ഇരുപതോളം മോഷണകേസിലെ പ്രതി തമിഴ്‌നാട് സ്വദേശി എഡ്വിന്‍ ജോസാണ് പൊലിസിന്റെ പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പെഴിയൂര്‍ പൊലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് പൊലീസ് വാഹനം കണ്ട് ബൈക്കു തിരിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ എഡ്വിന്‍ ജോസിനെ പിടികൂടുന്നത്.

തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍പെട്ട കാരക്കോണം, കുന്നത്തു കാല്‍, നെടിയാംകോട്, ധനുവച്ചപുരം, അമരവിള, കുളത്തൂര്‍, പൊഴിയൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നഗ്‌നനായി നടന്ന് 20ഓളം മോഷണം നടത്തിയത് ഇയാളാണെന്ന് സമ്മതിച്ചിട്ടുണ്ട്.

നഗ്‌നനായി നടന്ന് നിരവധി മോഷണം നടത്തി ആള്‍ക്കാരുടെ ഇടയില്‍ ഭയവും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത എഡ്വിന്‍ ജോസ്, തമിഴ്‌നാട് മങ്കാടു സ്വദേശിയാണ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

പൊഴിയൂര്‍ എസ്‌ഐ പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ഇതേ ടീം പിടികൂടിയിരുന്നു എന്നാല്‍ അന്ന് ഇയാള്‍ രക്ഷപെടുകയായിരുന്നു. നെയ്യാറ്റിന്‍കര dysp ഹരി കുമാറിന്റെ നേതൃത്വത്തില്‍ എഡ്വിന്‍ ജോസിനെ ചോദ്യം ചെയ്തു. തെളിവെടുപ്പ് നടത്തിവരുന്നു.