ദില്ലി: യെദ്യൂരപ്പ രാജിവച്ചതിന് പിന്നാലെ ബിജെപിക്കും മോദിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളേയും ബിജെപി അപമാനിച്ചെന്നും ജനാധിപത്യത്തെ വിലക്കെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ പ്രതികരിച്ചു.

രാജ്യത്തെ ജനങ്ങളേക്കാള്‍ വലുതല്ല പ്രധാനമന്ത്രിയെന്നും രാഹുല്‍ തുറന്നടിച്ചു.

ബിജെപി ദേശീയഗാനത്തെ അവഹേളിച്ചു. ദേശീയഗാനം തുടങ്ങിയപ്പോള്‍ സഭയില്‍ നിന്ന് പാര്‍ട്ടി എംഎല്‍എമാര്‍ ഇറങ്ങി പോകുകയാണ് ചെയ്തത്. ധാര്‍ഷ്ട്യത്തിന് അതിരുണ്ടെന്നും ഇതില്‍ നിന്നും പാഠം പഠിക്കണമെന്നും രാഹുല്‍ പറഞ്ഞു. നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ അഴിമതിമുക്തമാക്കുമെന്ന മോദിയുടെ പ്രചരണം ഏറ്റവും വലിയ കള്ളമാണെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷം ഒരുമിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.