ബംഗളൂരു: രണ്ടു ദിവസം മുഖ്യമന്ത്രിയായിരുന്നതിന് ശേഷം യെദ്യൂരപ്പ രാജിവെച്ചെങ്കിലും കര്‍ണാടക രാഷ്ട്രീയത്തിലെ അനിശ്ചതത്വങ്ങള്‍ തീരുന്നില്ല.

മൂന്നാം തവണ മുഖ്യമന്ത്രിയായി കുമാരസ്വാമി അധികാരത്തിലേറുമ്പോള്‍ ഏതുനിമിഷവും മറുകണ്ടം ചാടാനായി നില്‍ക്കുന്ന എംഎല്‍എമാര്‍ ആയിരിക്കും കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും തലവേദന.

പ്രത്യക്ഷത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ പുതിയ സര്‍ക്കാരിനെ അസ്തിരപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളായിരിക്കും 104 അംഗങ്ങളുള്ള ബിജെപിയും യെദ്യൂരപ്പയും നടത്തുക.

കോടികളും ഉന്നതപദവികളും വാഗ്ദാനം ചെയ്ത് എംഎല്‍എമാരെ കൂടെ കൂട്ടി വീണ്ടും ഭരണത്തില്‍ എത്താന്‍ ബിജെപി നേരത്തെ തന്നെ ശ്രമങ്ങള്‍ തുടങ്ങിയതാണ്.

കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നതില്‍ കോണ്‍ഗ്രസിനകത്തു തന്നെ പല എംഎല്‍എമാര്‍ക്കും അതൃപ്തി ഉണ്ട്. ഇതു മുതലെടുക്കാനും ബിജെപി ശ്രമിക്കും.

2006ല്‍ സമാന സാഹചര്യത്തില്‍ ബിജെപിയെ പിന്തുണച്ച് മുഖ്യമന്ത്രിയായ ചരിത്രവുമുണ്ട് കുമാരസ്വാമിക്കും ജെഡിഎസിനും.20മാസം നീണ്ട ആ ഭരണത്തിന്റെ അവസാനം കുറിച്ചത് ബിജെപിയുടെ ഓപ്പറേഷന്‍ താമരയിലൂടെയാണ്.

ലിംഗായത്ത് സമുദായത്തിന് കോണ്‍ഗ്രസിനോടുള്ള അതൃപ്തി മുതലെടുത്താണ് ആ മേഖലയില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചത്. ഈ സമുദായത്തില്‍പ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ രാജിവെപ്പിച്ച് ബിജെപി ക്യാംപില്‍ എത്തിക്കാനും ബിജെപി ശ്രമിച്ചേക്കും.

തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഖ്യമായതിനാല്‍ അതിനകത്തുള്ള എംഎല്‍എമാരെയുമെല്ലാം ഒരുമുപ്പിച്ച് കൊണ്ടുപോവുകയെന്നതും ഭീഷണികളെ അതിജീവിക്കുകയെന്നതും കോണ്‍ഗ്രസിനും ജെഡിഎസിനും വെല്ലുവിളിയാണ്.

ചുരുക്കി പറഞ്ഞാല്‍ സംഖ്യത്തിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങള്‍ പോലും സര്‍ക്കാരിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറും.

ഒരേസമയം സംഖ്യത്തിനകത്തുള്ള വിള്ളലുകളും ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിക്കാരന്‍ കൂടിയായ ഗവര്‍ണറുടെയും സമ്മര്‍ദ്ദങ്ങളുമാണ് കുമാരസ്വാമി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.