്പായും പരിശോധിക്കുമെന്നും ജസ്റ്റിസ് സിക്രി പറഞ്ഞു.

ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ ദിവസം വേണമെന്ന് റോഹ്തഗി ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. വോട്ടെടുപ്പ് അടുത്ത തിങ്കളാഴ്ചയെങ്കിലുമാക്കണമെന്ന് ഒടുവില്‍ അപേക്ഷിച്ചെങ്കിലും ശനിയാഴ്ച തന്നെ വേണമെന്ന് കോടതി നിഷ്‌കര്‍ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News